വായിക്കാൻ പഠിച്ച പെൺകുട്ടി വിധവയാകുമെന്ന് വിശ്വസിച്ച കാലം;കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന വഴി

ഇടശ്ശേരിയുടെ പ്രസിദ്ധമായ പൂതപ്പാട്ട് പഴയകാലത്തെ വിദ്യാഭ്യാസ രീതി വ്യക്തമാക്കുന്നു. "ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു. കണ്ണും കാതുമുറച്ചുകഴിഞ്ഞു. പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാൻ ഉള്ളിൽ കൗതുക മേറിക്കഴിഞ്ഞു. കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും മയ്യിട്ടേറെ മിനുക്കിയൊരോലയുമങ്ങനെയങ്ങനെ നീങ്ങിപ്പോമൊരുണ്ണിയെ" ആണ് കവി പരിചയപ്പെടുത്തുന്നത്. നാരായവും ഓലയും എഴുത്തുപകരണങ്ങളായ കുടിപ്പള്ളിക്കൂടങ്ങളാണ് കേരളത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഒരു ഓലഷെഡ്. അതില്‍ പൂഴിയില്‍ എഴുതി കുട്ടികള്‍ അക്ഷരമാല പഠിച്ചു. 1891-ലെ സെന്‍സസ് പ്രകാരം 1300-ലധികം കുടിപ്പള്ളിക്കൂടങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. സ്വാശ്രയവിദ്യാഭ്യാസത്തിന്റെ പൂര്‍വരൂപവുമാണിത്. ആശാന്മാര്‍ക്ക് രക്ഷിതാക്കള്‍ ദക്ഷിണയും ഫീസും നല്‍കി. പക്ഷേ കുടിപ്പള്ളിക്കൂടങ്ങളില്‍ അധസ്ഥിതജാതിക്കാര്‍ക്ക് പഠനം അനുവദിച്ചിരുന്നില്ല. ഏഴ് വയസ്സിലെ പ്രൈമറിസ്കൂള്‍ പഠിപ്പാരംഭം ലോകത്ത് ഫിന്‍ലാന്റ്, എസ്തോണിയ, റഷ്യ തുടങ്ങിയ മുപ്പതിലധികം രാജ്യങ്ങളിലുമുണ്ട്. കേരളത്തിലും ഉണ്ടായിരുന്നു. ഇന്ന് ഉണ്ണിക്കഞ്ച് വയസ്സാകണ്ട എന്ന മനോനിലയിലാണ് രക്ഷിതാക്കള്‍. ഓലയിലെഴുത്ത് മാറുകയും സ്ലേറ്റും കല്ലുപെന്‍സിലും മഷിത്തണ്ടും അടങ്ങുന്ന മൂവര്‍സംഘം കുട്ടികളുടെ കൈയിലെത്തുകയും ചെയ്തു. ചോക്കും ബ്ലാക്ക് ബോര്‍ഡും ചൂരലും ഡസ്റ്ററും ബഞ്ചും ക്ലാസുകളില്‍ ഇടം പിടിച്ചു. 1,2 ക്ലാസുകളിൽ സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ചിരുന്നു. പിന്നീട് ബുക്കും പെന്‍സിലും വന്നു. പെന്‍സില്‍ മഷിപ്പേനയ്കും മഷിപ്പേന ബോള്‍പോയന്റ് പേനകള്‍ക്കും ഒഴിഞ്ഞുകൊടുത്തു. പാഠപുസ്തകങ്ങള്‍ മാത്രമുള്ള അവസ്ഥയില്‍ നിന്ന് ഡിജിറ്റല്‍പാഠപുസ്തകങ്ങളിലേക്ക് ചുവടുവെക്കുകയാണ് കേരളം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അധ്യാപകറോബോട്ടുകളും ക്ലാസില്‍ അധ്യാപകര്‍ക്കൊപ്പം കടന്നുവരികയാണ്. തിരുവനന്തപുരം കെടിസിടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐറിസ് എന്ന എ ഐ അധ്യാപിക ക്ലാസെടുത്തത് വാര്‍ത്തയായിരുന്നു. ഐറിസിന് മൂന്നു ഭാഷകളില്‍ അധ്യാപനം നടത്താനുമാകും.
