'എനിക്ക് കേരളം ഇഷ്ടമാണ്, ഇവിടെ ആരും പാകിസ്താനിലേക്ക് പോകാന്‍ പറയില്ല'

എണ്പതു കിലോ സ്വര്‍ണമടക്കം എട്ടുകോടി കവര്‍ന്ന കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് കൊളള മലയാളികളെ ഞെട്ടിച്ചത് 2007ലാണ്. ബാങ്കിന്റെ താഴത്തെ നില ഹോട്ടല്‍ നടത്താനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്തായിരുന്നു കൊളളസംഘത്തിന്റെ ആസൂത്രണം. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന വ്യാജേന ഷട്ടര്‍ താഴ്ത്തിയിട്ട് ബാങ്കിന്റെ സ്‌ട്രോങ്‌റൂമിന്റെ ചുമര്‍ തുരന്ന് സംഘം ബാങ്കിനകത്ത് പ്രവേശിക്കുകയും കൊളള നടത്തുകയും ചെയ്തു. ചേലേമ്പ്ര കേസ് അന്വേഷിച്ച പി. വിജയന്‍ ഐ.പി.എസിനെ കേന്ദ്ര കഥാപാത്രമാക്കി ബാങ്ക് കൊളളയുടെ പശ്ചാത്തലത്തില്‍ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ ഇന്ത്യന്‍ മണി ഹെയ്‌സ്റ്റിന് വന്‍സ്വീകാര്യതയാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. തന്റെ എഴുത്തുജീവിതത്തെ കുറിച്ചും കേരളത്തെ കുറിച്ചും സംസാരിക്കുകയാണ് അനിര്‍ബന്‍.
താങ്കളുടെ കരിയര്‍ ആരംഭിക്കുന്നത് ടെലിവിഷനിലാണ്. അഭിനേതാവ്, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍, വോയ്‌സ് ആക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചതിന് ശേഷമാണ് എഴുത്തിലേക്ക് വരുന്നത്
കുട്ടിക്കാലം മുതല്‍ എനിക്ക് എഴുതാന്‍ ഇഷ്ടമായിരുന്നു. 11 വയസ്സുളളപ്പോഴാണ് ഞാന്‍ ആദ്യം എഴുതുന്നത്. പക്ഷേ അന്നെഴുതിയത് കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം. ഞാന്‍ എല്ലായ്‌പ്പോഴും എഴുത്തുകാരനാകുന്നത് സ്വപ്‌നം കണ്ടിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ ജീവിതത്തിന് ഊന്നല്‍ കൊടുക്കേണ്ടി വരും. ജോലി, വിവാഹം, കുട്ടികള്‍ അങ്ങനെയങ്ങനെ. എഴുത്തെന്ന സ്വപ്‌നം കുറേക്കാലം എന്റെ മനസ്സിന്റെ ഒരു കോണിലിരുന്നു. 2019-ലാണ് സുഹൈല്‍ എന്ന വ്യക്തി എന്റെ സൗഹൃദവലയത്തിലേക്ക് വരുന്നത്. അദ്ദേഹത്തിന് ബേക്കര്‍ ബുക്കേഴ്‌സ് എന്ന ഒരു ലിറ്റററി ഏജന്‍സി ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു എഴുത്തുകാരന്‍ ആകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രസാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാമെന്ന്. അങ്ങനെയാണ് എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്, 'ദ ഡെഡ്‌ലി ഡസന്‍സ്'. അത് ഇന്ത്യയിലെ പരമ്പര കൊലയാളികളെ കുറിച്ചുളളതായിരുന്നു.
എഴുത്ത് എന്നുപറഞ്ഞാല്‍ ലഹരി പോലെയാണ്. തുടങ്ങിയാല്‍ നിർത്താനാവില്ല. മാരത്തോണിന് ഓടുന്ന പോലെയാണ്. മാരത്തോണിന് ഓടുന്നവരോട് നിങ്ങള്‍ എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചുനോക്കൂ. അവര്‍ക്ക് ഉത്തരമുണ്ടാകില്ല. അതിന് വിശദീകരണമില്ല. അതുപോലെയാണ് ഞാന്‍ എഴുത്തുതുടങ്ങിയത്. അഞ്ചുപുസ്തകങ്ങളില്‍ എത്തി.
