അന്നത്തെ ശങ്കയും സങ്കടവും ഇന്ന് ഓര്‍ക്കുമ്പോള്‍ തമാശ-മന്‍സിയ

ഉപ്പയുടെ ടെൻഷനും ഓട്ടവുമാണ് കലോത്സവ ഓർമകളിൽ ആദ്യം മനസിലേക്ക് വരുന്നതെന്ന് പ്രശസ്ത നർത്തകി വി.പി. മൻസിയ. ഉമ്മ ഏഴാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം ഉപ്പ തന്നെയായിരുന്നു കൂടെവന്നിരുന്നത്. പ്ലസ്ടുവിന് ഞാൻ മത്സരിക്കുന്ന സമയത്ത് ഉച്ചയ്ക്ക് മേക്കപ്പ് ചെയ്തതാണ്. ഞാൻ കളിക്കുന്നത് പിറ്റേ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ്. അത്രനേരം ബാത്ത്റൂമിൽ പോകാനൊന്നും കഴിഞ്ഞില്ല. അങ്ങനെ കളിച്ച് എനിക്ക് സമ്മാനം ലഭിച്ചു. അപ്പോൾ ഉപ്പച്ചി തമാശയായി പറഞ്ഞു ഇനി നീ ബാത്ത്റൂമിൽ പോകാനുണ്ടായിട്ട് കളിച്ചാൽ മതി, നന്നായി കളിക്കുന്നുണ്ടെന്ന്. അന്ന് വിഷമം തോന്നിയ കുറേ കാര്യങ്ങളും ഇപ്പോൾ ആലോചിക്കുമ്പോൾ രസകരമായാണ് തോന്നുകയെന്നും അദ്ദേഹം പറഞ്ഞു. 

പണ്ട് സ്കൂൾ കലോത്സവവേദികളിൽ തിളങ്ങിയ മൻസിയ അധ്യാപികയുടെ വേഷത്തിലാണ് കലോത്സവത്തിനെത്തിയത്. '2008 മുതൽ 2012 വരെ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നീ ഇനങ്ങൾക്ക് തുടർച്ചയായി മത്സരിച്ചിരുന്നു. കലോത്സവ വേദികൾ എനിക്ക് തന്ന ഊർജവും സന്തോഷവും വേറെ തന്നെയാണ്. വലുതായാൽ കലോത്സവ വേദികൾ മോശമാണ്, മത്സരമാണ് എന്നൊക്കെ പറയുന്നവരുണ്ടെങ്കിലും അതിനെ വളരെ പോസിറ്റീവായി എടുത്തൊരാളാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷമായി പഠിപ്പിക്കുന്ന കുട്ടികളുമായാണ് കലോത്സവത്തിന് വരുന്നത്. അത് വേറൊരു അനുഭവമാണ്. ഞാൻ കളിക്കുമ്പോൾ ടെൻഷുണ്ടാവാറില്ല, എന്നാൽ അവർ കളിക്കുമ്പോൾ അങ്ങനെയല്ല. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും അവരുടെ സന്തോഷം കാണുമ്പോൾ ഒരു കലാകാരിയെന്ന നിലയിലും അധ്യാപിക എന്ന നിലയിലും വലിയ സന്തോഷം തരുന്ന വേദിയാണ് കലോത്സവം', അവർ പറഞ്ഞു. 

Content Highlights: Mansiya`s Kalolsavam Memories: From Stage to Teacher