തോര്‍ത്തുമുണ്ടില്‍ നിന്ന് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക്
പണ്ടുകാലത്ത് പഠിക്കാന്‍ പോകുമ്പോള്‍ ആൺകുട്ടികൾ അധികവും തോർത്തുമുണ്ടും കുപ്പായവും ധരിച്ചിരുന്നു. പിന്നീട് ആൺകുട്ടികൾ നിക്കർ ധരിച്ചു തുടങ്ങി. പെൺകുട്ടികൾക്ക് ഒറ്റയുടുപ്പും അരപ്പാവാടയും ഒക്കെയായിരുന്നു വേഷം. അധ്യാപകര്‍ പൊതുവേ വെള്ള വസ്ത്രമാണ് തെരഞ്ഞെടുത്തത്. അധ്യാപികമാര്‍ സാരിയും. ക്രിസ്തീയ അധ്യാപികമാര്‍ക്ക് മുണ്ടും ചട്ടയും കവണിയുമായിരുന്നു വേഷം. നീളമുള്ള മുണ്ട് ഉടുത്ത് പിറകുവശത്തു വിശറിപോലെ ഞൊറിഞ്ഞ അടുക്കുമിട്ട് അവര്‍ പഠിപ്പിക്കാനെത്തി. സാരിധരിച്ചെത്തുന്നത് ധിക്കാരമായി അക്കാലത്ത് വിലയിരുത്തി. ക്രമേണ അധ്യാപികമാര്‍ സാരിയിലേക്കും അധ്യാപകര്‍ പാന്റ്സിലേക്കും മാറി. ചുരിദാര്‍ ധരിക്കാന്‍ ടീച്ചര്‍മാര്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി ഉത്തരവുണ്ടായി. 2021 ല്‍ അധ്യാപികമാര്‍ക്ക് ഡ്രസ് കോഡില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത് ഏതാനും മാനേജ്മെന്റുകള്‍ ഇക്കാര്യത്തില്‍ പിടിവാശി പ്രകടിപ്പിച്ചപ്പോഴാണ്. ലിംഗനിഷ്പക്ഷ (ജെൻഡർ ന്യൂട്രൽ) മാക്കണമെന്ന നിർദേശം എൻ.സി.ഇ.ആർ.ടി 2023ല്‍ മുന്നോട്ടുവെക്കുന്നതിനും മുമ്പേ കേരളത്തിലെ പല വിദ്യാലയങ്ങളും അത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലക്ഷ്മണരേഖ വരച്ചുശീലിച്ച യാഥാസ്ഥിതികശീലക്കാര്‍ എതിര്‍പ്പുമായി വന്നെങ്കിലും കേരളത്തിലെ ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളടക്കം മാറ്റത്തിന്റെ പാതയിലാണ്.
ഉപ്പുമാവും പൊതിച്ചോറും ഉച്ചഭക്ഷണപരിപാടിയും
"കുട്ടി തൻ കയ്യിലെ ചോറ്റുപാത്രം നടു-
റോട്ടിൽ വീണുള്ളിൽ നിന്നെല്ലാം നിലത്തു പോയ്!
കുട്ടി തൻ കണ്ണു നിറഞ്ഞുപോയ്! ഉച്ചയ്ക്കു-
പട്ടിണിയാകുമെന്നോർത്തല്ല, തൻ ചോറ്റു-
പാത്രത്തിൽ നിന്നൂർന്നു വീണതു നാലഞ്ചു
കപ്പക്കഷണമാണാളുകൾ കണ്ടുപോയ്!”
