നടന്നുപോയതിനാല്‍ അമേരിക്കയില്‍ ജോലി തെറിച്ച ഒരു മലയാളി നടന്റെ കഥ!

1984 ഫെബ്രുവരി 19 ന് അമേരിക്കയില്‍ ചെന്നിറങ്ങിയ നടനും നിര്‍മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി നാല്‍പ്പതു വര്‍ഷത്തിനിപ്പുറം, ഈ കേരളപ്പിറവിദിനത്തില്‍ സ്വന്തം നാടിനെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു, അമേരിക്കന്‍ അനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു
കോതമംഗലം എം എ കോളേജ് ഓഫ് എൻജിനിയറിങ്ങില്‍നിന്നും, സിവില്‍ എൻജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം 1981 ല്‍ മലപ്പുറത്ത് പി.ഡബ്ല്യൂ.ഡിയില്‍ അസിസ്റ്റന്റ് എൻജിനിയറായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റ തുടക്കം. ചാലിയാറിന് കുറുകെ ഒരു ഡാം പണിയുക എന്ന അരീക്കോട് പ്രൊജക്റ്റ്ആയിരുന്നു. സര്‍ക്കാര്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. ശമ്പളക്കുറവും അന്നത്തെ കഷ്ടപ്പാടുകളുമാണ് അമേരിക്ക എന്ന സ്വപ്നം തലക്കു പിടിക്കാനുള്ള കാരണം.
പാലാക്കാരിയായ ഭാര്യ പ്രേമ, യൂണിവേഴ്സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സ്റ്റുഡന്റായിരുന്നപ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം. സ്റ്റുഡന്റ് വിസയില്ലാതിരുന്നതുകൊണ്ട് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അമേരിക്കയിലെ സ്വപ്നനഗരമായ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഞാന്‍ എത്തുന്നത്.
അമേരിക്കയില്‍ എത്തിയശേഷം ജോലിക്കുള്ള ശ്രമമായിരുന്നു ആദ്യം. അതിന് കാറുവേണം. ആകെയുള്ളത് പ്രേമ ഒരു പാക്കിസ്താന്‍കാരനോടു മേടിച്ച ഒരു തുക്കടാ ഫോര്‍ഡ് മസ്റ്റാങ്. കണ്ടാല്‍ സുന്ദരന്‍തന്നെ. പക്ഷെ 'കാണാന്‍ നല്ലത് തിന്നാന്‍ കൊള്ളില്ല' എന്ന പഴചൊല്ലില്‍ പതിരുണ്ട് എന്ന് പിന്നീടാണ് മനസ്സിലായത്! അന്നൊക്കെ ഫോര്‍ഡിന് അമേരിക്കക്കാര്‍ കളിയാക്കിപറയുന്ന ഒരു ഫുള്‍ഫോമുണ്ട്. 'ഫൗണ്ട് ഓണ്‍ ദി റോഡ് ഡെഡ്'. അതുകൂടി കേട്ടപ്പോള്‍, ആകെ അങ്കലാപ്പായി. വഴീലെങ്ങാനും നിന്നുപോയാല്‍ പണി കിട്ടിയതുതന്നെ.
