മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അനാഥരാകുന്ന കുട്ടികള്‍; യുക്രൈനിലെ യുദ്ധഭീകരത

തിരുവനന്തപുരം: യുദ്ധത്തെ തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്ന് അകലേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് ഡോക്ടര്‍ സന്തോഷ് കുമാര്‍. ഹോപ് എന്ന അന്താരാഷ്ട്ര എന്‍ജിഒയുടെ ഭാഗമായി യുദ്ധബാധിതമായ യുക്രൈനില്‍ സേവനം അനുഷ്ഠിക്കുന്നയാളാണ് സന്തോഷ് കുമാര്‍. മാതൃഭൂമി അക്ഷരോത്സവത്തില്‍ യുദ്ധമേഖലയിലൂടെ എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് തന്റെ യുക്രൈന്‍ സേവനാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.
യുദ്ധം മൂലം 18നും 60നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് രാജ്യം വിടാനുള്ള അനുവാദമില്ല. അതുകൊണ്ടുതന്നെ കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് പോളണ്ട്, ഹംഗറി, റൊമേനിയ തുടങ്ങി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുക്രൈനില്‍ നിന്നാല്‍ തൊഴില്‍ കിട്ടില്ല എന്നതിനാലാണ് പലായനം കൂടുതലും. അവരില്‍ ബിരുദമൊക്കെയുള്ള പ്രൊഫസര്‍മാര്‍ വരെ ഉണ്ടാകാം. പക്ഷെ ബാറുകളിലും റെസ്റ്റൊറന്റുകളിലും ഭക്ഷണം വിതരണം ചെയ്യാനും വ്യഭിചാരശാലകളിലുമൊക്കെയാണ് ഇവരില്‍ പലരും എത്തിപ്പെടുന്നത്്. ഇങ്ങനെ പോകുന്നവര്‍ക്ക് തങ്ങളുടെ കുട്ടികളെക്കൂടി കൊണ്ടുപോകാന്‍ സാധിച്ചേക്കില്ല. അങ്ങനെ അച്ഛന്‍ യുദ്ധക്കളത്തിലും അമ്മ അരികത്തില്ലാതെയും വരുന്ന അനാഥത്വമാണ് കുട്ടികള്‍ അവിടെ നേരിടുന്നതതെന്ന് ഡോക്ടര്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു.
യുദ്ധം അവരിലുണ്ടാക്കിയ മുറിവ് വളരെ വലുതാണ്. ഇങ്ങനെ അനാഥരാകുന്ന കുട്ടികള്‍ക്ക്് വേണ്ടി ഒരു ചിത്രരചന സംഘടിപ്പിച്ചിരുന്നു. അവരില്‍ ഒരുകുട്ടിപോലും പ്രകൃതി ദൃശ്യങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അവരെല്ലാം വരച്ചത് തോക്കും ബോംബും മിസൈലുമൊക്കെയാണ്. യുദ്ധം അവരുടെ ചിന്താഗതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് പ്രധാനം.
സാധാരണ ജീവിതത്തില്‍ ഒരാളെ കൊന്നാല്‍ കൊലയാളിയോട് സമൂഹത്തിന് ദേഷ്യവും വെറുപ്പുമൊക്കെ ഉണ്ടാകാം. പക്ഷെ യുദ്ധത്തില്‍ കൂടുതല്‍ ആളുകളെ കൊല്ലുന്നയാള്‍ക്ക് വീരപരിവേഷമാണ് ലഭിക്കുന്നത്. അതാണ് യുദ്ധത്തിന്റെ മാനസികശാസ്ത്രം. യുദ്ധത്തില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അതിന് കാരണമുണ്ട്. ഫെബ്രുവരി കഴിയുന്നതോടെ മഞ്ഞുകാലം കഴിയും. അപ്പോഴേക്കും വമ്പിച്ച പടയും ആയുധങ്ങളുമായി ആക്രമണത്തിന് റഷ്യ കോപ്പുകൂട്ടുകയാണ്. അതിന് ആക്രമണത്തിന് വരുമ്പോള്‍ പ്രത്യാക്രമണത്തിലൂടെ അധികം ആള്‍നാശമുണ്ടാകരുത്. അതിനാല്‍ റഷ്യ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ത്ത് നിരപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. യുക്രൈന്‍ സൈനികര്‍ ഒളിച്ചിരിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് റഷ്യ ചെയ്തുകൊണ്ടിരിക്കുന്നത്.- അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുത വിതരണ സംവിധാനം ഏതാണ്ട് പൂര്‍ണമായും തന്നെ റഷ്യ നശിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ കുടിവെള്ളമുള്‍പ്പെടെയുള്ള സേവനങ്ങള്‍ നിലയ്ക്കും. കുടിവെള്ളമില്ലാതെ വരുമ്പോള്‍ ജനങ്ങള്‍ കിട്ടിയിടത്തുനിന്ന് വെള്ളം കുടിക്കാനായി ശേഖരിക്കും. ഇതിലൂടെ കോളറ അടക്കമുള്ള രോഗങ്ങളാണ് പൊട്ടിപ്പുറപ്പെടുക. സാധാരണ ജലദോഷം വന്നാല്‍ പോലും ആളുകള്‍ മരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. ആശുപത്രികള്‍ തകര്‍ന്നതിനാല്‍ പ്രസവത്തെതുടര്‍ന്ന് സ്ത്രീകളും നവജാതശിശുക്കളും മരിക്കുന്നത് കൂടി, ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് ലഭിക്കാതെ ആളുകള്‍ മരിക്കുന്നു. യുദ്ധത്തില്‍ നേരിട്ട് പരിക്കേല്‍ക്കുന്നതിനേക്കാള്‍ ഇത്തരം കാരണങ്ങളാണ് മരണനിരക്ക് ഉയര്‍ത്തുന്നത്.
കൃത്യമായി ചൂടുകിട്ടുന്നതോ തണുപ്പില്‍ നിന്ന് സംരക്ഷണമോ ഇല്ലെങ്കില്‍ മരിച്ചുപോകുന്ന തരത്തിലുള്ള തണുപ്പാണ് ഇപ്പോളവിടെ. അങ്ങനെയുള്ള സ്ഥലത്താണ് വിദൂരമേഖലകളില്‍ ആളുകള്‍ യാതൊരു ആരോഗ്യരക്ഷാ സംവിധാനവുമില്ലാതെ കഴിയുന്നതെന്ന് നിങ്ങളോര്‍ക്കണം. ഇരുവശത്തുമായി നാല് ലക്ഷം പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടാകാം. യുദ്ധം ഇനിയും തടഞ്ഞില്ലെങ്കില്‍ വരുന്ന മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. യുക്രൈന്‍ മാത്രമല്ല ഇതിലൂടെ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളും പട്ടിണിയിലേക്ക് പോകും. ലോകത്തിനാവശ്യമായ ഗോതമ്പിന്റെ വലിയ ഉത്പാദകരാണ് യുക്രൈന്‍. ഇന്നത് മുഴുവന്‍ കൊണ്ടുപോകാനാകാതെ കെട്ടിക്കിടക്കുന്നു. മറുവശത്ത് വിതരണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ യുക്രൈനിലും ഭക്ഷ്യക്ഷാമം രൂക്ഷമാണ്.
ഇരുവശവും ക്ഷീണിക്കാതെ ഈ യുദ്ധം അവസാനിക്കില്ല. രണ്ടാം ലോകയുദ്ധം മുതല്‍ പോരാട്ടത്തിന്റെ ചരിത്രമുള്ള നാടാണ് യുക്രൈന്‍. സ്വാതന്ത്ര്യമെന്ന ബോധമുയര്‍ന്നതിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യത്തിനെതിരെ ആദ്യം പ്രതികരിച്ചത് പ്രാദേശികമായ ജനങ്ങളുടെ പോരാട്ടമായിരുന്നു. അതിനൊപ്പം സെലന്‍സ്‌കിയും നില്‍ക്കുന്നുവെന്ന് മാത്രം. യുദ്ധത്തിലൂടെ യൂറോപ്പ് ആകെ തകര്‍ന്നുതുടങ്ങിയിരിക്കുകയാണ്. ആയുധം കൊടുത്ത് അമേരിക്ക കുറച്ച് കാശുണ്ടാക്കിയെന്ന് മാത്രം. ലോകം മുഴുവന്‍ ഇതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
Content Highlights: dr santhoshkumar talks about ukraine war and doctors beyond borders