തുരങ്ക പാതയുടെ പണി നിശ്ചയിച്ച സമയത്തിനകം പൂർത്തിയാക്കാൻ ആകും -കെ പി പുരുഷോത്തമൻ

കോഴിക്കോട് : കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി മേപ്പാടി തുരങ്ക പാതയുടെ ജോലി നിശ്ചയിച്ച സമയത്തിന് മുൻപേ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി പുരുഷോത്തമൻ.കേരളത്തെ സംബന്ധിച്ച് ഇത് അഭിമാന പദ്ധതിയാണ്. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് ( എൻ എ ടി എം ) ഉപയോഗിച്ചാണ് ഈ തുരങ്കത്തിന്റെ നിർമ്മാണം.വളരെ സുരക്ഷിതവും ആധുനികവും ഏത് പാറകളുടെ കണ്ടീഷനിലും സുരക്ഷിതമായി മുന്നോട്ട് പോകാൻ കഴിയുന്ന ഒരു രീതിയാണിത്. അതുകൊണ്ടുതന്നെ സുരക്ഷാ കാര്യത്തിൽ ഭീഷണി ഇല്ലെന്നും പുരുഷോത്ത മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. അടൽ തുരങ്കത്തിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ അനുകൂലമായ പാറകളുടെ കണ്ടീഷനാണ് നമ്മുടെ പാറയ്ക്കുള്ളത്.അതുകൊണ്ടുതന്നെ 365 ദിവസവും ഏത് കാലാവസ്ഥയിലും ജോലി ചെയ്യാനാവും എന്നും പുരുഷോത്തമൻ ചൂണ്ടിക്കാട്ടി.

അടൽ ടണലിൽ എല്ലാം പലതരം അപകടകരമായ പാറകളുടെ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ചിലപ്പോൾ പാറകൾക്കുള്ള മണ്ണും വെള്ളവും ചെളിയുമെല്ലാം ആയി ജോലി ഏറെ വിഷമകരവും അത് വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. എന്നാൽ അങ്ങനെ ഒരു സാഹചര്യമല്ല ഈ തുരങ്കജോലിക്കുള്ളത്. ഇത് ഏറെ അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാരിസ്ഥികമായ അതീവ പ്രാധാന്യമുള്ള ഇടമായത് കൊണ്ടുതന്നെ അതെല്ലാം പരിശോധിച്ചശേഷമാണ് ഇപ്പോൾ രണ്ടാംഘട്ട അനുമതി നമുക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാംഘട്ട അനുമതി നേരത്തെ പൂർത്തിയാക്കിയിരുന്നു. ആയതിനാൽ നിശ്ചയിച്ച നാലുവർഷത്തിനു മുന്നേ തന്നെ നമുക്ക് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും പുരുഷോത്തമൻ അറിയിച്ചു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ മുൻ അഡീഷണൽ ഡയറക്ടർ ജനറലാണ് കെ.പി. പുരുഷോത്തമൻ, നിലവിൽ 2021 മുതൽ കിഫ്ബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയുള്ള ദേശീയ പാതകൾ, തുരങ്കങ്ങൾ, പാലങ്ങൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാന റോഡുകളുടെ നിർമ്മാണം, രൂപകൽപ്പന, പരിപാലനം എന്നിവയിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

BRO-യിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം 5 വർഷത്തിലേറെയായി CPWD-യിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, വിവിധ ബഹുനില കെട്ടിടങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും കൈകാര്യം ചെയ്യുന്നു.
9.02 കിലോമീറ്റർ നീളമുള്ള അടൽ ടണൽ, റോഹ്താങ് - ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയുടെ വിജയകരമായ പൂർത്തീകരണമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം.അദ്ദേഹത്തിന്റെ അസാധാരണ സേവനത്തിന്, 2021 ൽ പരം വിശിഷ്ട സേവാ മെഡൽ (PVSM), 2019 ൽ വിശിഷ്ട സേവാ മെഡൽ (VSM) എന്നീ രണ്ട് രാഷ്ട്രപതിയുടെ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 2015-2017 കാലയളവിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ ചീഫ് ടെക്നിക്കൽ എക്സാമിനർ (CTE) കൂടിയായിരുന്നു.

Content Highlights: Project completion expected ahead of the four-year deadline., Utilizes New Austrian Tunneling Method (NATM) for enhanced safety., Favorable geological conditions allow for 365-day construction cycle., Project received phase-two environmental clearance., Led by KP Purushothaman, expert behind the Atal Tunnel project.