ഞാന്‍ വന്നപ്പോള്‍ പ്രസിഡന്റ് റീഗന്റെ തുടക്കകാലമായിരുന്നു, ജിമ്മി കാര്‍ട്ടര്‍ സാമ്പത്തികമായി അമേരിക്കയെ കടക്കെണിയിലാക്കിയ കാലഘട്ടങ്ങളായിരുന്നു. കുറെ തെണ്ടി നടന്ന് ആരുടെയോ ഭാഗ്യത്തിന് ഒരു റൂഫ് ഡിസൈനിങ് കമ്പനിയില്‍ ജോലി കിട്ടി. വരക്കാന്‍ താല്പര്യമുണ്ടായിരുന്നതുകൊണ്ട് പണിയൊക്കെ എനിക്കിഷ്ടമായിരുന്നു. പക്ഷെ അതിത്തിരി അകലത്തിലായിരുന്നതുകൊണ്ട് പുലിവാലു പിടിച്ചതുപോലെയായി. ആകെയുള്ള ഒരു തുക്കടാ കാറുകൊണ്ട് എങ്ങനെ രണ്ടുപേര്‍ ജോലിക്കു പോകും. ഞാന്‍ തത്കാലം ബസ്സില്‍ പോകാന്‍ തീരുമാനിച്ചു. പക്ഷെ ബസ്സ് വ്യവസായമേഖലയിലേക്കു പോകില്ലന്നറിയില്ലായിരുന്നു. തന്നെയുമല്ല ബസ്സില്‍ പോയാലും ഒന്നുരണ്ടു കിലോമീറ്റര്‍ നടക്കണം. മലപ്പുറത്തുവെച്ച് ഏതൊക്കെ കാട്ടിലൂടെ നടന്നിരിക്കുന്നു, ചാലിയാര്‍ പുഴ കടന്ന് വാഴക്കാട് ഫീല്‍ഡ് ഓഫീസിലേക്കുള്ള വെയിലുംകൊണ്ടുള്ള നടപ്പൊക്കെ അപ്പോളോര്‍ത്തു. അതുകൊണ്ട് അമേരിക്കയിലെ നടപ്പൊന്നും, ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല. പക്ഷേ ഡിസംബര്‍ മാസത്തിലെ കടുത്ത തണുപ്പിലും മഴയിലും അതത്ര എളുപ്പമായിരുന്നില്ല. തണുപ്പത്ത് വലിയ ജാക്കറ്റൊക്കെ ഇട്ട് ജാക്കറ്റിന്റെ ഹുഡുകൊണ്ട് തല മൂടി വേഗത്തില്‍ നടക്കും. ബസ്സുകള്‍ ഓടാത്ത വ്യവായികമേഖലയില്‍ ആ സമയത്ത്, നടക്കുന്ന ഒരേയൊരു വ്യക്തി ഞാന്‍ മാത്രമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഇടയ്ക്കൊക്കെ കാറില്‍ അതുവഴി പോകുന്ന വെള്ളക്കാര്‍ ഈ അത്ഭുതക്കാഴ്ച്ച കണ്ടു. ഇയാള്‍ക്കെന്താ ഭ്രാന്താണോ എന്ന മട്ടില്‍ നോക്കാറുണ്ടായിരുന്നു. കാറുണ്ടെന്ന് നുണ പറഞ്ഞാണ് ജോലിക്കു കയറിയത്. അതുകൊണ്ട് കാറില്ല എന്നുള്ളത് ആരും അറിയാതിരിക്കാന്‍ ഓഫീസിന്റെ പിറകുവശത്തൂടെയാണ് പലപ്പോഴും കയറാറുണ്ടായിരുന്നത്. ഒരു മൂന്നു മാസത്തോളം അങ്ങനെ പോയെങ്കിലും പതിവായി അല്‍പ്പം ലേറ്റ് ആയിട്ടാണ് ഓഫീസില്‍ എത്താറുണ്ടായിരുന്നത്. അതിത്ര ഗൗരവമുള്ള കാര്യമാണെന്ന് നമ്മള്‍ക്കറിയില്ലല്ലോ.
ഒരുദിവസം ബോസ് ഡോണ്‍ ലിയോണ്‍ ഓഫീസിലേക്കു വിളിച്ചിട്ട് വളെരെ സൗമ്യമായി പറഞ്ഞു.
'ആന്റണി ഐ വില്‍ ലെറ്റ് യു ഗോ..' ചുരുക്കിപ്പറഞ്ഞാല്‍ പറഞ്ഞുവിട്ടു. 'ഫയറിങ്' ഇതായിരുന്നു ആദ്യത്തെ ദുരനുഭവം. എന്നാലും പിടിച്ചുനില്‍ക്കാതെ പറ്റില്ലല്ലോ. അധ്വാനിക്കാന്‍ മനസ്സുള്ളവന്റെ സ്വര്‍ഗ്ഗരാജ്യംതന്നെയാണ് അമേരിക്ക എന്നതിന്റെ തെളിവായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍. അതും പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍തന്നെ.
