അന്ന് 12 മണിയായപ്പോള്‍ 101 കതിനാവെടികള്‍ മുഴങ്ങി, കേരളപ്പിറവിയായി

#ഡോ. പി. ഭാസ്‌ക്കരന്‍ നായര്‍
Photo: mathrubhumi archives
Photo: mathrubhumi archives

ഹൈസ്‌കൂള്‍ പഠനകാലത്ത് അഡ്രസ് എഴുതിയിരുന്നത് ഇപ്രകാരമാണ്. 

സെയിന്റ് ജോസഫ് ഹൈസ്‌കൂള്‍
പാവറട്ടി, പൊന്നാനി താലൂക്ക്
സൗത്ത് മലബാര്‍
മദ്രാസ് പ്രസിഡന്‍സി

അന്നത്തെ മദ്രാസ് സംസ്ഥാനം, കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്നു. എന്റെ  എസ്എസ്എല്‍സി ബുക്ക് മദ്രാസില്‍ നിന്നാണ് അയച്ചു കിട്ടിയത്. അക്കാലത്ത് ഞാന്‍ ഗുരുവായൂരില്‍ നിന്ന് തൃശ്ശൂര്‍ക്ക് ബസ്സില്‍ പോകുമ്പോള്‍ കേച്ചേരി കഴിഞ്ഞ് പകുതി ദൂരം പിന്നിടുമ്പോള്‍, മുളകള്‍ കൊണ്ട്  ബാരിക്കേഡ് വച്ച ഒരു ചെക്ക് പോയിന്റ് ഉണ്ട്. അവിടെ തന്നെ  ഒരു പോലീസ് ചെക്ക് പോസ്റ്റും ഉണ്ടായിരുന്നു. ബസ് അവിടെ നിര്‍ത്തിക്കഴിഞ്ഞ് പോലീസ് ചെക്ക് പോസ്റ്റില്‍  നിന്ന് ഒന്നോ രണ്ടോ പോലീസുകാര്‍ ഇറങ്ങിവന്ന് ബസ്സിനുള്ളില്‍ ഒരു പരിശോധനയുണ്ട്. സീറ്റിനടിയില്‍ വെച്ചിട്ടുള്ള സാധനങ്ങളില്‍ എല്ലാം  അവര്‍ കുത്തി നോക്കും. കൊച്ചി സംസ്ഥാനത്തിലേക്ക് അനധികൃതമായി എന്തെങ്കിലും കൊണ്ട് പോകുന്നുണ്ടോ എന്നറിയാനാണ് ഈ പരിശോധന. അവര്‍ ബസിലെ യാത്രക്കാരെയും വെറുതെ വിട്ടിരുന്നില്ല. കൂര്‍ത്ത തൊപ്പി, കാക്കി ഷര്‍ട്ടും മുട്ടിനു മീതെ മാത്രം നീളമുള്ള ട്രൗസറും രണ്ട് കാലിലും പട്ടീസും കെട്ടിയ പോലീസുകാര്‍. ജനങ്ങള്‍ക്ക് പൊതുവെ പോലീസിനെ പേടിയായിരുന്നു.  അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ അടൂര്‍ ഭാസിയുടെ പോലീസു വേഷം തന്നെ.

കേരളത്തിലെ പഴയകാല ബസ് സ്റ്റാൻഡ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പോലീസ്, ഓക്കേ പോകാം എന്ന്  പറഞ്ഞാല്‍ ബസ്സിന് യാത്ര തുടരാം. എന്തൊക്കെ കള്ളക്കടത്ത് സാധനങ്ങളാണോ അവര്‍ പിടിച്ചിട്ടുള്ളത്?

ഞാന്‍ അക്കാലത്ത് കേരളവര്‍മ്മ കോളേജില്‍ അവസാന ബാച്ച് ഇന്റര്‍മീഡിയറ്റിന് പഠിക്കുകയാണ്. അന്നൊക്കെ കോളേജിലെ പ്രിന്‍സിപ്പലും പ്രൊഫസര്‍മാരും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളിലാണ് വന്നിരുന്നത്. ഒന്നിന് പിറകേ മറ്റൊന്നായി. അതില്‍ നിന്ന് ഇറങ്ങി വരുന്ന പ്രൊഫസര്‍മാരും വനിതാ പ്രൊഫസര്‍മാരും കണ്ണിന് കുളിര്‍മയേറുന്ന കാഴ്ചകള്‍ ആയിരുന്നു. റിക്ഷ വലിക്കുന്ന ചാക്കപ്പനും അന്തോണിയും മുരുകനും പളനിയും എല്ലാം വിയര്‍ത്തൊലിച്ച് വായു വേഗത്തില്‍ വരുന്ന കാഴ്ച, വിദ്യാര്‍ഥികളെ  അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഇനി സ്വപ്നങ്ങളില്‍ മാത്രമാകുന്ന കാഴ്ചകള്‍.

