മാധ്യമപ്രവര്‍ത്തകരല്ല, മുതലാളിമാരാണ് ധീരരാവേണ്ടത്-അഭിനന്ദന്‍ സേഖ്രി

മാധ്യമപ്രവര്‍ത്തകരല്ല മാധ്യമ മുതലാളിമാരാണ് ധീരരാവേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകനും ന്യൂസ് ലോണ്‍ട്രി സഹസ്ഥാപകനുമായ അഭിനന്ദന്‍ സേഖ്രി. ധീരമായ മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തങ്ങള്‍ നേരിട്ട ഇന്‍കംടാക്‌സ് റെയ്ഡുകളെയും പോലീസ് ഉപദ്രവങ്ങളെ കുറിച്ചും സേഖ്രി സംസാരിച്ചു. പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ആദ്യ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമാണ് ന്യൂസ് ലോണ്‍ട്രി. കടുത്ത മാധ്യമ വിമര്‍ശനം നടത്തിയതിന് ടൈംസ് പോലുള്ള മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള മാനനഷ്ടക്കേസിനെ ധീരതയോടെയാണ് ഇവര്‍ നേരിട്ടത്.
ഇന്‍കം ടാക്‌സ് വകുപ്പെന്നത് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഒരു ടൂള്‍ ആയി ഉപയോഗിക്കപ്പെടുന്ന ഒരു കാലം കൂടിയാണല്ലോ ഇത്. അനുഭവങ്ങളില്‍ നിന്ന് താങ്കള്‍ക്കും അത് വ്യക്തമാണ്. റെയ്ഡുകളും സമ്മര്‍ദങ്ങളും ഒഴിവാക്കാനായി പരിക്കുകളില്ലാത്ത ജേണലിസം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. നിലവില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ മാധ്യമങ്ങള്‍ക്ക് മേലുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
=അടിയന്തരാവസ്ഥ എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കാനുള്ള ഒരേയൊരു കാരണമേയുള്ളൂ. അങ്ങനെയൊന്നില്ല എന്ന് ജനം വിശ്വസിപ്പിക്കപ്പെടാനുള്ള പരിതസ്ഥിതികളാണുള്ളത്. അതിനാല്‍ തന്നെ ആ വാദം ജനം തള്ളിക്കളയും. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ആയുധമാക്കി മാധ്യമങ്ങളെ അമര്‍ച്ച ചെയ്യുന്ന പ്രവണത ഇന്ത്യയില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത വിധമാണ് ഇന്ന് നടക്കുന്നത്. ആത്മാഭിമാനമുള്ള ഏത് ജനാധിപത്യ രാജ്യത്തിനും നാണക്കേടാണിത്. 1990 മുതല്‍ മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്, ജനാധിപത്യവും ജനാധിപത്യമൂല്യങ്ങളും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ കാര്യത്തില്‍ ഇന്‍കം ടാക്‌സ് മാത്രമല്ല പോലീസ് വകുപ്പിനെയും മാധ്യമങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നുണ്ട്. ജന്ദര്‍മന്ദിറില്‍ മുസ്ലിങ്ങള്‍ക്കെതിരേ അംഗീകരിക്കാനാവാത്ത ചില പ്രതിഷേധങ്ങള്‍ നടന്നത് ഞങ്ങളുടെ കാമറയില്‍ പതിഞ്ഞിരുന്നു. ആ വീഡിയോ കണ്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അതും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അവര്‍ ചെയ്തത്. തെളിവെന്ന് പറഞ്ഞ് ഞങ്ങളുടെ ഫോണ്‍ എടുത്ത് കൊണ്ടുപോയി. ഞങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. മിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും മാധ്യമങ്ങള്‍ക്കെതിരായി ഉപയോഗിക്കുകയാണ്. പേടിക്കാത്തതിനാല്‍ ഞങ്ങളുടെ സമീപനങ്ങളില്‍ മാറ്റമുണ്ടായില്ല. പക്ഷെ ചിലരെങ്കിലും പേടിക്കാതിരിക്കില്ലല്ലോ.
നിരന്തരമുള്ള ബുദ്ധിമുട്ടിക്കലുകള്‍ മടുപ്പുണ്ടാക്കില്ലേ. ഈ പണി വേണ്ടായിരുന്നു എന്ന് തോന്നിക്കില്ലേ.?
=അസ്വസ്ഥരാവും പക്ഷെ മടുപ്പുണ്ടാവവരുത്. അങ്ങനെ സംഭവിക്കുമ്പോഴാണ് പലപ്പോഴും ജേണലിസം ഇല്ലാതാവുന്നത്. ഇന്ന് ജേണലിസത്തേക്കാള്‍ കൂടുതല്‍ സംഭവിക്കുന്നത് ജേണലിസത്തിന് ഉപരിയായുള്ള ഗുസ്തിയാണ്. നമ്മള്‍ ജേണലിസം മെച്ചപ്പെടുത്താനാണ് നമ്മളുടെ സമയവും റിസോഴ്സുകളും ഉപയോഗിക്കേണ്ടത് പക്ഷെ അത് മറ്റ് പല ഗുസ്തികള്‍ക്കും വേണ്ടി ചെലവഴിക്കപ്പെടുകയാണ്.