മലയാളികള്‍ കുറവായിരുന്നെങ്കിലും ഉള്ളവര്‍ക്ക് ഒരു അസോസിയേഷന്‍ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍തേണ്‍ കാലിഫോര്‍ണിയ. മങ്ക എന്നാണ് ചുരുക്കപ്പേര്. മലയാളത്തോടുള്ള അഭിനിവേശംകൊണ്ട് ആ സംഘടനക്കുവേണ്ടി നാടകങ്ങള്‍ എഴുതിയും അഭിനയിച്ചുമാണ് എഴുത്തിന്റെയും അഭിനയത്തിന്റെയും തുടക്കം. ആ അനുഭവങ്ങളാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, എന്നെ മലയാളവുമായി ബന്ധപെടുത്തിയതും, ഒരെഴുത്തുകാരനും അഭിനേതാവുമൊക്കെ ആക്കിയതും. അതെന്നുമെനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. അങ്ങനെയുള്ള ധാരാളം അനുഭവങ്ങള്‍.
അന്നത്തെ കേരളമല്ലല്ലോ ഇന്നത്തെ കേരളം. ഞാന്‍ ജോലി ചെയിതിരുന്ന വാഴക്കാടും, അരീക്കോടുമൊക്കെ ആകെ മാറിയിരിക്കുന്നു. ചാലിയാറില്‍ പാലം വന്നു. ആ ഭൂപ്രദേശം മാത്രമല്ല കേരളത്തില്‍ നിന്ന് ഗ്രാമങ്ങള്‍തന്നെ അപ്രത്യഷമായിരിക്കുന്നു. ഇന്നിപ്പോള്‍ കേരളമെന്ന പേരുകേട്ടാല്‍....
എന്തൊക്കെയാണു നമ്മുടെ കേരളത്തിന്റെ സവിശേഷതകള്‍? അതു ചിന്തിക്കുമ്പോള്‍, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ കുറിച്ചിട്ട, 'ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം/കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍' എന്ന മഹത്തായ ദേശഭക്തിഗീതം നമുക്കോര്‍മ വരും. ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് അഭിമാനിക്കാവുന്ന എന്തൊക്കെയുണ്ട് കേരളത്തില്‍ എന്ന അന്വേഷണമാണ് ഈ കുറിപ്പ്.
ഏറ്റവും സമാധാനമായി മരിക്കാന്‍ പറ്റിയ പ്രദേശവും കേരളമാണ്! അതായത്, ക്വാളിറ്റി ഓഫ് ഡെത്തിന്റെ പട്ടികയില്‍ നമ്മള്‍ ഒന്നാമതാണ്. ഇന്ത്യയാകട്ടെ, ഉഗാണ്ടയ്ക്കും താഴെ, നൂറ്റി അറുപത്തിനാലാമതാണ്! കേരളമിപ്പോള്‍ അമേരിക്കയ്ക്കൊപ്പമാണെന്നര്‍ത്ഥം. അതുപോലെ, ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി നിരക്കിലും നമ്മള്‍ മികച്ച നിലയിലാണ്. ആയിരം കുഞ്ഞുങ്ങളില്‍ ആറു മരണങ്ങള്‍ മാത്രം. ഇന്ത്യയൊട്ടാകെയെടുത്താല്‍ അതു മുപ്പതു കുഞ്ഞുങ്ങളാണ്. ആണ്‍-പെണ്‍ അനുപാതത്തിന്റെ കാര്യത്തിലും നാം വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ്: ആയിരം ആണുങ്ങള്‍ക്ക് ആയിരത്തി എണ്‍പതു പെണ്ണുങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ശരാശരി കണക്കെടുത്താല്‍ അത് ആയിരം ആണുങ്ങള്‍ക്ക് തൊള്ളായിരത്തി എണ്‍പതു പെണ്ണുങ്ങള്‍ മാത്രമാണ്. പെണ്‍കുഞ്ഞുങ്ങളെ വയറ്റില്‍വച്ചുതന്നെ ഇല്ലാതാക്കുന്നതുകൊണ്ടോ പ്രസവിക്കാന്‍ സ്ത്രീകള്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടോ ആണിതെന്നു പറയുന്നു. ആണുണ്ടായാല്‍ പ്രസവം നിര്‍ത്താന്‍വരെ തയ്യാറാകുന്ന സംസ്‌കാരമാണു ഭാരതത്തിന്റേതെന്നത് പരസ്യമായ രഹസ്യമാണ്.
സാക്ഷരതയുടെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും പെണ്‍സാക്ഷരതയുടെ കാര്യത്തില്‍ നമ്മള്‍ ലോകത്തില്‍ത്തന്നെ ഒന്നാമതാണെന്ന വസ്തുത എത്രപേര്‍ക്കറിയാമെന്നറിയില്ല. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും നമ്മള്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പമാണ്. സ്ത്രീകളുടെ ശരാശരി ആയുസ്സ് എഴുപത്തെട്ടും പുരുഷന്‍മാരുടേത് എഴുപത്തിരണ്ടും.