പഴയ പോലീസ് വേഷം ധരിച്ച ഒരു പോലീസുകാരൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ മുന്‍വശത്ത് പ്രഭാതങ്ങളില്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ടു പോകുന്ന ഉന്തുവണ്ടികള്‍. തോട്ടിപ്പണി തന്നെ. വീടുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യം അവരുടെ ഉന്തുവണ്ടിയില്‍ വച്ചിട്ടുള്ള  വലിയ ഡ്രമ്മിലേക്ക് പകര്‍ത്തിക്കൊണ്ടുപോകുന്നത് ദയനീയമായ കാഴ്ചയായിരുന്നു. റോഡില്‍ കൂടെ പോകുന്ന  ഉന്ത് വണ്ടികളെ കാണുമ്പോള്‍  അങ്ങോട്ട് നോക്കാതെ മൂക്കുപൊത്തിപ്പിടിച്ച് നടന്നുനീങ്ങുന്ന വഴി യാത്രക്കാര്‍. മുഷിഞ്ഞ വസ്ത്രം മാത്രം ധരിക്കുന്ന തോട്ടിപ്പണി ചെയ്യുന്ന ഹതഭാഗ്യരായ, ആ പാവം മനുഷ്യരുടെ ജീവിതത്തെപ്പറ്റി അന്വേഷിച്ച് ആരെങ്കിലും ചെല്ലാറുണ്ടോ?

ഷൊർണൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തിയിരുന്നു പഴയ ബസ്| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

കേരളപ്പിറവി ദിനമായ നാളെ 1956 നവംബര്‍ ഒന്നിന് ഇതിനെല്ലാം മാറ്റങ്ങള്‍ സംഭവിക്കുമോ? ഏതായാലും ലോഡ്ജില്‍ താമസിക്കുന്ന ഞങ്ങള്‍ മൂന്നു നാല് പേര്‍ കേരളപ്പിറവി സമ്മേളനം കാണാന്‍ പോകണം എന്ന് തീരുമാനിച്ചു. രാത്രി ഭക്ഷണം നേരത്തെ കഴിക്കണം, ഞങ്ങള്‍ പുറപ്പെടാനൊരുങ്ങി. അര കിലോമീറ്റര്‍ ദൂരത്തുള്ള ഹോട്ടലിലാണ് ഭക്ഷണം. എട്ടുമണിക്ക് മുമ്പേ എത്തിയില്ലെങ്കില്‍ കട അടയ്ക്കും. അവിടെ ഒരു  പഴയ ബെഞ്ചും ഒരു ഡസ്‌കും മാത്രമേ ഉള്ളൂ. ഇലയില്‍ വിളമ്പിയ ചൂടു ചോറും ഒരു മത്തങ്ങ കറിയും അര സ്പൂണ്‍ നാരങ്ങാ കറിയും പിന്നെ മോരും.  ഇലയുടെ വശം  ഉയര്‍ത്തിപ്പിടിച്ചില്ല എങ്കില്‍ മോര്  നമ്മുടെ മടിയിലാവും വീഴുക. ഏതായാലും വയറു നിറയെ ചോറുണ്ട് ഇല കൂട്ടിപ്പിടിച്ച് പുറത്തു അതു ഇടാനുള്ള  നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കണം. ഊണിന്റെ ചാര്‍ജ് നാലണ അപ്പോള്‍ കൊടുക്കേണ്ടതില്ല. പറ്റു പുസ്തകത്തില്‍ ഒരു വര വരച്ചാല്‍ മതി.

ഭക്ഷണം കഴിച്ച് തിരികെ ലോഡ്ജിലേക്ക് മടങ്ങി. ഒന്‍പത്  മണിയായപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ കേരളപ്പിറവി സമ്മേളനം നടക്കുന്ന പൂരപ്പറമ്പിലെ വിദ്യാര്‍ത്ഥി കോര്‍ണറിലേക്ക് യാത്രയായി. രണ്ടു മൂന്നു കിലോമീറ്റര്‍ നടക്കണം പൂരപ്പറമ്പിലേക്ക്. അന്നൊന്നും ഓട്ടോറിക്ഷകള്‍ ഇല്ലല്ലോ. തൃശ്ശൂര്‍ നഗരം മയക്കത്തിലേക്ക് കടന്നിരുന്നു. രാത്രി 12 മണിയോട് അടുക്കാറായപ്പോള്‍ സമ്മേളന സ്ഥലമായ പൂരപ്പറമ്പില്‍ ഞങ്ങള്‍ എത്തി. ഏകദേശം ഇരുന്നൂറ് പേര്‍ അവിടെ കൂടി നില്‍പ്പുണ്ട്. മുളക്കാലുകളില്‍ കെട്ടി നിര്‍ത്തിയ നൂറോളം ട്യൂബ് ലൈറ്റുകള്‍ പ്രകാശം ചൊരിയുന്നു. അത്രയധികം ട്യൂബ് ലൈറ്റുകള്‍ ഒന്നിച്ചു കാണുന്നത് ആദ്യമായായിരുന്നു. ആരൊക്കെയോ വേദിയില്‍ പ്രസംഗിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളാണ്. കോളാമ്പി വച്ചിട്ടുള്ളത് കൊണ്ട് ശബ്ദം ദൂരേക്ക് കേള്‍ക്കാം.

