രാഷ്ട്രീയത്തില്‍ വിരമിക്കല്‍ വേണോ? വാക്കുകൾക്ക് ‘തീപിടിച്ച’ പ്രഭാഷണവേദി

അടൂർ: അനുഭവജ്ഞാനവും പ്രവൃത്തിപരിചയവുംകൊണ്ട് പ്രായമുള്ളവർ രാഷ്ട്രീയത്തിൽ തുടരുന്നതാണ് നല്ലതെന്ന് വിദ്യാർഥികളിലൊരാൾ വാദിച്ചു. പുതുതലമുറയ്ക്കുവേണ്ട പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളാണ് രാഷ്ട്രീയത്തിൽ മുന്നോട്ടുവരേണ്ടതെന്ന് മറുവാദം. അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദങ്ങളുടെ വാശിയേറിയ പോരാട്ടമായിരുന്നു ഫെഡറൽ ബാങ്ക് ‘മാതൃഭൂമി’യുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ജില്ലാതല മത്സരത്തിൽ അരങ്ങേറിയത്. ‘രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമാണ്’ എന്ന വിഷയത്തിലായിരുന്നു മത്സരം.
കേരള എഡിഷൻ ഏഴാം പതിപ്പ്
ജില്ലാതല മത്സരത്തിൽ
മുഖ്യാതിഥിയായ സംവിധായകൻ
വിഷ്ണുമോഹൻ പ്രസംഗിക്കുന്നു.
സിനിമ സംവിധായകൻ വിഷ്ണുമോഹൻ മുഖ്യാതിഥിയായി. ഇത്തരം വാദപ്രതിവാദ പരിപാടികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക പുരോഗതിക്കുവേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ സ്വാർഥചിന്ത വെടിഞ്ഞ് സമൂഹത്തിനായി തങ്ങൾക്കാവുന്നത് ചെയ്യണമെന്നും പറഞ്ഞു.
പറന്തൽ മാർ ക്രിസോസ്റ്റം കോളേജിൽ നടന്ന മത്സരത്തിൽ ഫെഡറൽ ബാങ്ക് പത്തനംതിട്ട ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.എ. ജോയി, മാർ ക്രിസോസ്റ്റം കോളേജ് ഡയറക്ടർ ഫാ. ഡാനിയേൽ ബഥേൽ, പ്രിൻസിപ്പൽ പ്രൊഫ. ഇട്ടി വർഗീസ്, മാതൃഭൂമി റീജണൽ മാനേജർ ടി.സുരേഷ്, അസിസ്റ്റന്റ് പ്രൊഫസർ അമൃത ഫ്രാൻസിസ്, ഡോ. പി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ.എൻ.ആർ. അനിൽകുമാർ, മാതൃഭൂമി പത്തനംതിട്ട ചീഫ് റിപ്പോർട്ടർ ജി. രാജേഷ് കുമാർ, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റും അടൂർ ബ്രാഞ്ച് മേധാവിയുമായ എൽസൺ തോമസ് എന്നിവർ വിധികർത്താക്കളായി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള സ്പീക്ക് ഫോർ ഇന്ത്യ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
വിജയികൾ
1. കെ. കൃഷ്ണ (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), 2. എം.തോമസ് യാക്കൂബ് (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), 3. ഡെല്ല റിച്ചു ബേബി (മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം), 4. നിഖിൽ മനോഹർ (സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ കാര്യവട്ടം), 5. ജോയ്സ് മാത്യു (ടി.എം.എം. കോളേജ് ഓഫ് നഴ്സിങ് കവിയൂർ), 6. ഡേവിഡ് എൻ. ജോൺ (എൻ.എസ്.എസ്. കോളേജ് പന്തളം), 7. റോസിൻ മാത്യു (മാർ ക്രിസോസ്റ്റം കോളേജ് അടൂർ), 8. ഏബെൽ മാത്യൂസ് അലക്സ് (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട).
Content Highlights: Federal Bank speak for India Kerala Edition, mathrubhumi speak for India 2023, pathanamthitta