സ്പീക്ക് ഫോര്‍ ഇന്ത്യ ഗ്രാന്‍ഡ് ഫൈനല്‍ ഇന്ന്;അതിഥികളായി ബേസില്‍ജോസഫും ജസ്റ്റിസ് ദേവന് രാമചന്ദ്രനും

കൊച്ചി: വാദവും പ്രതിവാദവും അഗ്നിപോലെ പടരുന്ന അരങ്ങൊരുങ്ങി. ചിന്തകളും ആശയങ്ങളും വാക്കുകളിൽ കോർത്ത് ആവേശപ്പോരാട്ടത്തിന് യുവത ഒരുങ്ങിക്കഴിഞ്ഞു. ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി ചേർന്ന് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ മത്സരമായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ഗ്രാൻഡ് ഫൈനൽ തിങ്കളാഴ്ച എറണാകുളത്ത് നടക്കും. ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൈനലിൽ വിവിധതല മത്സരങ്ങളിൽ വിജയികളായ എട്ടുപേരാണ് മാറ്റുരയ്ക്കുന്നത്.
അതുൽ ജോസഫ് (കേരള യൂണിവേഴ്സിറ്റി കാര്യവട്ടം), ഇഷ ആമിന (തലശ്ശേരി എൻജിനീയറിങ് കോളേജ്), ഏഞ്ചൽ മേരി (കൊല്ലം കാർമൽ റാണി ട്രെയിനിങ് കോളേജ്), അർജുൻ എസ്. നായർ (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്), പാർവതി അരുൾ ജോഷി (തൃശ്ശൂർ ഐ.എ.എസ്.ഇ.), ജി.ബി. ശിവരഞ്ജിനി (തിരുവനന്തപുരം ഗവ. ലോ കോളേജ്), ജിനോ മാത്യു രാജു (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്), ഡി. ആവണി (അഞ്ചൽ സെയ്ന്റ് ജോൺസ് കോളേജ്) എന്നിവരാണ് ഫൈനലിൽ വാക്കങ്കത്തിന് കച്ച മുറുക്കുന്നത്.
ഐജി പി. വിജയനും മത്സരാത്ഥികളോട് സംവേദിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണന്
ഫൈനലിന് ഒരുങ്ങുന്നവരുടെ ആത്മവിശ്വാസവും പ്രതിഭയും തേച്ചുമിനുക്കാൻ ഞായറാഴ്ച ഗ്രൂമിങ് സെഷനും നടത്തി. ദേശീയ ഡിബേറ്റ് ചാമ്പ്യൻ സിദ്ധാർത്ഥ് എം. ജോയ്, മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് രാജീവ് ദേവരാജ്, ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ, മെന്റർ രേഖാ മേനോൻ എന്നിവർ പങ്കെടുത്തു. ഐ.ജി. പി. വിജയനും പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ എം. ബീനയും മത്സരാർഥികളുമായി സംവദിച്ചു.
ഗ്രാൻഡ് ഫൈനൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്യും. റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. രാഘവൻ, ഐ.ജി. പി. വിജയൻ, തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്. ഗോകുൽ എന്നിവർ വിധികർത്താക്കളായിരിക്കും. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച്ഘട്ടം പൂർത്തിയാക്കിയാണ് ഫൈനലിലേക്കെത്തിയത്.
Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0