കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കണം; പ്രതിഭകളുടെ കൂട്ടവുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്

ബാറ്റിങ് കരുത്ത്, ആ കരുത്തിലാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയത്. കഴിഞ്ഞ തവണ കിരീടവഴിയില്‍ കാലിടറിപ്പോള്‍ ഇത്തവണ സ്വപ്‌നസാക്ഷാത്കാരത്തിന് യുവത്വത്തിനൊപ്പം അനുഭവ സമ്പത്തും കോര്‍ത്തിണക്കിയാണ് 'മലബാരി ഗ്യാങ്' എത്തുന്നത്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അജിനാസ്, അല്‍ത്താഫ്, എസ്.മിഥുന്‍, അഖില്‍ദേവ് തുടങ്ങിയ അനുഭവ സമ്പത്തുള്ള യുവ പ്രതിഭകളുടെ ഒരു കൂട്ടമാണ് ഗ്ലോബ്സ്റ്റാര്‍സ്. രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുക. ബാറ്റിങ് നിരയുടെ കരുത്തിലാണ് 2024-ല്‍ ഫൈനല്‍ പ്രവേശം നേടിയതെങ്കില്‍ ഇത്തവണ മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം എസ്.മിഥുനെ അടക്കം ടീമിലെത്തിച്ച് കാലിക്കറ്റ് ബൗളിങ് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായ കൊല്ലത്തിന് വേണ്ടിയായിരുന്നു മിഥുന്‍ പന്തെറിഞ്ഞത്.അല്‍ത്താഫ്, അഖില്‍ദേവ് എന്നിവരുടെ ബൗളിങ് മികവും ടീമിന് മുതല്‍ക്കൂട്ടാകും. 2024-ല്‍ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയ കൊല്ലം സെയിലേഴ്സുമായിട്ടാണ് കാലിക്കറ്റിന്റെ ആദ്യമത്സരം. മുന്‍ രഞ്ജിതാരം ഫിറോസ് വി. റഷീദ് നേതൃത്വം നല്‍കുന്ന പരിശീലക സംഘമാണ് കാലിക്കറ്റിനെ ഇത്തവണയും ഒരുക്കുന്നത്. അണ്ടര്‍16 കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഡേവിഡ് ചെറിയാനാണ് സഹപരിശീലകന്‍. എസ്.സുമേഷ് ഫീല്‍ഡിങ് പരിശീലകനായും കെ.എസ്.മനോജ് ബാറ്റിങ് പരിശീലകനായും സംഘത്തിലുണ്ട്. ചെന്നൈയിലാണ് ടീം പരിശീലനം നടത്തിയിരുന്നത്.
ടീം
രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ (വൈസ് ക്യാപ്റ്റന്‍),അഖില്‍ സ്‌കറിയ, അജിനാസ് , ആന്‍ഫല്‍, എസ്.മിഥുന്‍, മനുകൃഷ്ണന്‍, സച്ചിന്‍ സുരേഷ്, അഖില്‍ ദേവ് , ഇബ്നുല്‍ അഫ്താബ്, മനു കൃഷ്ണന്‍, മോനു കൃഷ്ണ, കൃഷ്ണകുമാര്‍, പ്രീതീഷ് പവന്‍, അമീര്‍ഷാ, ഹരികൃഷ്ണന്‍ ,ഷൈന്‍ ജോണ്‍ ജേക്കബ്, കൃഷ്ണദേവന്‍, അജിത്ത് രാജ്.
പ്രധാന താരങ്ങള്‍
രോഹന്‍ കുന്നുമ്മല്‍
കോഴിക്കോടുകാരന്‍ രോഹന്‍ കുന്നുമ്മല്‍ ഇത്തവണയും മലബാരി ഗ്യാങ്ങിനെ നയിക്കും. കേരള ക്രിക്കറ്റ് മികച്ച അറ്റാക്കിങ് ഓപ്പണര്‍ ആണ് രോഹന്‍. പ്രഥമ കെസിഎല്ലില്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ച് രോഹന്‍ തന്റെ നേതൃപാടവത്തിലും മികവ് പുലര്‍ത്തി. 2024-ല്‍ റണ്‍വേട്ടയില്‍ അഞ്ചാമനാണ് രോഹന്‍. 11 മാച്ചുകളില്‍നിന്നായി 371 റണ്‍സെടുത്ത രോഹന്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറികളും സ്വന്തമാക്കി.