കൂടാതെ ദാരിദ്ര്യരേഖയില്‍, ഇന്ത്യയില്‍ ഏറ്റവും താഴെ നില്‍ക്കുന്നതും ഈ കൊച്ചുകേരളമാണെന്നതും അഭിമാനകരമാണ്. എല്ലാ വീടുകളിലും ശൗചാലയങ്ങളുള്ള, ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. ഇന്ത്യയിലെ ഏകവികസിതമേഖലയായി കേരളത്തെ നേരത്തേതന്നെ ബിബിസി വരെ പ്രഖ്യാപിച്ചുകഴിഞ്ഞു. വര്‍ഗീയസംഘര്‍ഷങ്ങള്‍ ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം, വിനോദസഞ്ചാരത്തിനും മറ്റുമായി ഏതൊരു വിനോദസഞ്ചാരിക്കും വന്നുപോകാവുന്ന ഏകസ്ഥലം, ഉത്സവങ്ങളുടെ നാട്, സമ്പന്നമായ ക്ഷേത്രങ്ങളുടെ നാട്, പുഴകളുടെയും മലകളുടെയും കായലുകളുടെയും കടലിന്റെയും കടലോരങ്ങളുടെയും നാട്, കാടുകളുടെയും ആനകളുടെയും നാട് എന്നിങ്ങനെയെല്ലാം കേരളത്തിന്റെ പെരുമ വലുതാണ്. എല്ലാത്തിലുമുപരി, ആദ്യത്തെ ഡിജിറ്റല്‍ സ്റ്റേറ്റ് എന്ന പദവിയും നമുക്കുണ്ട്. ലോകത്തില്‍ കണ്ടിരിക്കേണ്ട പത്തു സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ഉള്‍പ്പെടുത്തിയ പ്രദേശമാണു കേരളം.
ഇനി, പറയാന്‍ മടിക്കുന്ന കുറച്ചു കാര്യങ്ങള്‍കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കള്ളുകുടിയന്‍മാരുള്ള സ്ഥലം ഇതാണ്! കള്ളിന്റെ ലഹരിയോടു മാത്രമല്ല, മതം എന്ന ലഹരിയോടുമുണ്ട് വല്ലാത്ത ആസക്തി! അതുകൊണ്ടുകൂടിയായിരിക്കണം, സാക്ഷരതയിലും വായനയിലും ചിന്തയിലുമൊക്കെ മുന്‍പന്തിയിലെത്തിയിട്ടും എല്ലാ മതങ്ങളിലും അന്ധവിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോഴും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരുടെയും പുണ്യസ്ഥലങ്ങളില്‍ പോകുന്ന ഭക്തരുടെയും എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല എന്നത് തീര്‍ത്തും അവിശ്വസനീയമാണ്.
അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളം ഇന്ത്യയിലെ ആദ്യത്തെ നിരീശ്വരസംസ്ഥാനമാകുമെന്നാണ് പ്രവചനങ്ങളെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായാണ് ഇതറിയപ്പെടുന്നത് എന്നതും വിരോധാഭാസമാണ്!
എല്ലാറ്റിനും അതിന്റേതായ കാരണങ്ങളുണ്ടാകാമെങ്കിലും മുടങ്ങാതെ ആചാരങ്ങള്‍ക്കുവേണ്ടി ആരാധനാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും പോകുന്നതും മതസ്ഥാപനങ്ങളിലേക്കു വാരിക്കോരി സംഭാവന നല്‍കുന്നതും തീര്‍ച്ചയായും സമ്പന്നതയുടെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പല അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമൊക്കെയുണ്ടെങ്കിലും മാനവികതയിലും മതേതരസംസ്‌കാരത്തിലും നമ്മുടെ കേരളംതന്നെയല്ലേ മുന്‍പന്തിയില്‍? ഇനി നിങ്ങള്‍ പറയൂ, 'പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചുറങ്ങുന്ന നാട്' എന്നു കേട്ടാല്‍ തിളയ്ക്കുമോ ചോര ഞരമ്പുകളില്‍?