കിഫ്ബി വഴി 33.3 കോടി രൂപ ചെലവിട്ട് താനൂരിൽ റെയിൽവേ മേൽപ്പാലം

താനൂർ പാലം | Photo Mathrubhumi News Screengrab
താനൂർ പാലം | Photo Mathrubhumi News Screengrab

മലപ്പുറം : കിഫ്ബി വഴി 33.3 കോടി രൂപ ചെലവിട്ട് താനൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ ആറ് പതിറ്റാണ്ടായുള്ള ജനങ്ങളുടെ ആവശ്യം യാഥാർഥ്യമായി. സംസ്ഥാന സർക്കാറിന്റെ 'ലെവൽ ക്രോസ് മുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്ന് 33.3 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലം നിർമിച്ചത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മുഖേന നിർമാണം പൂർത്തിയാക്കിയ മേൽപ്പാലം വഴി താനൂരിലെ ജനങ്ങൾക്കും താനൂരിനെ ആശ്രയിക്കുന്ന കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർക്കും തടസങ്ങളില്ലാതെ യാത്ര ചെയ്യാം. താനൂർ ഹാർബർ, താലൂക്ക് ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെ ആശ്രയിക്കുന്നവർക്ക് മേൽപ്പാലം വന്നതോടെ വലിയ ആശ്വാസമായി. നിരവധി ട്രെയിനുകൾ കടന്നുപോകുന്ന റെയിൽവേ ലൈനിൽ കുരുങ്ങി കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കിടക്കുന്ന ദുരവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. താനൂർ - തെയ്യാല മേൽപ്പാലത്തിന്റെ ആകെ നീളം 251 മീറ്ററാണ്, വീതി 7.5 മീറ്ററാണ്.

കിഫ്ബി പദ്ധതിയിൽനിന്ന് 25.5കോടി രൂപ ചെലവഴിച്ചാണ് തിരുവേഗപ്പുറ പഞ്ചായത്തിലെ കാലടിക്കുന്നിനെയും മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് റെഗുലേറ്റർ നിർമിക്കുന്നത്. ഇരു പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമ പരിഹാരവും കാർഷികമേഖലയിലേക്ക് ജലസേചനവും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാലടിക്കുന്ന് റെഗുലേറ്റർ നാല് തൂണുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഒരു തൂണിന്റെ നിർമാണം പൂർത്തിയായിവരുന്നു. ഇനി നാല് തൂണുകളുടെ നിർമാണംകൂടി പൂർത്തിയാക്കാനുണ്ട്. നടപ്പാതയോടുകൂടിയ റെഗുലേറ്ററാണ് ഇവിടെ നിർമിക്കുന്നത്.

Content Highlights: Tanur`s 33.3 crore railway overbridge construction is complete, fulfilling a 60-year public demand and improving connectivity.