സാവ്ധാന്‍ ഇന്ത്യ, ക്രൈം പട്രോള്‍ തുടങ്ങി ക്രൈം അടിസ്ഥാനമാക്കിയുളള ടെലിവിഷന്‍ പരിപാടികള്‍. ആദ്യ പുസ്തകം പരമ്പര കൊലയാളികളെ കുറിച്ച്..ഇന്ത്യന്‍ മണി ഹേയ്സ്റ്റ് ബാങ്കുകൊളളയെ കുറിച്ച്. എല്ലാം കുറ്റകൃത്യങ്ങളുമായി ബന്ധമുളളത്. ക്രൈമിലേക്ക് താങ്കളെ ഇത്രത്തോളം ആകര്‍ഷിക്കുന്നത് എന്താണ്?
എനിക്ക് ക്രിമിനല്‍സിനെ കുറിച്ച് എഴുതാന്‍ ഇഷ്ടമാണ്. കാരണം എനിക്ക് ക്രിമിനല്‍ മൈന്‍ഡ് ഉണ്ട് (ചിരിക്കുന്നു) അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നത് അവരുടെ തലയ്ക്കുളളിലേക്ക് കയറിയിട്ട് എന്തുകൊണ്ടാണ് അല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ കുറ്റകൃത്യത്തിലെത്തിയത് എന്നെല്ലാം ചിന്തിക്കുന്നത് എനിക്കിഷ്ടമാണ്. മനുഷ്യന്മാരെ പഠിക്കുന്നത് രസകരമായ സംഭവമല്ലേ. ഞാന്‍ വിശ്വസിക്കുന്നത്, പി.വിജയന്‍ ഐ.പി.എസ്. പറഞ്ഞതുപോലെ നമ്മുടെ എല്ലാവരുടെ ഉളളിലും ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്. നല്ല പൗരന്മാരും ക്രിമിനലുമാക്കി നമ്മളെ മാറ്റുന്നത് തീരുമാനമാണ്. മുന്നില്‍ തിരഞ്ഞെടുപ്പുകള്‍ക്കുളള അവസരങ്ങള്‍ ഉണ്ട്. നല്ല വഴി തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ തെറ്റിന്റെ വഴി തിരഞ്ഞെടുക്കാം. ഒരു ക്രിമിനലിനെ സൃഷ്ടിക്കുന്നത് എന്താണ് അതാണ് എന്നെ ആകൃഷ്ടനാക്കുന്നതും എന്നില്‍ താല്പര്യമുണര്‍ത്തുന്നതും.
കുറ്റവാളികളുമായി സമയം ചെലവഴിച്ചിട്ടിട്ടുണ്ടോ?
ഉണ്ട്, ഞാന്‍ ഒരു ക്രിമിനല്‍ അല്ലേ. നമ്മളെല്ലാവരും ക്രിമിനല്‍സ് അല്ലേ. നമ്മള്‍ ചോക്ലേറ്റ് മോഷ്ടിച്ചിട്ടില്ലേ കൂട്ടുകാരുടെ കൈയില്‍ നിന്ന്. മായ്ക്കുന്ന റബ്ബര്‍ മോഷ്ടിച്ചിട്ടില്ലേ. സാവ്ധാന്‍ ഇന്ത്യക്ക് വേണ്ടി യഥാര്‍ഥ കുറ്റവാളികളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവര്‍ ക്രിമിനല്‍ ആയത് എന്നുമനസ്സിലാക്കുന്നതിന് വേണ്ടി. പോലീസിനെ കണ്ട്, ഇരകളുടെ കുടുംബാംഗങ്ങളെ കണ്ട് ഒരുപാട് ഗവേഷണം ഈ മേഖലയില്‍ ഞാന്‍ നടത്തിയിട്ടുണ്ട്.
ചേലേമ്പ്ര ബാങ്ക് കൊളള അടിസ്ഥാനമാക്കി ഇന്ത്യന്‍ മണി ഹെയ്‌സറ്റ് എന്ന നോവല്‍.. അങ്ങനെയൊരു ചിന്തയിലെത്തുന്നത് എങ്ങനെയാണ്?