സല്‍മാന്‍ നിസാര്‍
കഴിഞ്ഞ സീസണ്‍ മാത്രമല്ല 2025 ഉം സല്‍മാന്റെ വര്‍ഷമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ കഴിവ് തെളിയിച്ച ഈ തലശ്ശേരിക്കാരന്‍ തന്നെയാണ് ഈ സീസണിലെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമനായിരുന്നു.പിന്നീടങ്ങോട്ട് സല്‍മാന് ഉയര്‍ച്ചയുടെ കാലമായിരുന്നു. കേരള ടീമിന്റെ ക്യാപ്റ്റന്‍, രഞ്ജി ട്രോഫിയിലെ പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ താരമായി മാറുകയും ചെയ്തു സല്‍മാന്‍. ടീമിന് വേണ്ടി അവസാന നിമിഷം വരെ പോരാടാന്‍ ശേഷിയുള്ളവനെന്നാണ് സല്‍മാന്‍ നിസാറിനെ വിശേഷിപ്പിക്കുന്നത്. 12 മാച്ചുകളില്‍നിന്ന് നാല് അര്‍ദ്ധ സെഞ്ചുറികളോടെ 455 റണ്‍സാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ അടിച്ചെടുത്തത്.
അഖില്‍ സ്‌കറിയ
പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയാണ് ഓള്‍റൗണ്ടര്‍ അഖില്‍ സ്‌കറിയ കഴിഞ്ഞ സീസണില്‍ കളം വിട്ടത്. ഇടുക്കിയിലെ മിടുക്കനായ ക്രിക്കറ്റര്‍ അഖില്‍ സ്‌കറിയ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കാലിക്കറ്റിന് മുതല്‍ക്കൂട്ടാണ്. 25 വിക്കറ്റുകളോടെ പോയ സീസണിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയ അഖില്‍ സ്‌കറിയ 187 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യുവാനുള്ള ശേഷിയും ഒരു മീഡിയം പേസര്‍ എന്ന നിലയില്‍ കൃത്യമായ പദ്ധതിയിലൂടെ എതിരാളിക്ക് എന്നും ഒരു തലവേദന ആണ് അഖില്‍ സ്‌കറിയ. പല വേരിയേഷനില്‍ ബൗള്‍ ചെയ്യുവാനും പ്രഗല്‍ഭനാണ് സ്‌കറിയ.
അജിനാസ് എം
വിക്കറ്റ് കീപ്പറുടെ റോളില്‍ മലബാരി ഗ്യാങ്ങിലേക്ക് എത്തിയ അജിനാസിന്റെ ബാറ്റിങ്ങിലെ പ്രഹരശേഷി എതിരാളികള്‍ കഴിഞ്ഞ സീസണില്‍ നേരിട്ടറിഞ്ഞതാണ്. നാലാം നമ്പറിലെത്തി മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുള്ള താരം. 2024-ല്‍ കാലിക്കറ്റ് ടീമിന്റെ പല വിജയനേട്ടങ്ങളിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു ഈ വയനാട്ടുകാരന്‍. കെസിഎല്‍ ചരിത്രത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി ആദ്യ അര്‍ധസെഞ്ച്വറി നേടിയ താരം കൂടിയാണ് അജിനാസ്.
മനു കൃഷ്ണന്‍
പുതിയ സീസണിലേക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ടീമിലെത്തിച്ച പ്രധാന താരങ്ങളിലൊരാളാണ് കേരള ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മനു കൃഷ്ണന്‍. ലെഫ്റ്റ് ആം സീമര്‍ ആയി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയതിനു ശേഷം മികച്ച ഓള്‍റൗണ്ടര്‍ ആയി വളര്‍ന്നു വന്ന താരം. ഏത് തകര്‍ച്ചയിലും വാലറ്റത്തില്‍നിന്ന് ടീമിനെ തിരിച്ചുകൊണ്ടുവരാനുള്ള കെല്‍പ്പാണ് മനു കൃഷ്ണന്റെ സവിശേഷത. ടീമിലെ സീനിയര്‍ താരം എന്ന ഖ്യാതിയും മനുവിനുണ്ട്.
