അടിമുടി കമ്മ്യൂണിസ്റ്റ്
ഇന്നത്തെ ഡി.വൈ.എഫ്.ഐ.യുടെ പൂർവരൂപമായ കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കവേ, എഴുപതുകളിലാണ് സഖാവ് വി.എസ്. അച്യുതാനന്ദനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. സംഘടനാകാര്യങ്ങളിലും നിലപാടുകളിലും കാണിക്കുന്ന കാർക്കശ്യമാണ് സഖാവിന്റെ പ്രത്യേകതയായി തുടക്കംമുതലേ ശ്രദ്ധിച്ചത്. ആരൊക്കെ കൂടെനിൽക്കും എന്നുനോക്കി വി.എസ്. ഒരുനിലപാടും സ്വീകരിച്ചതായി കണ്ടിട്ടില്ല. ദീർഘകാലത്തെ അനുഭവത്തിന്റെയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും തെളിച്ചം ആ നിലപാടുകൾക്കുണ്ടായിരുന്നു. വലതുപക്ഷ അവസരവാദം, ഇടതു തീവ്രവാദം, പാർലമെന്ററി അവസരവാദം തുടങ്ങിയ വ്യതിയാനങ്ങളിൽനിന്ന് പാർട്ടിയെ മോചിപ്പിക്കുന്നതിന് നേതൃത്വംനൽകിയ നേതാവുകൂടിയാണ് വി.എസ്.
1964 ഏപ്രിലിൽ നടന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സി.പി.ഐ. (എം) കെട്ടിപ്പടുത്ത 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏകവ്യക്തി വി.എസാണ്. കമ്യൂണിസ്റ്റ് നേതാക്കളെയും അണികളെയും സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണകാലമായിരുന്നു അത്. കേരളത്തിലെ മാത്രമല്ല, രാജ്യത്തിലെ ഭൂരിഭാഗം അണികളും സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. തീവ്ര ഇടതു വ്യതിയാനത്തിനെതിരേയുള്ള ആശയപരവും സംഘടനാപരവുമായ സമരത്തിന്റെ മുൻനിരയിൽ വി.എസ്. ഉണ്ടായിരുന്നു.
എൺപതുകളുടെ ഒടുവിൽ പാർട്ടിയിലെ പ്രബലമായ ഒരുവിഭാഗത്തിന്റെ നേതൃത്വത്തിൽ പാർലമെന്ററി അവസരവാദപരമായ ആശയങ്ങളുടെ സ്വാധീനത്തിൽപ്പെട്ടപ്പോഴും തെറ്റായവഴിയിലൂടെ സഞ്ചരിച്ചവരെ ശരിയായദിശയിലേക്ക് കൊണ്ടുവരാൻ നേതൃപരമായ പങ്കുവഹിച്ചവരിൽ ഒരാൾ വി.എസ്.തന്നെയാണ്. ആ സമയത്ത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ശിഥിലമായിപ്പോയ പാർട്ടി സംഘടന ശക്തമാക്കാൻ വി.എസും അവിശ്രമം പ്രവർത്തിച്ചു. അടിയന്തരാവസ്ഥയെത്തുടർന്ന് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.ഐ. പുറത്തുവന്നു. കേരളത്തിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ഇന്ദിരാഗാന്ധിയുടെ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് സി.പി.എമ്മിനോടൊപ്പം ചേരുകയുംചെയ്തതോടെയാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപവത്‌കരണത്തിന് കളമൊരുങ്ങിയത്. കെ.എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും ഈ മുന്നണിയുടെ ഭാഗമായി. 1980 ജനുവരിയിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മുന്നണി വൻവിജയം നേടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യത്തെ എൽ.ഡി.എഫ്. മന്ത്രിസഭ അധികാരത്തിൽവരികയുംചെയ്തു.
പാർട്ടിയുടെ വർഗ-ബഹുജന സംഘടനകൾ ശക്തിയാർജിച്ചതും സമരോത്സുകമായതും വി.എസ്. പാർട്ടി സെക്രട്ടറിയായതിനുശേഷമാണ്. ഡി.വൈ.എഫ്.ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും ഉജ്ജ്വല സമരപ്രസ്ഥാനങ്ങളായി. കേരളത്തെ പിടിച്ചുലച്ച അവകാശസമരങ്ങൾക്ക് ഡി.വൈ.എഫ്.ഐ. നേതൃത്വംനൽകി. കലാലയങ്ങളിൽ എസ്.എഫ്.ഐ. അജയ്യമായ സമരശക്തിയായി. .
ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴാണ് ഞാൻ വി.എസുമായി കൂടുതൽ അടുക്കുന്നത്. തൊഴിലിനും തൊഴിലില്ലായ്മാവേതനത്തിനുംവേണ്ടി ഡി.വൈ.എഫ്.ഐ. നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങൾക്ക് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന വി.എസിന്റെ കൃത്യമായ മേൽനോട്ടമുണ്ടായിരുന്നു.
നൂറുവയസ്സ് തികഞ്ഞ സഖാവ് വി.എസിന്റെ വിപ്ലവജീവിതം സാർഥകമാണ്. മനുഷ്യർക്ക് അപൂർമായി ലഭിക്കുന്ന അവസരവും. ഒരു വിപ്ലവകാരി നൂറുവർഷം ജീവിച്ചിരിക്കുക എന്നതിനർഥം അദ്ദേഹത്തിന്റെ സേവനം അത്രയുംകാലം സമൂഹത്തിന് ലഭിക്കുക എന്നാണ്. കേരളത്തിന്റെ വിപ്ലവസൂര്യന് എന്റെ എല്ലാ ആശംസകളും.
Content Highlights: cpm state secretary mv govindan on vs achuthanandan 100 birthday