പുസ്തകമെഴുതുമ്പോള്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. ക്രിമിനല്‍ മിടുക്കന്‍ ആണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മിടുമിടുക്കന്മാര്‍ ആണ്. ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട് . 'കാനൂന്‍ കാ ഹാഥ് ലംബേ ഹേ' എന്ന്. അതായത് നിയമത്തിന്റെ കൈകള്‍ക്ക് നീളം കൂടതലാണ് അത് നിങ്ങളെ തേടി പിടികൂടും. അതുകൊണ്ട് രക്ഷപ്പെടാം എന്ന ചിന്ത വേണ്ട. കേരള പോലീസിനും വളരെ നീളമുളള കൈകളാണ്. അതുകൊണ്ടാണ് അവര്‍ ബാബുവിനെ പിടിച്ചത്.
എത്രത്തോളം രസകരമായിരുന്നു എഴുത്ത്. ഒരുപാട് ഗൃഹപാഠം വേണ്ടി ചെയ്തിരുന്നോ?
പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ എനിക്ക് ലഭിച്ചു. പോലീസ് റെക്കോഡ്‌സ് ലഭിച്ചു. അന്വേഷണം നടത്തിയ സംഘത്തിലെ ഓരോ പോലീസ് ഉദ്യോഗസ്ഥരെയും ഞാന്‍ അഭിമുഖം ചെയ്തു. നിയമവശങ്ങള്‍ പഠിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്തതായിരുന്നു ഏറ്റവും രസകരം. അവര്‍ യഥാര്‍ഥ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. അവരുടെ വികാര-വിചാരങ്ങളും ഈ പുസ്തകത്തില്‍ വന്നിട്ടുണ്ട്. പോലീസുകാരെ മനുഷ്യരായി ചിത്രീകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവരും നിരാശരാകുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. അവര്‍ യന്ത്രങ്ങളൊന്നുമല്ലല്ലോ. ഭാര്യമാര്‍ പത്തുദിവസമായിട്ടും വീട്ടിലെത്താതിന് വഴക്കിടുന്നതും മറ്റും അവര്‍ പങ്കുവെച്ചു. അതെല്ലാം എഴുത്തില്‍ എന്നെ സഹായിച്ചു. ഇന്ത്യന്‍ മണി ഹേയ്‌സ്റ്റ് മലയാളത്തില്‍ താമസിയാതെ വരും. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആണ് പ്രസാധകര്‍. മലയാളികളല്ലേ യഥാര്‍ഥത്തില്‍ അത് വായിക്കേണ്ടത്.
ഇന്ത്യന്‍ മണി ഹെയ്‌സ്റ്റില്‍ മലയാളം വാചകങ്ങള്‍ ഉണ്ടല്ലോ? മലയാളം പഠിച്ചോ?
മാധ്യമപ്രവര്‍ത്തകനായ ആനന്ദ് ഹരിദാസ്, സെയ്ഫ് ..അവരാണ് മലയാളത്തിനായി എന്നെ സഹായിച്ചത്. ഞാന്‍ അവരോട് പറയും മലയാളത്തതില്‍ എനിക്ക് ഇത് വേണം. മലയാളം ചൊല്ലുകള്‍ വേണം. അവര്‍ എന്നെ സഹായിച്ചു. മലയാളം പഞ്ച് ഡയലോഗുകള്‍ മനസ്സിലാക്കുന്നതിനായി മലയാളം സിനിമകള്‍ ഞാന്‍ കണ്ടിരുന്നു.
കേരളത്തിലെ ജനങ്ങള്‍ സംസാരിക്കുമ്പോള്‍ ഒരുപാട് ഇമേജറികള്‍ ഉപയോഗിക്കും. മലയാളം അത്ര ലളിതമായല്ല അവര്‍ സംസാരിക്കുന്നത്. എല്ലാത്തിനും ഉദാഹരണങ്ങള്‍ നല്കും. എന്റെ പ്രധാന കഥാപാത്രങ്ങള്‍ വിജയന്‍ സാറും ബാബുവും ആയിരുന്നു അവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നവരാണ്. യഥാര്‍ഥ കേരളത്തെ പുസ്തകത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ മാക്‌സിമം ശ്രമിച്ചിട്ടുണ്ട്.
