ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ ഗ്രാൻഡ് ഫൈനൽ: വാക്പോരിൽ വിജയിയായി അർജുൻ

കൊച്ചി: ആശയങ്ങളുടെ വില്ലുകുലച്ച് വാക്കുകളുടെ അമ്പെയ്ത് യുവത ഏറ്റുമുട്ടിയ വാക്കങ്കത്തിൽ വിജയ വീരനായി അർജുൻ. വാദവും പ്രതിവാദവും അഗ്നി പോലെ പടർന്ന യുദ്ധഭൂമിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിലെ ഗ്രാൻഡ് ഫൈനലിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അർജുൻ എസ്. നായർ ചാമ്പ്യനായി. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടത്തെ അതുൽ ജോസഫ് ഫസ്റ്റ് റണ്ണറപ്പായി. ഗ്രാൻഡ് ഫൈനലിൽ ആവേശത്തോടെ പൊരുതിയ ജി.ബി. ശിവരഞ്ജിനി (ഗവ. ലോ കോളേജ്, തിരുവനന്തപുരം), ഡി. ആവണി (സെയ്‌ന്റ് ജോൺസ് കോളേജ്, അഞ്ചൽ), ഇഷ ആമിന (എൻജിനിയറിങ് കോളേജ്, തലശ്ശേരി), ഏഞ്ചൽ മേരി (കാർമൽ റാണി ട്രെയിനിങ് കോളേജ്, കൊല്ലം), പാർവതി അരുൾ ജോഷി (ഐ.എ.എസ്.ഇ., തൃശ്ശൂർ), ജിനോ മാത്യു രാജു (നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) എന്നിവരും സമ്മാനത്തിന് അർഹരായി. ചാമ്പ്യനായ അർജുന് രണ്ടര ലക്ഷം രൂപയുടെ കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിച്ചപ്പോൾ റണ്ണറപ്പായ അതുലിന് ഒന്നര ലക്ഷം രൂപയാണ് കാഷ് അവാർഡ് ലഭിച്ചത്. ഫൈനലിസ്റ്റുകളായ മറ്റ് ആറു പേർക്ക് 35,000 രൂപ വീതവും സമ്മാനം ലഭിച്ചു.
‘ജനപ്രതിനിധികൾക്ക് നൽകുന്ന അതീവ സുരക്ഷ ജനാധിപത്യ വിരുദ്ധമാണ്’ എന്ന വിഷയത്തിലാണ് ഗ്രാൻഡ് ഫൈനലിൽ വാക് പോരാട്ടം തുടങ്ങിയത്. ഒന്നിനൊന്ന് മികച്ച ആശയങ്ങളുമായി ഏറ്റുമുട്ടിയ എട്ട് ഫൈനൽ മത്സരാർഥികളിൽനിന്ന് നാലുപേർ അടുത്ത റൗണ്ടിലേക്കെത്തി. ഈ റൗണ്ടിൽ ‘കൃത്യമായ മാലിന്യ സംസ്‌കരണത്തിൽ സർക്കാരിനെക്കാൾ വലിയ പങ്ക് വഹിക്കാനുള്ളത് ജനങ്ങൾക്ക്’ എന്ന വിഷയത്തിലായിരുന്നു സംവാദം.
ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ഗ്രാൻഡ് ഫൈനലിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഗ്രാൻഡ് ഫൈനൽ ഉദ്ഘാടനം ചെയ്തു. റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. രാഘവൻ, ഐ.ജി. പി. വിജയൻ, തിരുനെൽവേലി അസി. കളക്ടർ എസ്. ഗോകുൽ എന്നിവർ വിധികർത്താക്കളായിരുന്നു.
ഫെഡറൽ ബാങ്ക് ചെയർമാൻ ചന്ദ്രശേഖർ ബാലഗോപാൽ, മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ഫെഡറൽ ബാങ്ക് പ്രസിഡന്റ് ആൻഡ് സി.എച്ച്.ആർ.ഒ. കെ.കെ. അജിത് കുമാർ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വി. നന്ദകുമാർ, സീനിയർ വൈസ് പ്രസിഡന്റ് കുര്യാക്കോസ് കോന്നിൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വെങ്കിട്ട് രാമൻ വെങ്കിടേശ്വരൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് സി.എസ്.ആർ. ഹെഡ് സി.ജെ. അനിൽ, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര എന്നിവർ പങ്കെടുത്തു.
Content Highlights: mathrubhumi Federal Bank speak for India Kerala Edition 7.0, 'Speak For India' debate, Arjun S Nair