ഒ. എൻ.വി.കുറുപ്പ് എഴുതിയ കൊച്ചുദു:ഖം എന്ന കവിതയിലെ വരികള്‍ വിദ്യാലയത്തിലെത്തുന്ന കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. എല്ലാ കുട്ടികള്‍ക്കും ഉച്ചനേരത്ത് ഭക്ഷണം ഉണ്ടായിരുന്നില്ല. ഉച്ചപ്പട്ടിണിയോടെ കുട്ടികള്‍ പഠിച്ചു. ചിലര്‍ അക്കാരണത്താല്‍ പഠനം ഉപേക്ഷിച്ചു. 1936 മുതല്‍ 1947 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു സര്‍.സി.പി. രാമസ്വാമി അയ്യര്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കിയിരുന്നു. ഉച്ചക്ക് മഞ്ഞനിറമുള്ള ഉപ്പുമാവ് വട്ടയിലയിലോ വാഴയിലയിലോ കഴിച്ചവരാകും ഇന്നത്തെ മുതിര്‍ന്ന തലമുറക്കാര്‍. 1961-62 ല്‍ G.O. (Rt) No. 2013/61 Edn.dated 31-8-1961 പ്രകാരം സംസ്ഥാനത്തെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ഉപ്പുമാവ് ഉച്ചഭക്ഷണമായി നല്‍കുന്ന പരിപാടി CARE (Co-operative for American Relief Everywhere) ന്റെ ധനസഹായത്തെടെ ആരംഭിച്ചു. 1984 ല്‍ അവര്‍ സഹായം നിറുത്തലാക്കി. 1986 ല്‍ പൂര്‍ണ്ണമായി ഈ രംഗത്തുനിന്ന് പിന്‍വലിഞ്ഞു.1-12-1984 ഉച്ചക്കഞ്ഞിപ്പരിപാടി നടപ്പിലായി. വലിയ ബക്കറ്റില്‍ അധ്യാപകര്‍ നിരന്നിരിക്കുന്ന കുട്ടികള്‍ക്ക് കഞ്ഞിയും പയറും വിളമ്പി. 15-8-1987 മുതല്‍ ഉച്ചക്കഞ്ഞി പരിപാടി യു .പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. പിന്നീട് കഞ്ഞി മാറുകയും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാവുകയും ചെയ്തു. പാലും മുട്ടയും ഏത്തപ്പഴവുമെല്ലാം കുട്ടികള്‍ക്ക് ആഴ്ചയില്‍ നല്‍കാന്‍ ഉത്തരവുണ്ടായി. ഉച്ചഭക്ഷണത്തിനുള്ള തുക പര്യാപ്തമല്ലാതെ വരികയും പ്രഥമാധ്യാപകര്‍ വട്ടംചുറ്റുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.
അക്ഷരമാലാ രീതിയില്‍ നിന്ന് ആശയാവതരണത്തിലേക്ക്
തിരുവിതാംകൂർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയതനുസരിച്ച് 1926 ല്‍ മാക്മില്ലന്‍ കമ്പനി അഞ്ച് ചക്രം വിലയുള്ള ഒന്നാംപാഠപുസ്തകം തയ്യാറാക്കിയിരുന്നു. അതില്‍ വാദ്യാന്മാര്‍ക്കുള്ള ഉപദേശങ്ങള്‍ എന്നൊരു ഭാഗമുണ്ട്. അത് തുടങ്ങുന്നതിങ്ങനെയാണ് "അക്ഷരപാഠം പഠിപ്പിക്കാൻ ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്ന രീതി മലയാളത്തിൽ നൂതനമാകുന്നു.” അക്ഷരമാലാരീതിയില്‍ നിന്നും വ്യത്യസ്തമായി അ, ക, ച, ത, ന, പ, മ, വ, സ, ഞ, ട, ണ, ര, ല, റ, ള, ശ,യ, ഷ, ഴ, ഹ, ണ്‍, ല്‍, ന്‍, ര്‍, ള്‍ എന്നിവ ആദ്യപാഠങ്ങളില്‍ ചിത്രസഹിതമുള്ള വാക്കുകള്‍ക്കുള്ളില്‍ പരിചയപ്പെടുത്തി. 1946 ലെ ചിത്തിരതിരുനാള്‍ പാഠാവലി ഒന്നാം പാഠപുസ്തകം എഴുതാന്‍ ലാളിത്യമുള്ള അക്ഷരങ്ങളെ ആദ്യം പരിചയപ്പെടുത്തി. പറ, പന എന്നിവയാണ് ആദ്യപാഠത്തിലുള്ളത്.
