കോന്നി മെഡിക്കൽ കോളേജ് വികസനത്തിന് 352 കോടി രൂപയുടെ കിഫ്ബി പദ്ധതി

കോന്നി മെഡിക്കൽ കോളേജ് | Photo Mathrubhumi News Screengrab
കോന്നി മെഡിക്കൽ കോളേജ് | Photo Mathrubhumi News Screengrab

പത്തനംതിട്ട: അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക, വിദ്യാർഥികൾക്ക് മികച്ച ആരോഗ്യ വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന കോന്നി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി കിഫ്ബിയിൽ നിന്ന് ലഭിച്ചത് 352 കോടി രൂപയാണ്. വിവിധ ഘട്ടങ്ങളായി വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് ഈ സ്ഥാപനം.

കോന്നി മെഡിക്കൽ കോളേജിൽ കിഫ്ബിയിൽ നിന്ന് ലഭിച്ച 352 കോടി രൂപയിൽ ഇതുവരെ ഏകദേശം 200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 50 കോടി ചെലവഴിച്ചാണ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം, ക്വാർട്ടേഴ്‌സുകൾ എന്നിവ തയ്യാറാക്കിയത്. 11.66 കോടി രൂപ ചെലവിൽ ഗേൾസ് ഹോസ്റ്റൽ നിർമിച്ചു. 240 കുട്ടികൾക്കുള്ള താമസ സൗകര്യം, അടുക്കള, മെസ് ഹാൾ, ഡൈനിങ് റൂം, റീഡിംഗ് റൂം, ഗസ്റ്റ് റൂം എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. ബാക്കി നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുന്ന വിധത്തിൽ പുരോഗമിക്കുന്നു.

പത്തനംതിട്ട ജില്ലയിൽ അടൂർ ജനറൽ ആശുപത്രിയിൽ 14.64 കോടി ചെലവഴിച്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 30.35 കോടി ചെലവഴിച്ചും പുതിയ കെട്ടിടങ്ങൾ സജ്ജമായി വരുന്നു. ആശുപത്രികൾക്ക് പുറമേ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും കിഫ്ബി ഫണ്ട് ഉപയോഗിച്ച് സാധ്യമാക്കുന്നു.

പത്തനംതിട്ട ജില്ലയിലെ വനം ഡിവിഷനോട് ചോർന്ന പ്രദേശങ്ങളിൽ വന്യജീവി ശല്യം മൂലമുള്ള കൃഷിനാശം കുറയ്ക്കുന്നതിനുള്ള സോളാർ ഹാങ്ങിങ് ഫെൻസിങ്, റോപ്പ് ഫെൻസിങ് എന്നിവ സ്ഥാപിക്കുന്നു. കൂടാതെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും ജില്ലയിൽ നടപ്പിലാക്കുന്നുണ്ട്. ജില്ലയിലെ പ്രധാന മലയോര റോഡുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നു.

 

Content Highlights: Konni Medical College receives ₹352 Cr from KIIFB for advanced healthcare, education, and infrastructure development. Learn about completed projects and future plans.