ജയത്തോടെ തുടക്കം; ട്രിവാന്‍ഡ്രം റോയല്‍സിന് പിന്തുണയുമായി താരങ്ങള്‍

Photo: kerala cricket league
Photo: kerala cricket league

തിരുവനന്തപുരം: ഗ്രൗണ്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങള്‍ സ്റ്റേഡിയത്തിലും. ട്രിവാന്‍ഡ്രം - കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്.   ടീമിന്റെ ഉടമസ്ഥര്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയുടെ മാറ്റ് കൂട്ടി സാക്ഷാല്‍ മോഹന്‍ലാലും.

ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയര്‍ത്തിയ ആശങ്കയുമെല്ലാമായി കാണികള്‍ക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാന്‍ഡ്രം - കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കാനായെങ്കിലും മികച്ച ബൗളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥര്‍ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങള്‍ക്ക് പ്രത്യേക ഉര്‍ജ്ജം പകര്‍ന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തില്‍ അവര്‍ ജയിച്ചു കയറുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിനെത്തിയ മോഹന്‍ലാല്‍ ട്രിവാന്‍ഡ്രം - കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അദ്ദേഹം സുഹൃത്ത് പ്രിയദര്‍ശനൊപ്പം ഏറെ നേരം മത്സരം കാണാന്‍ ചെലവിട്ടു. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന അവസരങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും അദ്ദേഹം കമന്റേറ്റര്‍മാരുമായും സംസാരിച്ചു.

മഴ കളിയില്‍ തടസം സൃഷ്ടിച്ചെങ്കിലും ടീമിന് വിജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാണികള്‍ക്ക് മികച്ചൊരു മത്സരാനുഭവം സമ്മാനിച്ച ഇരു ടീമുകളിലെയും താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സഹ ഉടമകളായ ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം എന്നിവരും മത്സരം കാണാനുണ്ടായിരുന്നു. ആദ്യ മത്സരത്തിലെ വിജയം നല്‍കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളിലും ട്രിവാന്‍ഡ്രം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് ടീം ഉടമകള്‍ പറഞ്ഞു.

Content Highlights: Trivandrum Cricket Team secured a thrilling win in their opening match of KCL 2023