പദാവതരണരീതിയിലേക്ക് ചുവടുമാറി
ശൂരനാട്ടു കുഞ്ഞൻ പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 1957 ലെ ഒന്നാം ക്ലാസ് പാഠാവലിയില്‍ വീണ്ടും മാറ്റം വന്നു. അകാരാദി സ്വരങ്ങൾ ക്രമത്തില്‍ പരിചയപ്പെടുത്തുന്ന പദാവതരണരീതിയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. 1958ല്‍ അക്ഷരമാലാക്രമത്തിന് പ്രാധാന്യം നല്‍കിയ പദാവതണരീതി ഉപേക്ഷിക്കുകയും എഴുത്തുലാളിത്യം വീണ്ടും പരിഗണിച്ച് പറ, പത, തറ, തല, വല എന്നിവ ആദ്യപാഠങ്ങളായി. അക്ഷരാവതരണരീതിയും പദാവതരണരീതിയും നിലനിന്നപ്പോള്‍ത്തന്നെ വാക്യാവതരണരീതിയും കഥാവതരണരീതിയുമെല്ലാം ശാസ്ത്രീയമാണെന്ന ചര്‍ച്ചയും കേരളസമൂഹത്തിലുണ്ടായി. കൈനിക്കര കുമാരപിള്ള രചിച്ച മലയാളഭാഷാധ്യാപനം (1952) എന്ന കൃതിയില്‍ ആശയാവതരണരീതി അവതരിപ്പിക്കുന്നുണ്ട്. 1997ല്‍ പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതി നിലവില്‍ വന്നപ്പോള്‍ പഠനസമീപനത്തിലും ഭാഷാസമീപനത്തിലും വലിയ മാറ്റം വന്നു. വ്യവഹാരവാദത്തില്‍ അധിഷ്ഠിതമായ യാന്ത്രികപഠനരീതികള്‍ ഉപേക്ഷിച്ചു. ആശയാവതരണരീതി പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പാഠപുസ്തകം തയ്യാറാക്കി. ഒന്നാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രമായി എഴുതാന്‍ കഴിവുനേടുന്ന രീതിയിലേക്ക് ആശയാവതരണരീതിയെ സമീപകാലത്ത് പരിഷ്കരിക്കുകയുണ്ടായി. കുട്ടികള്‍ എഴുതിയ ഒന്നരലക്ഷത്തിലധികം ഡയറിക്കുറിപ്പുകള്‍ കുഞ്ഞെഴുത്തുകള്‍ എന്ന പേരില്‍ കൈറ്റ് വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. കുട്ടികള്‍ ബാലസാഹിത്യകൃതികള്‍ വായിക്കാന്‍ കഴിവ് നേടി. ഒന്നാം ക്ലാസിലെ കുട്ടികള്‍ രചിച്ച കഥകളും പാട്ടുകളും ബാലപ്രസിദ്ധീകരണങ്ങളില്‍ ഇടം പിടിച്ചു.
