തൃശൂരിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക്; കിഫ്ബിയിലൂടെ ലഭിച്ചത് 312 കോടി

തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉൾപ്പെട സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് തൃശ്ശൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ സാധ്യമാക്കിയത്. പുത്തൂർ കുരിശുമൂലയിൽ വനംവകുപ്പിന്റെ 336 ഏക്കറിലാണ് സുവോളജിക്കൽ പാർക്ക് തുറന്നിട്ടുള്ളത്. ഇതിന്റെ നിർമാണ ചെലവായ 371 കോടി രൂപയിൽ 312 കോടി രൂപ കിഫ്ബിയാണ് വഹിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കാണിത്. മൃഗങ്ങൾക്കും പക്ഷികൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ആകെ 101 ഇനങ്ങളിൽ പെട്ട ജീവജാലങ്ങൾ ഇവിടെയുണ്ട്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസനം സാധ്യമാക്കി. 279.19 കോടി രൂപ ചെലവഴിച്ച് അമ്മയും കുഞ്ഞും ബ്ലോക്ക് പൂർത്തിയാക്കി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചത് 199.4 കോടി രൂപയ്ക്കാണ്. തൃശൂർ ജനറൽ ആശുപത്രിക്ക് 136.37 കോടി രൂപയുടെ ധനാനുമതി ആയിട്ടുണ്ട്. പുതിയ കാഷ്വാലിറ്റി, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ സ്പെഷ്യാലിറ്റികൾ ആരംഭിക്കുന്നതിന് ഇതിലൂടെ അവസരം ഒരുങ്ങുന്നു.
ജില്ലയിൽ പല ഭാഗങ്ങളിലും റോഡുകളും പാലങ്ങളും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചു. ഒല്ലൂർ മണ്ഡലത്തിലെ നടത്തറ, പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശ്രീധരി പാലവും യാഥാർഥ്യമായത് കിഫ്ബി ഫണ്ടിലൂടെയാണ്. വടക്കാഞ്ചേരി ബൈപാസിനായി 14.78 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലാലൂരിൽ 70 കോടി രൂപ ചെലവഴിച്ച് ഐഎം വിജയൻ സ്റ്റേഡിയം പൂർത്തിയാക്കി. ജില്ലയിലെ വിവിധ സ്കൂളുകളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമിച്ചു. ഇരിങ്ങാലക്കുട നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 5 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം പണിതത്. ക്ഷേത്രനഗരമായ ഗുരുവായൂരിൽ 22 കോടി രൂപ ചെലവഴിച്ച് മേൽപ്പാലം പൂർത്തിയാക്കി, 30 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന അതിഥി മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
Content Highlights: Explore Thrissur`s KIIFB-funded developments: Asia`s 2nd largest zoo, advanced medical facilities, new roads, bridges, stadium & schools.