അമ്പൂരി - കുമ്പിച്ചൽകടവ് പാലം യാഥാർഥ്യമായി, കിഫ്ബി വഴി ലഭിച്ചത് 19 കോടി രൂപ

തിരുവനന്തപുരം: അമ്പൂരിയിലെ ആദിവാസി സമൂഹത്തിന്റെയും മലയോര നിവാസികളുടെയും സ്വപ്‌നമായ അമ്പൂരി - കുമ്പിച്ചൽകടവ് പാലം കിഫ്ബിയുടെ സഹായത്തോടെ യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് ലഭിച്ച 19 കോടിയിലധികം രൂപ ചെലവിച്ച് നിർമിച്ച ഈ പാലം, ഒരു അണക്കെട്ടിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലമാണ്. 23 കോടി രൂപയാണ് ഈ പാലത്തിന്റെ ആകെ നിർമാണച്ചെലവ്. 253 മീറ്റർ നീളമുള്ള ഈ പാലത്തിന്റ ഉയരം 11 മീറ്ററാണ്. അമ്പൂരിയിലെ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് പുതിയ പാലം വലിയ പങ്കുവഹിക്കും. നെയ്യാർ ഡാം വന്നതോടെ പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടുപോയ തൊടുമലയും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 11 ഊരുകളിലെ ആയിരത്തിലധികം കുടുംബങ്ങൾക്ക് ഇനി കടത്തുവള്ളങ്ങളെ ആശ്രയിക്കാതെ സുരക്ഷിതമായി മറുകരയിൽ എത്താം. അമ്പൂരിയിലെ വിനോദ സഞാരമേഖലയ്ക്കും ഈ പാലം പുത്തൻ ഉണർവ് പകരും.
പാലങ്ങളുടെയും റോഡുകളുടെയും നിർമാണവും, സ്‌കൂളുകളുടെയും ആശുപത്രികളുടെയും നവീകരണങ്ങളും ഉൾപ്പടെ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ കിഫ്ബി വഴി ആകെ 13,500 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിനായി 9.3 കോടി രൂപയും വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിനായി 531 കോടി രൂപയും പേരൂർകട മേൽപ്പാല നിർമാണത്തിനായി 106.76 കോടി രൂപയും പട്ടം മേൽപ്പാലത്തിനായി 138 കോടി രൂപയും ജനറൽ ആശുപത്രി മാസ്റ്റർ പ്ലാനിനായി 137 കോടിയും മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിനായി 94 കോടി രൂപയും ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ശബരിമല തീർഥാടകർക്കുള്ള ഇടത്താവളത്തം 12 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ചു. പേട്ട ആനയറ മേൽപ്പാല നിർമാണത്തിന് 144.53 കോടിയും ശ്രീകാര്യം ഫ്‌ളൈ ഓവർ നിർമാണിന് 160.53 കോടി രൂപയും അനുവദിച്ചു.
മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കിയിട്ടുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 70.72 കോടി രൂപയുടെ കെട്ടിട നിർമാണം പൂർത്തിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 207.35 കോടി രൂപയുടേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 89.46 കോടി രൂപയുടേയും പുതിയ ഹോസ്പിറ്റൽ കോപ്ലക്‌സ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.
Content Highlights: Kerala`s largest dam bridge, Amboori-Kumbichalkadavu, built with KIIFB funds, connects remote tribal areas, aids tourism, and marks significant development in Thiruvananthapuram.