കിഫ്ബി വഴി ആലപ്പുഴയ്ക്ക് സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് പാലം ഉൾപ്പടെ നിരവധി പാലങ്ങൾ

ആലപ്പുഴ : ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ പക്ഷിച്ചിറകിന്റെ മാതൃകയിൽ നിർമിച്ചുള്ള തോട്ടപ്പള്ളി - നാലുചിറ പാലം സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് പാലമാണ്. സസ്‌പെൻഷൻ പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണിത്. ദേശീയ ജലപാതയിൽ ജല ഗതാഗതത്തിന് തടസമാകാത്ത വിധത്തിൽ, നടുക്ക് തൂണുകളില്ലാതെയാണ് പാലം നിർമിച്ചിട്ടുള്ളത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയെയും ദേശീയ പാത 66 - നെയും ബന്ധിപ്പിച്ച് നിർമിച്ചിട്ടുള്ള ഈ പാലത്തിന്റെ നിർമാണ ചെലവ് 60.73 കോടിയാണ്. 458 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. തോട്ടപ്പള്ളിയിലെ നാലുചിറ, ഇല്ലിച്ചിറ പ്രാദേശങ്ങളിലുള്ളവരുടെ യാത്രാദുരിതത്തിന് പരിഹാരമാണ് ഈ പാലം.
കുട്ടനാടിന്റെ വികസനത്തിനും വിനോദസഞ്ചാരത്തിനും മുതൽക്കൂട്ടാണ് തകഴി - നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടഹാരം പാലം. സംസ്ഥാനത്തെ ആദ്യത്തെ ഇരുനില പാലമാണിത്. മുകളിൽ റോഡും സ്പാനുകൾക്ക് താഴെ നടപ്പാതയുമുള്ള കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലമാണിത്. പമ്പയാറിനു കുറകെയാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. അര കിലോ മീറ്ററോളം നീളമുള്ള പാലത്തിൽ കേരള വാസ്തുശിൽപ മാതൃകയിൽ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളിൽ നിന്നുകൊണ്ട് കുട്ടനാടൻ പാടശേഖരങ്ങളും പമ്പനദിയുടെ കൈവഴിയായ പൂക്കൈതയാറിന്റെ മനോഹാരിതയും ആസ്വദിക്കാം.
വയലാർ ഇൻഫോ പാർക്ക് പാലം പദ്ധതി പുനരാരംഭിക്കാനായി 94.18 കോടിയുടെ പുതുക്കിയ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വയലാർ കവലനാഗം - കുളങ്ങരകടവ് റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിനും വേമ്പനാട്ടു കായലിനു കുറുകേ പള്ളിപ്പുറത്തേക്കുള്ള പാലവും അവിടത്തെ റോഡ് വികസനവും ഉൾപ്പെടുന്നതാണ് പദ്ധതി. ഇൻഫോ പാർക്കുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ വയലാറിനു വലിയ സാധ്യതകൾ തെളിയും. കിഫ്ബി വഴി ജില്ലയിൽ ചെറുതും വലുതുമായ ധാരാളം പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ചില പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. പാലം നിർമാണത്തിന് പുറമേ കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ കുടിവെള്ള പദ്ധതികൾ, തീരദേശ സംരക്ഷണം, റോഡ് വികസനം, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുടെ വികസനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ജില്ലയിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ 51.4 കോടി രൂപ ചെലവഴിച്ചും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 97.71 കോടി രൂപ ചെലവഴിച്ചും ചേർത്തല താലൂക്ക് ആശുപത്രിയിൽ 84.98 കോടി രൂപ ചെലവഴിച്ചും കെട്ടിടങ്ങൾ നിർമിച്ചു.
Content Highlights: Discover Kerala`s first extradosed bridge at Thottappally, the unique two-tier Pahaharam Bridge, and ongoing infrastructure projects in Alappuzha. Learn about development in Kuttanad.