1817ലെ വിളംബരത്തില്‍ നിന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിലേക്ക്
ഗൗരി പാർവതിഭായ് 1817 ജൂൺ 17നു പുറപ്പെടുവിച്ച ശാസനം കൊല്ലത്തിന് വടക്കുള്ള പ്രദേശങ്ങളില്‍ ഉള്ള പിള്ളാരെ എഴുത്ത് പഠിപ്പിക്കുന്നതിന് വാധ്യാന്മാര്‍ക്ക് ശംബളം കൊടുപ്പാന്‍ ജനങ്ങള്‍ക്ക് വകയില്ലാതെയും പള്ളിക്കൂടെ വെച്ച് വാധ്യാന്മാര്‍ വന്നു പാര്‍ക്കാതെയും ആ ദിക്കിലുള്ള ആളുകള്‍ എഴുത്തും വായനയും ഇടപെട്ടുള്ള വിദ്യാഭ്യാസം ഏറെ കുറവായി വന്നിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഓരോ സ്കൂളിലും 50 പണം (ഏഴുരൂപ) ശമ്പളത്തില്‍ രണ്ട് അധ്യാപകരെ വീതം നിയമിക്കുകയും തഹസീല്‍ദാര്‍മാരെ സ്കൂള്‍ പരിശോധനയ്ക്കുള്ള ചുമതല ഏല്പിക്കുകയും ചെയ്തു. പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമായിരുന്നു. ഉദ്യോഗസ്ഥതല വിദ്യാലയപരിശോധനയുടെ ചരിത്രം തുടങ്ങുന്നതങ്ങനെയാണ്. ഇന്‍സ്പെക്ടറും ഇന്‍സ്പെക്ഷനും മാറുകയും വിദ്യാലയമോണിറ്ററിംഗ് എന്ന പദവും പ്രക്രിയയും കേരളം സ്വീകരിക്കുകയും ചെയ്തു.
നടന്നെത്താവുന്ന ദൂരത്തില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് കേരളം ശ്രദ്ധ വെച്ചു. ഫീസ് നിർത്തലാക്കി. സൗജന്യപാഠപുസ്തകം, സൗജന്യയൂണിഫോം, ഉച്ചഭക്ഷണപരിപാടി, അധ്യാപകവിദ്യാര്‍ഥി അനുപാതം കുറയ്കല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ വലിയമുന്നേറ്റമുണ്ടാക്കി. ഗോത്രമേഖലകളിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയതും ആ വിഭാഗം കുട്ടികളുടെ സ്ഥിരഹാജര്‍ ഉറപ്പുവരുത്താനാകാത്തതും ചെറിയതോതിലാണെങ്കിലും കൊഴിഞ്ഞുപോക്ക് നിലനില്‍ക്കുന്നതും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്.
പെണ്‍പള്ളിക്കൂടങ്ങളില്‍ നിന്ന് സഹവിദ്യാഭ്യാസത്തിലേക്ക്
വായിക്കാൻ പഠിച്ച പെൺകുട്ടി വിധവയാകുമെന്ന് വിശ്വാസിച്ച കാലം ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യ നിഷേധിച്ചു. എന്നാല്‍ അമ്പലങ്ങളലുണ്ടായിരുന്ന ദേവദാസികള്‍ക്ക് വായന, പാട്ട്, നൃത്തം എന്നിവ പഠിക്കാന്‍ അനുവാദമുണ്ടായിരുന്നു. ദേവദാസികള്‍ക്ക് മാന്യമായ പദവി ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു സ്ത്രീ എഴുതാനും വായിക്കാനും പഠിക്കുന്നത് അപമാനമായി. മിഷണറിമാരാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ പെൺകുട്ടികളുടെ വിദ്യാലയം 1819 ല്‍ നാഗർകോവിലിൽ പെൺകുട്ടികൾക്കായി ജോഹന്ന മീഡ് ആരംഭിച്ചതാണ്. ഒരു ബോർഡിംഗ് സ്കൂളും ആരംഭിച്ചു, ഇവിടെ ചേരാൻ പെൺകുട്ടികളെ കിട്ടുക വളരെ പ്രയാസമായിരുന്നു. വല്ലവിധേനയും പ്രവേശനം നേടിയാല്‍ത്തന്നെ ഒരാഴ്ച കഴിയുമ്പോഴേക്കും രക്ഷിതാക്കള്‍ വന്ന് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. പഠിക്കാനായി എത്തപ്പെട്ടവരില്‍ നല്ലൊരു ശതമാനം അടിമപ്പെണ്‍കുട്ടികളായിരുന്നു. മിഷനറിമാർ പള്ളികൾ ആരംഭിച്ചിടത്തെല്ലാം പെൺകുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഏര്‍പ്പെടുത്തി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ അനുവാദത്തോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വടക്കേ കൊട്ടാരത്തിനടുത്ത് 1864 ല്‍ സ്ഥാപിച്ചതാണ് സനാനാമിഷന്‍ ഹൈസ്കൂള്‍. ക്രിസ്ത്യാനികളല്ലാത്ത പെൺകുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനായി സ്കൂളുകളിൽ മിഷണറിമാര്‍ ലേഡി ടീച്ചർമാരെ നിയമിച്ചു. 1840 ആയപ്പോഴേക്കും തെക്കൻ തിരുവിതാംകൂറിലെ സ്കൂളുകളിൽ 1,000 പെൺകുട്ടികള്‍ പഠിക്കാനെത്തി. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനെതിരേ സവര്‍ണരും യാഥാസ്ഥിതികരും രംഗത്ത് വരികയുണ്ടായി. എല്ലാ മതവിഭാഗങ്ങളിലും ഇത് കാണാനാകും. എം. ഹലീമാബീവി (1918-2000) അടൂര്‍ സ്കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ നിരവധി തവണ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നതായി അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമേണ കേരളത്തില്‍ സഹവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെട്ടു. അവശേഷിക്കുന്ന പെണ്‍പള്ളിക്കൂടങ്ങള്‍ നിറുത്തലാക്കണമെന്ന ആവശ്യം സമീപകാലത്ത് ശക്തമായി ഉയരുകയും പല വിദ്യാലയങ്ങളും സഹവിദ്യാഭ്യാസത്തിലേക്ക് മാറുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍ കേരളത്തിലെ 280 പെണ്‍പള്ളിക്കൂടങ്ങള്‍ 2023-24 അക്കാദമിക വര്‍ഷത്തോടെ സഹവിദ്യാലയങ്ങളാക്കണമെന്ന് ഉത്തരവിട്ടത് 2022ലാണ്.
ട്രാവന്‍കൂര്‍ എജ്യൂക്കേഷന്‍ റൂള്‍സില്‍ നിന്നും കെ ഇ ആറിലേക്ക്
1894 ലെ ‘ട്രാവന്‍കൂര്‍ എജ്യൂക്കേഷന്‍ റൂള്‍സ്’ അദ്ധ്യാപകരുടെ യോഗ്യത, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്നിവ വ്യവസ്ഥപ്പെടുത്തി. 1932 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാളിന്റെ കാലത്ത് രൂപീകരിച്ച വിദ്യാഭ്യാസ കമ്മീഷനാണ് തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ. എം ആര്‍ സാഥം ചെയർമാനായിരുന്ന കമ്മിറ്റി 1933 ജൂണില്‍ മാഹാരാജാവിനു സമർപ്പിച്ച റിപ്പോർട്ടിൽ, പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി.പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു. സെക്രട്ടേറിയയിലെ വിദ്യാഭ്യാസ വിഭാഗം അടച്ചുപൂട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുക, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ തസ്തികയും ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കുക, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പുനക്രമീകരിച്ച് കൂടുതൽ ക്ലർക്ക് തസ്തികകൾ സൃഷ്ടിക്കുക, വിദ്യാഭ്യാസ കോഡ് പുതുക്കുക, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് ഒരു മാനുവൽ ഉണ്ടാക്കുക, എല്ലാ സ്കൂളുകളിലും മരപ്പണിയും പൂന്തോട്ടപരിപാലനവും നിർബന്ധമാക്കണം എന്നിവയായിരുന്നു മറ്റ് നിര്‍ദ്ദേശങ്ങള്‍.
