ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്, നിയമസഭയിൽ അംഗമായ ആദ്യ വനിത.. വനിതാ കേരളം!

68-ാം കേരളപ്പിറവിദിനം കൊണ്ടാടുകയാണ് നമ്മൾ. 1956 നവംബർ ഒന്നിനാണ് കേരളസംസ്ഥാനം രൂപംകൊണ്ടത്. പ്രധാന പദവികൾ ആദ്യമായി അലങ്കരിച്ച കേരളത്തിലെ ചില വനിതകളെ പരിചയപ്പെടാം.
ഓമനക്കുഞ്ഞമ്മ : രാജ്യത്തെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് എന്ന പദവിയിലെത്തിയ വനിതയാണ് ഓമനക്കുഞ്ഞമ്മ. സംസ്ഥാന സർവീസിൽ ജോലിചെയ്ത ആദ്യ വനിതാ ഐ.എ.എസ്. ഓഫീസറായിരുന്നു ഇവർ. 1960-ൽ സാമൂഹ്യക്ഷേമവകുപ്പിന്റെ ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ പതിന്നാലാം കളക്ടറായിരുന്ന ഇവർ ഭിന്നശേഷിക്ഷേമ കമ്മിഷൻ ചെയർപേഴ്‌സണായും പ്രവർത്തിച്ചു.
ദാക്ഷായണി വേലായുധൻ: ഇന്ത്യയുടെ ഭരണഘടനാനിർമാണസമിതിയിൽ അംഗമായ ആദ്യ ദളിത് വനിത. ദാക്ഷായണി വേലായുധനും ഭർത്താവ് ആർ. വേലായുധനുമാണ് കേരളത്തിൽനിന്ന് ലോക്‌സഭയിൽ അംഗങ്ങളായ ആദ്യ ദമ്പതിമാർ. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി കെ.ആർ. നാരായണൻ ഇവരുടെ ബന്ധുവായിരുന്നു. 1940-ൽ വാർധയിലെ സേവാഗ്രാമിൽവെച്ച് മഹാത്മാഗാന്ധിയുടെയും കസ്തൂർബാഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം.
ഡോ. മേരി പുന്നൻ ലൂക്കോസ് : ഇന്ത്യയിലെ ഒരു നിയമസഭയിൽ അംഗമായ ആദ്യ വനിതയായി ഇവർ മാറിയതിന്റെ നൂറാംവാർഷികം ആഘോഷിക്കുകയാണ് 2024-ൽ. 1924 സെപ്റ്റംബർ 23-ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചതും ഇവരാണ്. ആദ്യമായി വിദേശത്ത് പോയി എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ വനിത, ആദ്യത്തെ സി-സെക്‌ഷൻ സർജറി ചെയ്ത വനിതാ ഡോക്ടർ, ആദ്യ വനിതാ സർജൻ ജനറൽ എന്നിങ്ങനെ പല മേഖലകളിലും ആദ്യത്തെത് എന്ന റെക്കോഡിനർഹയാണ് ഡോ. മേരി പുന്നൻ ലൂക്കോസ്.
അന്നാ മാണി: ‘വെതർ വുമൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഈ മലയാളിവനിതയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് 2022-ൽ ഗൂഗിൾ ഡൂഡിൽ ആക്കിയിരുന്നു. ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്റെ കീഴിൽ ഗവേഷണം നടത്തിയിരുന്ന ഇവർ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തിയ ആദ്യ വനിതകൂടിയാണ്. നൂറോളം കാലാവസ്ഥാ ഉപകരണങ്ങൾ ഉണ്ടാക്കിയെടുത്തും ലളിതമാക്കിയും ഇന്ത്യൻ കാലാവസ്ഥാരംഗത്തെ പരിപോഷിപ്പിച്ച പ്രധാന വ്യക്തിത്വമാണ് അന്നാ മാണി. ഓസോൺപാളിയെക്കുറിച്ച് പഠനം നടത്തിയ ഇവർ അന്താരാഷ്ട്ര ഓസോൺ കമ്മിഷനിൽ അംഗമായിരുന്നു.
കെ.ആർ. ഗൗരിയമ്മ: പ്രഥമ കേരളമന്ത്രിസഭയിലെ റവന്യുവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്കരണനിയമം അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തത്. ഏറ്റവും കൂടുതൽക്കാലം നിയമസഭാംഗമായിരുന്ന വനിത, ഏറ്റവും കൂടുതൽക്കാലം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന വനിത എന്ന ഖ്യാതിയും ഇവർക്കാണ്. അഞ്ചാം നിയമസഭയിലൊഴികെ ഒന്നുമുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. കെ.ആർ. ഗൗരിയുടെ മൂത്തസഹോദരി കെ.ആർ. നാരായണിയാണ് കേരളത്തിൽ ആദ്യമായി മോട്ടോർ സൈക്കിൾ ഓടിച്ച വനിത.
Content Highlights: Discover the inspiring journeys of Keralas pioneering women