1956ൽ അവൾ പിറന്നു, പേരിട്ടു കേരള കുമാരി; കേരളത്തിനൊപ്പം വളർന്നവൾ

പൂച്ചാക്കൽ: കേരളസംസ്ഥാനം രൂപവത്കരിക്കപ്പെട്ട 1956 നവംബർ മാസത്തിൽ അരൂർ ചെറുതുരുത്തിൽ വീട്ടിൽ ഒരു കുഞ്ഞു പിറന്നു. കുറച്ചുദിവസം മുൻപായിരുന്നെങ്കിൽ ആ കുഞ്ഞ് തിരുവിതാംകൂറിലാണു ജനിക്കേണ്ടിയിരുന്നത്. കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ട അതേമാസംതന്നെ പിറന്ന ഓമനമകൾക്ക് മറ്റൊരു പേരിടാൻ അച്ഛനായ മാധവൻ വൈദ്യർക്കും അമ്മ പാർവതിക്കും മനസ്സുവന്നില്ല. ‘കേരളകുമാരി’. അവർ അവളെ വിളിച്ചു. മാതാപിതാക്കളുടെ ഇളയ (അഞ്ചാമത്തെ) മകളായി കേരളകുമാരി വളർന്നു.
അച്ഛനമ്മമാർ തന്നെ വിട്ടുപിരിഞ്ഞിട്ട് വർഷമേറെയായെങ്കിലും അവരിട്ട പേരിൽ അഭിമാനംകൊള്ളുകയാണ് ഇന്നും കേരളകുമാരി എന്ന 68-കാരി. കേരളപ്പിറവിയുടെ സന്തോഷത്താലാണ് മകൾക്ക് കേരളത്തെ ഒപ്പംചേർത്തു പേരിട്ടതെന്ന് അച്ഛനമ്മമാർ തന്നോടു പറഞ്ഞിട്ടുള്ളതായി കേരളകുമാരി ഓർക്കുന്നു. 1132 തുലാം മാസത്തിലാണ് തന്റെ ജനനമെന്നും അത് ഇംഗ്ലീഷ് മാസപ്രകാരം 1956 നവംബർ മാസമാണെന്നും മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാഗസ്വരം ജീവനക്കാരിയായി 1987-ൽ ജോലി ലഭിച്ച കേരളകുമാരി 2011-ൽ വിരമിച്ചു. ചെട്ടികുളങ്ങര ദേവീക്ഷേത്രം, ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രം, തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രത്തിൽനിന്നാണ് വിരമിച്ചത്.
ഇപ്പോഴും നാഗസ്വരം വായനയ്ക്കു പോകുന്നുണ്ട്. ഒരു കലാകുടുംബം എന്ന നിലയിലാണ് താനുൾപ്പടെ നാലു സഹോദരിമാർ വളർന്നതെന്ന് കേരളകുമാരി പറഞ്ഞു. സൗമിത്രൻ എന്ന സഹോദരനും ഉണ്ടായിരുന്നു. അരൂർ സിസ്‌റ്റേഴ്‌സ് എന്ന പേരിൽ അറിയപ്പെട്ട ഈ നാലു സഹോദരിമാർ പൊതുപരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. പരേതനായ സുരേഷ്ബാബുവാണ് കേരളകുമാരിയുടെ ഭർത്താവ്. മഞ്ജുഷ, മനേഷ് എന്നിവർ മക്കളാണ്.
Content Highlights: Meet Kerala Kumari, a woman born on the day Kerala state was formed in 1956