അവസാന രണ്ടോവറില്‍ 71 റണ്‍സ്; കെസിഎല്ലില്‍ സല്‍മാന്റെ സിക്‌സര്‍ ഷോ

സൽമാൻ നിസാർ | KCA
സൽമാൻ നിസാർ | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരം സല്‍മാന്‍ നിസാര്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേയാണ് സല്‍മാന്‍ നിസാര്‍ തകര്‍ത്തടിച്ചത്. അവസാന ഓവറുകളില്‍ സിക്‌സര്‍ പൂരം തീര്‍ത്താണ് സല്‍മാന്‍ മടങ്ങിയത്. താരം 26 പന്തില്‍ 86 റണ്‍സെടുത്തു.

18 ഓവര്‍ അവസാനിക്കുമ്പോള്‍ 115-6 എന്ന നിലയിലവായിരുന്നു കാലിക്കറ്റ്. 13 പന്തില്‍ നിന്ന് 17 റണ്‍സുമായി സല്‍മാന്‍ നിസാറും രണ്ട് റണ്‍സുമായി അന്‍ഫലുമാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ കത്തിക്കയറുന്നതാണ് കണ്ടത്. സല്‍മാന്‍ സിക്‌സറുകള്‍ കൊണ്ട് കളം നിറഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടി. 

ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറില്‍ 31 റണ്‍സാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ആദ്യ അഞ്ച് പന്തുകളും താരം അതിര്‍ത്തികടത്തി. അവസാനപന്തില്‍ സിംഗിളുമെടുത്തതോടെ ഓവറില്‍ 31 റണ്‍സ് പിറന്നു. സല്‍മാന്റെ പ്രകടനം അവിടെയും അവസാനിച്ചില്ല.

അവസാന ഓവറിലും സമാനമായിരുന്നു സ്ഥിതി. അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ ഓവറില്‍ സല്‍മാന്‍ നേടിയതാകട്ടെ ആറുസിക്‌സറുകളാണ്. ഒരു പന്ത് വൈഡായി. മറ്റൊരു പന്ത് നോബോളാകുകയും രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. അതോടെ ഓവറില്‍ പിറന്നത് 40 റണ്‍സ്. അവസാന രണ്ടോവറില്‍ 71 റണ്‍സാണ് പിറന്നത്. ഒടുക്കം കാലിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തി. 

Content Highlights: kerala cricket league salman nizar performance