വ്യാഴവട്ടം തികച്ച് മലയാളത്തിന്റെ അഭിമാന കലാശാല; മലയാള സർവകലാശാലയ്ക്ക് 12 വയസ്സ്

ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിൽ സാധ്യമാക്കുക എന്ന വലിയ ലക്ഷ്യത്തിനുവേണ്ടി 2012 നവംബർ ഒന്നിന് ആരംഭിച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. അഞ്ച് ബിരുദാനന്തര കോഴ്സുകളിൽനിന്ന് 11 പഠന സ്കൂളുകളിലേക്ക് തലയുയർത്തി നിൽക്കുകയാണ് സർവകലാശാല. ചലച്ചിത്രപഠനം, മാധ്യമപഠനം തുടങ്ങിയ സാങ്കേതികവിഷയങ്ങളും, പരിസ്ഥിതിപഠനം പോലുള്ള ശാസ്ത്രവിഷയങ്ങളും, സോഷ്യോളജി, ചരിത്രം, വികസനപഠനം എന്നിങ്ങനെയുള്ള സാമൂഹിക ശാസ്ത്രവിഷയങ്ങളുമുണ്ട്. മലയാളത്തിൽ ബിരുദാനന്തര പഠനം നടത്താനുള്ള കേന്ദ്രവുമായി മാറി.
ഭാഷാശാസ്ത്രം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം, സംസ്കാരപൈത്യക പഠനം, വികസനപഠനം, സാഹിത്യരചന, സാഹിത്യപoനം, താരതമ്യ സാഹിത്യ-വിവർത്തന പഠനം എന്നിവയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കൂടാതെ മലയാള സാഹിത്യത്തിലും വികസന-പരിസ്ഥിതി പഠനത്തിലും ഈ വർഷം ബിരുദ കോഴ്സുകൾ ആരംഭിച്ചു.
ആരോഗ്യസർവകലാശാല, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയ്ക്കൽ ആര്യവൈദ്യശാല തുടങ്ങിയ സ്ഥാപനങ്ങളുമായും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോളേജുകളും സർവകലാശാലകളുമായും ധാരണാപത്രം ഒപ്പുവെച്ച് വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. നൂറിലധികം വൈജ്ഞാനിക പുസ്തകങ്ങളാണ് സർവകലാശാലാ പ്രസിദ്ധീകരണവിഭാഗത്തിൽനിന്ന് പുറത്തിറങ്ങിയത്.
മലയാളസർവകലാശാലയും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും അക്കാദമിക സഹകരണത്തിനായി ഒപ്പിട്ട ധാരണാപത്രപ്രകാരം തയ്യാറാക്കുന്ന ലഘുവിജ്ഞാന കോശങ്ങളിൽ അഞ്ചെണ്ണം പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു. സർവകലാശാലയിലെ സോഷ്യോളജി വിഭാഗം നേതൃത്വംനല്കുന്ന ഗവേഷണ ജേണൽ ‘സമീക്ഷ’, സംസ്കാര പൈതൃകപഠനവിഭാഗം നേതൃത്വംനല്കുന്ന ‘പൈതൃകവിമർശം’ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നുമുണ്ട്. ആരോഗ്യസർവകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർഥികൾക്കായി ആരംഭിച്ച മലയാളം ബേസിക് കോഴ്സ് ഏറെ ശ്രദ്ധേയമാണ്.
ഭരണനിർവഹണവും വിജ്ഞാനോത്‌പാദനവും പൂർണമായും മലയാളഭാഷയിൽ ആക്കുന്നതിന് രേഖാലയം പദ്ധതി ആരംഭിച്ചു. 30-ഓളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻറുകളുമാണ് സർവകലാശാലയിൽനിന്ന് പുറത്തിറങ്ങുന്നത്. ഇവ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പഠിപ്പിക്കാനും അതിൽ വിദ്യാർഥികൾക്ക് ഉന്നതവിജയം നേടാനും സാധിക്കുമെന്നും പരിസ്ഥിതിപഠനം പോലുള്ള കോഴ്സുകളിലൂടെ മലയാള സർവകലാശാലയ്ക്ക് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രൊഫ. എൽ. സുഷമയാണ് വൈസ് ചാൻസലർ.
Content Highlights: Thunchath Ezhuthachan Malayalam University, 12 Years of Excellence