കിഫ്ബി ഫണ്ടിലൂടെ കാസർകോഡ് കായിക മേഖലയ്ക്ക് കരുത്ത് പകരാൻ ജില്ലാ സ്പോർട്സ് കോംപ്ലക്സ്

കാസർകോട്: ജില്ലയിലെ കായിക മേഖലയ്ക്ക് ശക്തി പകരാൻ തൃക്കരിപ്പൂർ നടക്കാവിൽ ജില്ലാ സ്പോർട്സ് കോംപ്ലക്സ് നിർമിച്ചു. കിഫ്ബിയിൽ നിന്നും 29.32 കോടി രൂപയാണ് വിവിധ കളിസ്ഥലങ്ങൾക്കായി അനുവദിച്ചത്. ഒരേ സമയം വിവിധ അന്താരാഷ്ട്ര മൽസരങ്ങൾ നടത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പത്തേക്കർ ഭൂമിയിൽ ഒരുക്കിയിട്ടുള്ള ഈ സ്പോർട്സ് കോംപ്ലക്സിൽ ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും ഈ ഇനങ്ങളുടെ ചാമ്പ്യൻഷിപ്പുകളും നടത്താൻ സാധിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സിലുണ്ട്. ജില്ലയിലെ ആദ്യത്തെ സെമി ഒളിംപിക്സ് നീന്തൽക്കുളമാണ് ഇവിടുത്തേത്. ഒളിംപിക്സ് മൽസരങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ ആധുനിക രീതിയിലാണ് നീന്തൽക്കുളം സജ്ജീകരിച്ചിട്ടുള്ളത്. നീന്തൽ പരിശീലനത്തിനു പുറമേ വാട്ടർ പോളോ, കനായ് പോളോ, അണ്ടർ വാട്ടർ ഹോക്കി, അണ്ടർ വാട്ടർ റഗ്ബി തുടങ്ങിയ മൽസരങ്ങൾക്കും നീന്തൽക്കുളം ഉപയോഗിക്കാം. ഇതിനു പുറമേ ഫുട്ബോൾ കോർട്ട്, കബഡി കോർട്ട്, 400 മീറ്റർ ഫ്ളഡ് ലൈറ്റ് ട്രാക്ക്, ആയിരക്കണക്കിന് ആളുകൾക്കുള്ള പവലിയൻ, കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും വിഐപികൾക്കുമുള്ള മുറികൾ, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച്, ഷോപ്പിങ് മാൾ, പാർക്കിങ്, സമാന്തര റോഡ് തുടങ്ങിയ വിവിധ സൗകര്യങ്ങൾ ഇതിലുണ്ട്.
കിഫ്ബി ഫണ്ടിലൂടെ കാസർഗോഡ് ജില്ലയിലെ നിരവധി സ്കൂൾ കെട്ടിടങ്ങൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നു. ചേർക്കള സെൻട്രൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത് മൂന്ന് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. അടയ്ക്കത്തുവയൽ ഗവൺമെന്റ് യുപിഎസ്, ചന്ദ്രഗിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇവ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വീതം ചെലവിട്ട് നവീകരിച്ചു. മൂളിയാർ മാപ്പിള ഗവൺമെന്റ് യുപിഎസിന്റെ നിർമാണത്തിന് ഒരു കോടി രൂപ കിഫ്ബി ഫണ്ട് ലഭിച്ചു. ഇതുപോല ഒട്ടേറ സ്കൂളുകളിൽ കിഫ്ബി ഫണ്ടിലൂടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കി. 30 കോടിയിലേറെ രൂപ ചെലവിട്ട് കാസർകോട് മണ്ഡലത്തിലെ നിരവധി റോഡുകളുടെ വികസനം സാധ്യമാക്കി. ഇത്തരത്തിൽ കാസർകോഡ് ജില്ലയിലെ എല്ലാ മേഖലകളിലും കിഫ്ബി പദ്ധതികളിലൂടെ വലിയ തോതിലുള്ള വികസനം സാധ്യമാക്കിയിട്ടുണ്ട്.
Content Highlights: Discover the new district sports complex in Kasaragod, built with KIIFB funding. Featuring a semi-Olympic pool, indoor stadium & more for sports excellence.