മിഥുന്‍ എസ്
കെസിഎല്‍ സീസണ്‍ ഒന്നിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയിലേഴ്സില്‍ നിന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് റാഞ്ചിയതാണ് മിഥുനിനെ. മുന്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ താരം കൂടിയായ ഈ ആലപ്പുഴക്കാരനെ അഞ്ച് ലക്ഷത്തിനാണ് കാലിക്കറ്റ് ടീമിലെത്തിച്ചത്. മികച്ച ലെഗ്സ്പിന്നര്‍ ആയ മിഥുനിനെ ബൗളിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് ടീമിലെത്തിച്ചിരിക്കുന്നത്.
സച്ചിന്‍ സുരേഷ്
പരിക്ക് വില്ലനായപ്പോള്‍ സച്ചിന്‍ സുരേഷിന് കഴിഞ്ഞ സീണസും രഞ്ജി ട്രോഫിയിലെ ഉറച്ച സ്ഥാനവും നഷ്ടമായി. എന്നാല്‍ റെക്കോഡോടെ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് സച്ചിന്‍ പുതിയ സീസണിലേക്ക് വരവറിയിച്ചത്. കെസിഎല്‍ എന്‍ട്രി ലഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം എ ഡിവിഷനിലാണ് സച്ചിന്‍ സുരേഷ് റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. ജില്ലാ ലീഗ് ചരിത്രത്തിലെ ആദ്യ 300 റണ്‍സ് എന്ന റെക്കോര്‍ഡാണ് സച്ചിന്‍ സുരേഷ് തന്റെ പേരിലാക്കിയത്. പാലക്കാട്ടുകാരനായ സച്ചിന്‍ വിക്കറ്റിന് പിന്നിലും മികവ് തെളിയിച്ചിട്ടുണ്ട്.
അഖില്‍ ദേവ്
കോഴിക്കോടിന്റെ സ്വന്തം ദേവന്‍. ആദ്യ സീസണില്‍ എല്ലാവരെയും ഞെട്ടിച്ച താരമാണ്. കെസിഎല്‍ ചരിത്രത്തിലെ ആദ്യ ഹാട്രിക്കിനു ഉടമയാണ് അഖില്‍ ദേവ്. അവസാന ഓവറുകളിലെ മികവാണ് അഖില്‍ ദേവിനെ കരുത്തനാക്കുന്നത്.
പി.എം.അന്‍ഫല്‍
ക്ലീന്‍ ഹിറ്റ് കൊണ്ട് കെസിഎല്‍ ന്റെ ആദ്യ സീസണിലെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് അന്‍ഫല്‍. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഈ കാസര്‍കോടുകാരന്‍ ഓള്‍റൗണ്ടര്‍.
ഇബ്നുല്‍ അഫ്താബ്
കഴിഞ്ഞ സീസണിലെ ഗ്ലോബ്സ്റ്റാര്‍സിന്റെ സ്വന്തം കണ്ടെത്തല്‍ ആണ് ഇബ്നുല്‍ അഫ്താബ്. മികച്ച ലെഫ്റ്റ് സീമര്‍ ആയ താരത്തിന്റെ മൂല്യം ഇക്കുറി 3.25 ലക്ഷമായാണ് കൂടിയത്. ആദ്യ സീസണില്‍ പാതിവഴിയില്‍ പരിക്കേറ്റ് ടീമിനോട് വിടപറയേണ്ടി വന്ന ഇബ്നുല്‍ അഫ്താബ് ഇക്കുറി മികച്ച പ്രകടനം സീസണില്‍ ഉടനീളം പുറത്തെടുത്താണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.
മോനു കൃഷ്ണ
ലേലത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മോനു മലബാരി ഗ്യാങ്ങിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനൊപ്പം മികവ് പുലര്‍ത്തിയ ഈ ഇടം കൈയന്‍ സീമര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു
Content Highlights: kerala cricket league calicut globstars team squad