ചേലേമ്പ്രയുടെ ഭൂമിശാസ്ത്രം എഴുത്തില്‍ നിര്‍ണായകമായിരുന്നില്ലേ. ചേലേമ്പ്രയില്‍ പോയിരുന്നോ?
പ്രദേശങ്ങള്‍ കൃത്യമായി പഠിച്ചു. കോവിഡ് കാരണം എനിക്ക് ചേലേമ്പ്രയിലേക്ക് പോകാനായില്ല. പക്ഷേ ബാങ്ക് കെട്ടിടത്തിന്റെ രൂപകല്പന, ഫോട്ടോഗ്രാഫുകള്‍ എല്ലാം ഞാന്‍ പഠിച്ചു. ബാങ്ക് കെട്ടിടത്തിന് സമീപം താമസിക്കുന്നവരോട് സംസാരിച്ചു.
കേരളത്തില്‍ താങ്കളെ ഏറ്റവും ആകൃഷ്ടനാക്കിയത് എന്താണ്?
കേരളവുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് ആശ്ചര്യം നല്‍കുന്നതാണ്. എനിക്ക് കേരളത്തോട് ഭയങ്കര സ്‌നേഹമാണ്. ഏറ്റവും കൂടുതല്‍ സാക്ഷരത ഉളള സംസ്ഥാനമാണ്. വഴിയരികില്‍ കാണുന്ന ആരോട് സംസാരിച്ചാലും ജീവിതത്തെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും സംഗീതത്തെകുറിച്ചും കലയെ കുറിച്ചുമെല്ലാം അവര്‍ക്ക് കാഴ്ചപ്പാടുകള്‍ ഉണ്ടാകും. അവര്‍ക്ക് എല്ലാമറിയാം. അത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. മറ്റൊന്ന് കേരളത്തില്‍ ആശങ്കകളില്ലാതെ എനിക്ക് ഇഷടമുളളത് ധരിക്കാം, കഴിക്കാം, രാഷ്ട്രീയം പറയാം. ആരും ഇവിടെ പാകിസ്താനിലേക്ക് പോകാന്‍ പറയില്ല. ഇവിടുത്തെ സെക്യുലര്‍ കള്‍ച്ചര്‍ ഇഷ്ടമാണ്. അത് നിങ്ങള്‍ കാത്തുസൂക്ഷിക്കണം.
സംഗീതവും സാഹിത്യവും മലയാളികളും ബംഗാളികളും ഒരുപോലെ ആസ്വദിക്കുന്നതാണ്..
മീനും. വി ലവ് അവര്‍ 'മീന്‍'.. അല്ലേ? കേരളത്തിലെയും ബംഗാളിലെയും ഭക്ഷണസംസ്‌കാരം ഏകദേശം ഒരുപോലെയാണ്. രണ്ടുകൂട്ടരും തീരപ്രദേശക്കാരാണ്. സാഹിത്യവും സംഗീതവും ഒരുപോലെ ഇഷ്ടമാണ്. കുട്ടിക്കാലത്തെ ക്ലാസിക്കല്‍ സംഗീതമെല്ലാം ബംഗാളില്‍ പഠിപ്പിക്കും. ഇവിടെയുമതേ.
നമ്മുടെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതെല്ലാം ജനങ്ങള്‍ക്ക് നടപ്പാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നാം നല്ല കൈകളിലാണെന്ന് സമാധാനിക്കാം. എന്നാല്‍ ജനാധിപത്യം നിരാകരിക്കപ്പെടുകയാണെങ്കില്‍ അത് ഡോക്യുമെന്ററി നിരോധിക്കുന്നതോ, ജനങ്ങള്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്നുളളതൊക്കെ തകര്‍ക്കപ്പെടുകയാണെങ്കില്‍ നമ്മള്‍ പ്രശ്‌നത്തിലാണ്. അതല്ല നമ്മുടെ ഭരണഘടന ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം, അഭിപ്രായങ്ങള്‍ തുറന്നുപറയാനുളള സ്വാതന്ത്ര്യവും നമുക്ക് വേണം.
Content Highlights: Anirban Bhattacharyya, Indian Money Heist author Interview