1957ല്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലാണ് സമഗ്രമായ മാറ്റം നിര്‍ദ്ദേശിച്ചു. എയ്‌ഡഡ് സ്‌കൂളധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുക, യോഗ്യതയള്ള അധ്യാപകരെ നിയമിക്കുന്നതിന് വ്യവസ്ഥചെയ്യുക, വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന ഫീസ് ട്രഷറിയിലടയ്ക്കുക, മാനേജ്‌മെന്റുകള്‍ക്ക് മെയ്ന്റനന്‍സ് ഗ്രാന്റ് നല്‍കുക, സംസ്ഥാന വിദ്യാഭ്യാസ ഉപദേശകസമിതി രൂപീകരിക്കുക, നിലവിലുള്ള അധ്യാപകരെ സര്‍ക്കാര്‍അധ്യാപകരായി അംഗീകരിച്ചുകൊണ്ടുതന്നെ ജില്ലാതലത്തില്‍ പിഎസ്‌സി തയ്യാറാക്കുന്ന ലിസ്‌റ്റില്‍നിന്ന് അധ്യാപകനിയമനം നടത്തുക എന്നിവ നിര്‍ദ്ദശിക്കപ്പെട്ടു. എട്ടാംക്ളാസുവരെ നിര്‍ബന്ധിത സൌജന്യവിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥകള്‍, തദ്ദേശീയ വിദ്യാഭ്യാസസമിതികളുടെ രൂപീകരണം, സാമൂഹ്യനിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍, ഉച്ചഭക്ഷണം, പഠനോപകരണവിതരണം, രക്ഷിതാക്കളുടെ കടമകള്‍ തുടങ്ങിയവയും ബില്ലില്‍ ഉണ്ടായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ പലവിധ വിദഗ്ധ സമിതികള്‍ നിയോഗിക്കപ്പെട്ടു. അവസാനത്തേതാണ് ഖാദര്‍ക്കമ്മറ്റി റിപ്പോര്‍ട്ട്
അധ്യാപകകേന്ദ്രിത വിദ്യാഭ്യാസത്തില്‍ നിന്നും വിദ്യാര്‍ഥികേന്ദ്രിത വിദ്യാഭ്യാസത്തിലേക്ക്
ടീച്ചര്‍ ക്ലാസിലെത്തുന്നു. പാഠപുസ്തകം നിവര്‍ക്കുന്നു, പാഠം വായിക്കുന്നു, കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നു. വിശദീകരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം ബോര്‍ഡില്‍ എഴുതുന്നു, പകര്‍ത്തിയെഴുതുന്നു. അഭ്യാസം നല്‍കുന്നു. അടുത്ത ദിവസം അത് പരിശോധിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം അറിയാത്തവരെ ശിക്ഷിക്കുന്നു. പഠിക്കാത്തതിന്റെ കുറ്റം കുട്ടിയില്‍ ചുമത്തുന്നു. കേട്ടെഴുത്ത്, പകര്‍ത്തിയെഴുത്ത്, കാണാപാഠം പഠിക്കല്‍, ആവര്‍ത്തിച്ചെഴുതിക്കല്‍ എന്നിവയായിരുന്നു പ്രധാന തന്ത്രങ്ങള്‍. യാന്ത്രികവും വ്യവഹാരവാദത്തിലധിഷ്ഠിതവുമായ ഈ രീതി ബ്ലൂമിന്റെ ഉദ്ദേശാധിഷ്ഠിതബോധനസമീപനം പ്രായോഗികമാക്കിയ നാള്‍വരെ തുടര്‍ന്നു. ലോകം മാറുകയും പുതിയ വിദ്യാഭ്യാസ ചിന്തകള്‍ പ്രായോഗികമാക്കാനുള്ള ആവശ്യം ശക്തമാവുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികേന്ദ്രിത