ആരോഗ്യമേഖലയ്ക്കും ടൂറിസത്തിനും കരുത്തായി കോട്ടയത്ത് കിഫ്ബി പദ്ധതികൾ

കോട്ടയം: ആരോഗ്യ, ടൂറിസം മേഖലകൾക്ക് കരുത്ത് പകരുന്ന നിരവധി പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും കോട്ടയം ജില്ലയിൽ നടപ്പിലാക്കിയത് കിഫ്ബി വഴിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കിഫ്ബി പദ്ധതിയിലൂടെ 279.15 കോടി രൂപ ചെലവഴിച്ച് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കി. എംജി യൂണിവേഴ്‌സിറ്റിയുടെ പശ്ചാത്തല വികസനം, സ്‌പോർട്‌സ് കോംപ്ലക്‌സ്, കോട്ടയത്ത് ജില്ലാ ആശുപത്രി മന്ദിരം, ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ വികസനം അടക്കം ആശുപത്രി കെട്ടിടങ്ങൾ, കുടിവെള്ള പദ്ധതി, പാലങ്ങൾ, മലയോര ഹൈവേ അടക്കമുള്ള റോഡുകൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. കോട്ടയത്തെ ജനറൽ ആശുപത്രി വികസനത്തിന് 129.90 കോടി രൂപയും കോട്ടയം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കെട്ടിട നിർമാണത്തനായി 8.25 കോടി രൂപയും കോട്ടയം മുനിസിപ്പാലിറ്റിയിലെ കുടിവെള്ള ശുദ്ധീകരണ കേന്ദ്രത്തിനായി 50 കോടി രൂപയും ചെലവഴിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിയുടെ വികസനത്തിനായി 85 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കുമരകത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് കരുത്തേകുന്ന കോണത്താറ്റ് പാലത്തിന്റെ നിർമാണം കിഫ്ബി വഴി ലഭിച്ച 29.49 കോടി രൂപ മുടക്കിയാണ് പൂർത്തീകരിച്ചത്. കോട്ടയം നഗരത്തെയും ടൂറിസം കേന്ദ്രമായ കുമരകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കോണത്താറ്റ് പാലം. വീതികുറഞ്ഞ പഴയ പാലം പൊളിച്ചുനീക്കി പുതിയ പാലം യാഥാർഥ്യമായയോടെ യാത്ര കൂടുതൽ സൗകര്യപ്രദമായി. 26.2 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പുതിയ പാലം പണിതിരിക്കുന്നത്. കുമരകം ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനും പഴുക്കാനില കായൽ ശുചീകരണത്തിനുമായി കിഫ്ബി 103.73 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി.
Content Highlights: Explore how KIIFB projects are transforming Kottayam with major infrastructure upgrades in health, tourism, and education, including new surgical blocks and bridges.