കേരള ക്രിക്കറ്റ് ലീഗും വനിതാ ലോകകപ്പും; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാർണിവൽ

Photo: ANI
Photo: ANI

തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിക്കറ്റ് ആരവമുയർത്താൻ കേരള ക്രിക്കറ്റ് ലീഗും വനിതാ ലോകകപ്പും. തുടർച്ചയായി രണ്ട് ടൂർണമെന്റുകൾക്ക് ആതിഥ്യമരുളുന്നതോടെ ഒക്‌ടോബർ അവസാനവാരംവരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് കാർണിവലിനു സാക്ഷ്യംവഹിക്കും. ഏകദിന വനിതാ ലോകകപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് എത്തുന്നതോടെ ലോക കായികഭൂപടത്തിൽ തലസ്ഥാനവും അടയാളപ്പെടുത്തും.

ഏതെങ്കിലുമൊരു ലോക ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തുന്നത് ആദ്യമായിട്ടാണെന്ന പ്രത്യേകതയും വനിതാ ലോകകപ്പിനുണ്ടാകും. ആറുമത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയാകുന്നത്.

21 മുതൽ കെസിഎ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനിൽ 33 മത്സരങ്ങളുണ്ടാകും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കേരള താരങ്ങൾ അണിനിരക്കും. ഓണക്കാലത്ത് തലസ്ഥാനവാസികൾക്ക് ദിവസവും രണ്ട് ട്വന്റി20 മത്സരങ്ങൾ കാണാനാകും.

സ്റ്റേഡിയത്തിലേക്ക്‌ പ്രവേശനം സൗജന്യമാണ്. തിരുവോണദിവസമായ സെപ്റ്റംബർ അഞ്ചിന് കെസിഎൽ സെമിഫൈനലും തൊട്ടടുത്ത ദിവസം ഫൈനലും നടക്കും.

സെപ്റ്റംബർ 25-നും 27-നും വനിതാ ലോകകപ്പ് സന്നാഹമത്സരങ്ങൾ നടക്കും. 30-നാണ് ആദ്യമത്സരം. ഒക്‌ടോബർ 30-ന് ലോകകപ്പ് സെമിഫൈനലും നടക്കും. 2023-നുശേഷം ആദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് എത്തുന്നത്. 2023 നവംബറിൽ നടന്ന ട്വന്റി20 മത്സരത്തിൽ ഓസ്‌ട്രേലിയയെ ഇന്ത്യ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

Content Highlights: kerala super league and womens world cup thiruvananthapuram