പാഠ്യപദ്ധതി 1997ല്‍ നടപ്പിലായി. കുട്ടികളെ അന്വേഷകരായി കണ്ടു. പ്രൊജക്ട്, സംവാദം, പരീക്ഷണം, നിരീക്ഷണം, ചര്‍ച്ചകള്‍, അഭിമുഖം തുടങ്ങിയ പ്രവര്‍ത്തനതന്ത്രങ്ങള്‍ ക്ലാസുകളില്‍ അനുവദിക്കപ്പെട്ടു. കുട്ടികളും അധ്യാപകരും പഠനപങ്കാളികളായി. വിഗോട്സ്കിയും ബ്രൂണറും സാമൂഹികജ്ഞാനനിര്‍മിതിവാദവും ബഹുമുഖബുദ്ധിയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. പൗലോഫ്രയര്‍ അധ്യാപകര്‍ക്ക് വഴികാട്ടി. പുതിയ രീതികള്‍ക്ക് ഏതിര്‍പ്പുകളും നേരിടേണ്ടി വന്നു. പരിഷ്കാരം ഒരു ഘട്ടത്തില്‍ നിറുത്തിവെക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ നാലകത്ത് സൂപ്പി തീരുമാനിച്ചു. അതും തിരുത്തപ്പെട്ടു. പുതിയപാഠ്യക്രമത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനം വിദ്യാഭ്യാസ വകുപ്പില്‍ നിന്നുമുണ്ടായി. അതിലൊന്ന് പ്രതിദിന പിരീഡുകളുടെ എണ്ണം കൂട്ടിയതാണ്. വ്യക്തിഗത പരിഗണന നല്‍കുന്നതിനോ പിന്നാക്കക്കാരെ ശ്രദ്ധിക്കുന്നതിനോ പ്രക്രിയാധിഷ്ഠിത പഠനത്തിനോട് നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതിനോ സാധ്യമല്ലാതെ വന്നു. ഉള്ളടക്കഭാരം കൂട്ടിയതും അസീസ് കമ്മറ്റി നിര്‍ദ്ദേശപ്രകാരം സങ്കലിത രീതി കൊണ്ടുവന്നതും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ വര്‍ധിച്ചതും അത്തരം ഡിവിഷനുകളില്‍ കുട്ടികളുടെ എണ്ണം നാല്പതിലധികമായതുമെല്ലാം പഠനപ്രക്രിയയെ സാരമായി ബാധിച്ചു. ശാസ്ത്രീയമായ പഠനം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ് ശ്രമിച്ചില്ല. പഠനത്തിന്റെയും ട്രൈ ഔട്ടിന്റെയും പിന്‍ബലമില്ലാതെ പാഠ്യപദ്ധതി പരിഷ്കരിച്ചാല്‍ പ്രശ്നം തീരുമെന്ന മിഥ്യാധാരണയിലാണ് സര്‍ക്കാരും.
കേരളം വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പുരോഗമന നിലപാടുകള്‍ സ്വീകരിച്ചതായി ചരിത്രം പറയുന്നു. ഇനിയും വിജ്ഞാനസമൂഹത്തിനും വൈജ്ഞാനിക സമ്പദ്ഘടനയ്കും അനുസൃതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ഭരണാധികാരികള്‍ പറയുന്നു. വിജ്ഞാനസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്ന ഒരു കുട്ടിപോലും ഉണ്ടാകില്ലെന്ന ഉറപ്പാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.
Content Highlights: Education in Kerala: A Historical Journey from Traditional `Kudippallikoodam` to Digital Learning