ഇന്‍കംടാക്‌സ് റെയ്ഡിന്റെ സമയത്ത് താങ്കളുടെ മൊബൈലിലെയും ലാപ്‌ടോപ്പിലെയും സ്വകാര്യ ഡാറ്റകള്‍ വരെ അവര്‍ ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുപോയിരുന്നല്ലോ. സ്വകാര്യതയുടെ മേലുള്ള മൗലികാവകാശലംഘനമാണല്ലോ സംഭവിച്ചത്. അതിനെതിരേ കേസ് കൊടുത്തിരുന്നോ?
= കേസ് കൊടുത്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്. അതിലെ ഏതെങ്കിലും ഡാറ്റ ലീക്ക് ചെയ്യപ്പെടുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ അതിന് ഉത്തരവാദികളാവുമെന്നും കോടതി പറഞ്ഞു.
ധീരമായ ജേണലിസം ചെയ്യുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയുള്ള കോളുകള്‍ ലഭിക്കാറുണ്ടോ?
=രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ ഭീഷണികള്‍ ലഭിച്ചിട്ടില്ല. സബ്‌സ്‌ക്രിപ്ഷന്‍ കളയുമെന്നെല്ലാം പറഞ്ഞ് വിളി വരാറുണ്ട്. പക്ഷെ അവഗണിക്കുകയാണ് ചെയ്യാറ്. അത്തരം ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി മുന്നോട്ടു പോവുകയാണെങ്കില്‍ നാമെവിടെയും എത്തില്ല. ചില സിനിമകള്‍ക്കെതിരേ റിവ്യൂ നല്‍കുമ്പോള്‍ ആരാധകക്കൂട്ടം വിളിച്ച് ഇനി നിങ്ങളുടേത് സബ്‌സ്‌ക്രൈബ് ചെയ്യില്ല എന്ന് പറഞ്ഞുള്ള വിളികള്‍ വരാറുണ്ട്. പക്ഷെ നല്ല ജേണലിസം നമ്മള്‍ ധീരതയോടെ തുടരുകയാണെങ്കില്‍ ഈ നഷ്ടപ്പെടുന്ന സബ്‌സ്‌ക്രൈബേഴ്‌സ് തിരിച്ചു വരും. ചെയ്യുന്നത് ഇനിയും തുടരുക. ഏതെങ്കിലും ഗ്രൂപ്പുകള്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്തോ എങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവും.
ബാലന്‍സഡ് ജേണലിസം എന്ന വാക്കിനെ എങ്ങനെയാണ് താങ്കള്‍ നിര്‍വചിക്കുന്നത്. പല രീതിയില്‍ മാനിപ്പുലേറ്റ് ചെയ്യപ്പെട്ട വാക്കാണല്ലോ അത്?
= ആ വാക്കിനോട് എനിക്ക് വലിയ പ്രതിപത്തി ഇല്ല. വസ്തുനിഷ്ഠമാവണം എന്നതാണ് ജേണലിസത്തില്‍ ഏറ്റവും പ്രധാനം. ഒരു പാര്‍ട്ടിയെ വിമര്‍ശിച്ച് എഴുതിയത് കൊണ്ട് അത് ബാലന്‍സ് ചെയ്യാന്‍ മറ്റ് രണ്ട് പാര്‍ട്ടികളെയും വിമര്‍ശിക്കണമെന്ന തരത്തിലുള്ള ജേണലിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പവര്‍ ഡൈനാമിക്‌സ് ആണ് അവിടെ നിലനില്‍ക്കുന്നത്.
മറുവാദം കൊടുക്കണമെന്നുണ്ടല്ലോ ജേണലിസത്തില്‍. അതെല്ലാ ഘട്ടത്തിലും വേണമെന്നുണ്ടോ..?
=മറുവശം കൊടുത്താല്‍ നിങ്ങളുടെ സ്‌റ്റോറി കില്‍ ചെയ്യപ്പെട്ടേക്കാം പ്രസക്തി നഷ്ടപ്പെട്ടേക്കാം എന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ മാത്രമേ അത് ഒഴിവാക്കേണ്ടതുള്ളൂ. ശക്തനായ ഒരു ലഹരി മാഫിയക്കെതിരേ മാസങ്ങള്‍ നീണ്ട പ്രയത്‌നത്തില്‍ ഞാന്‍ ഒരു സ്‌റ്റോറി ചെയ്തുവെന്ന് കരുതുക. അത്രക്കധികം തെളിവുകള്‍ എന്റെ പക്കലുണ്ടെങ്കില്‍ ഉറച്ച ബോധ്യവുമുണ്ടെങ്കില്‍ ഒരു ഇമെയില്‍ അയച്ച് അയാളുടെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കേണ്ടതില്ല. കാരണം അതിനുവേണ്ടി കാത്തിരിക്കുന്ന സമയത്ത്് ആ സ്‌റ്റോറി കില്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മറുവാദം നല്‍കാന്‍ നാം മുതിരേണ്ടതില്ല. പക്ഷെ അത്യപൂര്‍വം കേസുകളില്‍ മാത്രമേ മറുവശത്തെ പ്രതികരണമില്ലാതെ പോവേണ്ട അവസ്ഥ ജേണലിസത്തില്‍ സംഭവിക്കാറുള്ളൂ.
