കോഴിക്കോട് ചേവായൂരിൽ കിഫ്ബി വഴി രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി, കനാൽ സിറ്റി പദ്ധതി

ചേവായൂർ ആശുപത്രി | Photo Mathrubhumi News Screegrab
ചേവായൂർ ആശുപത്രി | Photo Mathrubhumi News Screegrab

കോഴിക്കോട്: കിഫ്ബി പദ്ധതിയിൽ 617 കോടി രൂപ ചെലവഴിച്ച് 500 -ൽ അധികം പേർക്ക് കിടത്തി ചികിത്സ ലഭ്യമാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സമ്പൂർണ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവമാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത്.
ചേവായൂർ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഐസിയു, എച്ച്ഡിയു സൗകര്യങ്ങൾ, ഡയാലിസിസ് സെൻറർ, 10 ഓപറേഷൻ തിയറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെൻറുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം. ട്രാൻസ്പ്ലാൻറേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്‌സുകൾക്കും പദ്ധതിയുണ്ട്.


കോഴിക്കോട് പുതിയപാലത്ത് വീതിയേറിയ പുതിയപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. റെയിൽവേ സ്‌റ്റേഷൻ - ലിങ്ക് റോഡ് - തളി ക്ഷേത്രം റോഡുകളെ മാങ്കാവ് - അരയിടത്തുപാലം - മിനി ബൈപ്പാസ് - കല്ലിട്ടനട -ഗോവിന്ദപുരം -മെഡിക്കൽ കോളേജ് റോഡുകളുമായി ബന്ധപ്പെടുന്ന പ്രധാന പാലമാവും ഇനി പുതിയപാലം. 2022-ൽ സ്ഥലമെടുപ്പിന് ഉൾപ്പെടെ കിഫ്ബി വഴി 60 കോടി രൂപ അനുവദിച്ച് അതേവർഷം ജൂലായിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കനോലി കനാലിനു കുറുകെ 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആർച്ച് മാതൃകയിൽ നിർമിച്ച പാലത്തിനൊപ്പം ഇരുവശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്.

ജില്ലയിലെ പ്രധാന റോഡായ പാവങ്ങാട് - ഉള്ളിയേരി - കുറ്റിയാടി - ചൊവ്വ (പിയുകെസി) റോഡിന്‍റെ വികസനത്തിനായി 166.55 കോടി രൂപയും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കനാൽ സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിനായി 73.21 കോടി രൂപയും കിഫ്ബി അനുവദിച്ചു. പിയുകെസി റോഡിന്‍റെ പുതിയങ്ങാടി മുതൽ കുറ്റിയാടി വരെയുള്ള ഭാഗമാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഇതിന്‍റെ ഒന്നാം ഘട്ടം പാവങ്ങാട് മുതൽ ഉള്ളിയേരി വരെ ഒന്ന് 17.2 കിലോമീറ്ററാണ്. ഇതിനുവേണ്ടി 82. 36 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കാനോലി കനാൽ ഒന്നാംഘട്ട വികസനത്തിന് 73.21 കോടി അനുവദിച്ചു. കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കനാലിന്റെ അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാഗമാണ് വികസിപ്പിക്കുന്നത്.

Content Highlights: CM Pinarayi Vijayan lays foundation for a state-of-the-art organ transplant hospital in Kozhikode, Kerala. India`s first, offering advanced facilities and 500+ beds. Learn more about this groundbreaking project.