തൃശൂർ ടൗണിന്റെ ഒരു പഴയകാല ചിത്രം | Photo by KV Ouseph,Thara studio Thrissur

12 മണിയായപ്പോള്‍ 101 കതിനാ വെടികള്‍ മുഴങ്ങി. കേരളപ്പിറവിയായി. പിന്നെ അധികം താമസിച്ചില്ല അവിടെ ഉണ്ടായിരുന്ന ജനങ്ങളെല്ലാം മെല്ലെ മെല്ലെ പിരിഞ്ഞു പോയി. ഞങ്ങള്‍ പിന്നെയും അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നു. സ്റ്റേജിന്റെ ഭാഗത്ത് ഒരു മേശയും രണ്ടുമൂന്നു കസേരകളും മാത്രം. അതിനു  മുന്നില്‍ ഏതാനും ബെഞ്ചുകളും. അക്കാലത്ത് പ്ലാസ്റ്റിക് കസേരകള്‍ ഒന്നുമില്ലല്ലോ. തങ്ങളുടെ ദൗത്യം നിര്‍വഹിച്ചു  കഴിഞ്ഞ് അവിടവിടെയായി മറിഞ്ഞുവീണു കിടക്കുന്ന കതിനക്കുറ്റികളും.

അവിടെ നിന്നു നോക്കിയാല്‍ സ്വരാജ് റൗണ്ടിലെ പ്രസിദ്ധമായ പത്തന്‍സ് കാണാം. രാത്രി ഏറെയായിട്ടും കട പൂട്ടിയിട്ടില്ല. കേരളപ്പിറവി സമ്മേളനം കാരണമായിരിക്കാം ഇത്രയും വൈകിയത്. ജോസ് തിയേറ്ററിനടുത്തും രാമവര്‍മ്മ തിയറ്ററിന് അടുത്തും സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് വരുന്നവരെയും കാത്ത് പെട്രോമാക്‌സ് വെളിച്ചത്തില്‍ കപ്പലണ്ടി വില്‍ക്കുന്ന ഉന്തുവണ്ടികള്‍ കാത്തു കിടന്നു. ലതാ മങ്കേഷ്‌കറിന്റെയും മുഹമ്മദ് റാഫിയുടെയും അക്കാലത്തെ  ഹിറ്റ് ഗാനങ്ങള്‍ ട്രാന്‍സിസ്റ്ററില്‍ കൂടി അവിടെയെല്ലാം മുഴങ്ങി കേള്‍ ക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ ഷൊര്‍ണൂര്‍ റോഡിലൂടെ നടന്ന്, തിരുവമ്പാടി വഴിയിലൂടെ  തിരികെ പൂങ്കുന്നത്തെ  ലോഡ്ജിലേക്ക് രണ്ടു മണിയോടെ  തിരിച്ചെത്തി. തിരികെ വരുന്ന വഴിയില്‍ അവിടെവിടെ ഒന്നോ രണ്ടോ ആളുകളെ  മാത്രം കണ്ടു. വഴിയില്‍ ഒന്നും കള്ളുകുടിയന്മാരില്ല,  അലഞ്ഞു തിരിയുന്ന നായ്ക്കള്‍  ഇല്ല. പട്ടണം സുഖനിദ്രയില്‍ ആണ്ടിരിക്കുന്നു. കേരളപ്പിറവി കണ്ട  ചാരിതാര്‍ത്ഥ്യത്തോടെ, നാളത്തെ പുത്തന്‍ കേരളത്തെ  സ്വപ്നം കണ്ടു ഞങ്ങളും നിദ്രയിലേക്ക്. 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം  രാജ്യങ്ങളില്‍', കവി പാലാ നാരായണന്‍ നായരുടെ വരികള്‍ വീണ്ടും വീണ്ടും അയവിറക്കിക്കൊണ്ട്.

Content Highlights: Relive the historic night of Kerala`s formation in 1956 through the eyes of a witness