വിവരങ്ങള്‍ നല്‍കാനായി ഇന്ന് ഒട്ടനവധി ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. മുഖ്യധാരയെ മാത്രം ആശ്രയിക്കേണ്ട ആവശ്യമില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ ദീര്‍ഘകാല നിലനില്‍പിന് ആവശ്യം ധീരമായ ജേണലിസമാണോ ദര്‍ശനമുള്ള കാഴ്ച്ചപ്പാടുള്ള റിപ്പോര്‍ട്ടുകളാണോ.?
=രണ്ടും ആവശ്യമാണ് പക്ഷെ ഏറ്റവും പ്രധാനം വസ്തുനിഷ്ഠമായ ഫസ്റ്റ് ഹാന്‍ഡ് പ്രൈമറി റിപ്പോര്‍ട്ടിങ്ങാണ്. ബാക്കിയെല്ലാം പുറകെ വരും.
നിലവിലെ എന്‍ഡിടിവിയുടെ അവസ്ഥയും മറ്റും പരിഗണിച്ച് പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെയും മേഖലയെയും സര്‍ക്കാരാണോ ഭരിക്കുന്നത് അതോ കോര്‍പറേറ്റുകളോ?
=അവര്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നുള്ളത് കൊണ്ട് തന്നെ രണ്ടും കലര്‍ന്ന സമ്മര്‍ദമാണ് മാധ്യമങ്ങള്‍ക്കുമേല്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാരണം ഇരുവര്‍ക്കും സൗകര്യപ്രദമായി വാഴണമെങ്കില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാവണം. അവരുടേത് സൗഖ്യമാര്‍ന്ന ബന്ധമാണ്.
നമ്മുടെ മാധ്യമസ്വാതന്ത്ര്യം എങ്ങോട്ട് എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടാറുണ്ടോ.?
= ഒരിക്കലുമില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്.
മാധ്യമപ്രവര്‍ത്തകനായിരുന്നിടത്ത് നിന്നാണ് ഇന്ന് ന്യൂസ് ലോണ്‍ട്രി എന്ന മാധ്യമസ്ഥാപനത്തിന്റെ സിഇഒ ആയുള്ള ചുവടുമാറ്റം വരുന്നത്. റോള്‍ മാറിയതിനനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തോടുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
= എന്റെ കാഴ്ച്ചപ്പാടുകള്‍ മാറിയിട്ടുണ്ട്. പക്ഷെ ജേണലിസത്തോടുള്ള സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പഴയപോലെ തെറ്റുകള്‍ പറ്റുക എന്നത് ഇനി എനിക്കത്ര നിസ്സാരമായി കാണാനാവില്ല. കാരണം അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കഠിനമാണ്.
ദേശഭക്തി ദേശവിരുദ്ധത എന്നീ വാക്കുകള്‍ ധീരമായ മാധ്യമപ്രവര്‍ത്തകരെ തടയുന്നതായി തോന്നുന്നില്ലേ.. ജേണലിസത്തില്‍ നിന്ന് ധൈര്യം എന്ന ഘടകം ചോരുന്നതായി തോന്നുന്നുണ്ടോ?
= എന്റെ കാഴ്ച്ചപ്പാടനുസരിച്ച് മാധ്യമപ്രവര്‍ത്തകരല്ല മാധ്യമ മുതലാളിമാരാണ് ധീരരാവേണ്ടത്. മാധ്യമ മുതലാളിമാര്‍ ചെയ്യുന്നതാണ് അവരും ചെയ്യുക. അവര്‍ക്ക് ധീരരാവാന്‍ മാധ്യമമുതലാളിമാര്‍ ധീരരായാല്‍ മതി. ദേശീയ തലത്തില്‍ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ക്ക്് സാമ്പത്തിക സമ്മര്‍ദങ്ങള്‍ ബാധ്യതയാണ്. ചെറിയ മാധ്യമങ്ങളാണ് ഇപ്പോള്‍ ധീരതയോടെ മാധ്യമപ്രവര്‍ത്തനം ചെയ്യുന്നത്. അത്തരം മാധ്യമസ്ഥാപനങ്ങള്‍ കുറഞ്ഞ എണ്ണത്തിലേ കാണാന്‍ കഴിയുകയുള്ളൂ എങ്കിലും ഉള്ളവരത്രയും ധീരരാണ്.
Content Highlights: Abhinandan Sekhri bjp modipolitics