ആശയങ്ങളാൽ തുറന്ന പോർമുഖങ്ങൾ - ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ

ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ ജില്ലാതലമത്സരത്തിൽനിന്ന് മേഖലാതലമത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ വിധികർത്താക്കൾക്കും ഫെഡറൽ ബാങ്ക്, മാതൃഭൂമി പ്രതിനിധികൾക്കുമൊപ്പം
ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ ജില്ലാതലമത്സരത്തിൽനിന്ന് മേഖലാതലമത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ വിധികർത്താക്കൾക്കും ഫെഡറൽ ബാങ്ക്, മാതൃഭൂമി പ്രതിനിധികൾക്കുമൊപ്പം

പാലക്കാട്: മറ്റ്‌ തൊഴിലുകളിൽനിന്ന് ഭിന്നമായി രാഷ്ട്രീയം സാമൂഹികസേവനമേഖലയാണെന്ന് ഒരു വിഭാഗം. പുതിയ തലമുറയ്ക്ക് അവസരം വേണ്ടേയെന്ന് മറുവിഭാഗം. ആശയങ്ങളാൽ തുറന്നെടുത്ത പോർമുഖമായി മാറി മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ സംവാദവേദി.

ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ ജില്ലാതലമത്സരമാണ് പുത്തൻ ആശയങ്ങളാൽ സമ്പന്നമായത്.

‘രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമാണോ’ എന്ന വിഷയത്തിലായിരുന്നു സംവാദം. ജില്ലയിലെ വിവിധ കോളേജുകളിൽനിന്ന് ആദ്യഘട്ടമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 64 പേരാണ് സംവാദത്തിൽ മാറ്റുരച്ചത്.

പാലക്കാട് ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദ് മത്സരം ഉദ്ഘാടനം ചെയ്തു. സാധാരണകുടുംബങ്ങളിൽനിന്ന്‌ വരുന്ന കുട്ടികൾക്ക് കോളേജ് തലത്തിലെ സംവാദമത്സരങ്ങളുൾപ്പെടെയുള്ളവ മികച്ച ആശയരൂപവത്കരണത്തിനും വ്യക്തിത്വവളർച്ചയ്ക്കും സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. 

 വനംവകുപ്പ് ചീഫ് കൺസർവേറ്റർ
കെ. വിജയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

ഫെഡറൽ ബാങ്ക് പാലക്കാട് റീജണൽ ഹെഡ്‌ഡും വൈസ് പ്രസിഡന്റുമായ പി.ജി. റെജി, യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസഫ് ഓലിക്കൽകുനാൽ, മാതൃഭൂമി പാലക്കാട് റീജണൽ മാനേജർ എസ്. അമൽരാജ് എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് പാലക്കാട് റീജണൽ ഹെഡ്ഡ്‌ പി.ജി. റെജി, പ്രൊഫ. എൻ.ആർ. അനിൽകുമാർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വി. വിമൽ, മാതൃഭൂമി സീനിയർ സബ് എഡിറ്റർ ബീനാ ഗോവിന്ദ് എന്നിവരായിരുന്നു വിധികർത്താക്കൾ.

ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0