മൂക്കില്ലാരാജ്യത്തെ ആ നാലുപേർ കലോത്സവവേദിയിലെത്തിയാൽ; തിരക്കഥാകൃത്ത് ബി. ജയചന്ദ്രൻ ഒരുക്കിയ തിരക്കഥ

മലയാളസിനിമയില്‍ കള്‍ട്ട് പദവിയിലെത്തിയ ചിത്രങ്ങളുടെ പട്ടികയിലാണ് മൂക്കില്ലാരാജ്യത്തിന്റെ സ്ഥാനം. പ്രദര്‍ശനത്തിനെത്തി കാലങ്ങള്‍ക്ക് ശേഷം അതിലെ രംഗങ്ങള്‍ ട്രോളുകളായും മീമുകളായും സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നു. ചിരിമാത്രമുള്ള ഒരുരാജ്യത്തിന്റെ അധിപരായ ആ നാല്‍വര്‍സംഘം കലോത്സവ വേദികളിലെത്തുകയാണെങ്കില്‍...?
മൂക്കില്ലാരാജ്യത്തിന്റെ തിരക്കഥാകൃത്തും മാതൃഭൂമി മുന്‍ സ്പെഷല്‍ കറസ്പോണ്ടന്റുമായ ബി.ജയചന്ദ്രന്‍ ആര്‍ട്ട് ആറാട്ടിനായി ഒരുക്കിയ തിരക്കഥ
കേശു-തിലകന്‍
ബെന്നി-മുകേഷ്
കൃഷ്ണന്‍-ജഗതി
വേണു-സിദ്ദിഖ്
-------------
സീന്‍ ഒന്ന്
സെന്‍ട്രല്‍ സ്റ്റേഡിയം
പ്രധാനവേദിയില്‍ കലോത്സവത്തിരക്ക്. തിരക്കിനിടയിലൂടെ വരുന്ന കേശു,ബെന്നി,കൃഷ്ണന്‍,വേണു.
മൈക്ക് അനൗണ്‍സ്മെന്റ്
:നാടോടിനൃത്തം ചെസ്റ്റ് നമ്പര്‍ അറുപത്തിയേഴ് ഫൈനല്‍കോള്‍
കൃഷ്ണന്‍:നാടോടുമ്പോ നടുവേ ഓടുന്നവരുടെ നൃത്തമാണെന്ന് തോന്നുന്നു..ഹോ..അറുപത്തിയേഴ് പേരോ...നിസ്സാരക്കാരല്ല..
വേണു:ഡാന്‍സില്‍ അറുപത്തിയേഴ് നമ്പര്‍ ഇടാന്‍ പറ്റുമോ?
ബെന്നി:എന്താ സംശയം. എത്രവേണേലും ഇടാം..
കേശു:എനിക്ക് അതൊന്നു കാണണം..
കൃഷ്ണന്‍:യെന്ത് ഡാന്‍സിലെ അറുപത്തിയാറാമത്തെ നമ്പറോ..
കേശു:അതല്ല..നൃത്തം..നാടോടി..
ബെന്നി:ച്ഛേ..നമുക്ക് ഭരതനാട്യം,മോഹിനിയാട്ടം അതൊക്കെയാ വേണ്ടത്..
ഇത് കേട്ട ഒരാണ്‍കുട്ടി:അത് നിങ്ങക്ക് സെറ്റാകൂല..നാടോടി തന്നെയാ ബെസ്റ്റ്..
കേശു:അബ്സല്യൂട്ടിലി റൈറ്റ്..ബാ..അങ്ങോട്ടേക്ക് ലഫ്റ്റ് റൈറ്റ്...
CUT TO
സീന്‍ 2
അയ്യങ്കാളി ഹാള്‍
ഗേറ്റുകടന്ന് വരുന്ന കേശു,ബെന്നി,കൃഷ്ണന്‍,വേണു. പെട്ടെന്ന് അവര്‍ക്ക് മുന്നിലേക്ക് നീട്ടിപ്പിടിച്ച മൈക്കുമായി ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ചാടി വീഴുന്നു. നാലുപേരും ഞെട്ടി പരസ്പരം കെട്ടിപ്പിടിക്കുന്നു.
റിപ്പോര്‍ട്ടര്‍:നമുക്കറിയാം കേരളത്തിന്റെ തിളച്ചുമറിയുന്ന കൗമാരത്തിന്റെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇതാ മുതിര്‍ന്ന തലമുറയുടെ വരെ അര്‍ഥ പൂര്‍ണമായ സാന്നിധ്യം. നമുക്ക് അവരോട് തന്നെ ചോദിക്കാം...അമ്മാവന്മാരേ..ഈ കലാപ്രവാഹത്തെ, കൗമാരവിപ്ലവത്തെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്..പറയൂ...പറയൂ..പറയൂ..
കൃഷ്ണന്‍:അല്ല..അനിയന്‍ ആദ്യം എന്തോ നമുക്കറിയാമെന്ന് പറഞ്ഞല്ലോ...നമുക്ക് അഞ്ചുപേര്‍ക്കും കൂടി എന്തറിയാമെന്നാ പറഞ്ഞത്...
കൈയുയര്‍ത്തി സ്റ്റോപ് കാണിച്ച്
കേശു:അതായത് ഇവിടെ നടക്കുന്ന കുട്ടികളുടെ കലാപരിപാടികള്‍ കാണാന്‍...
ഇടയ്ക്കുകയറി ഒറ്റശ്വാസത്തില്‍
റിപ്പോര്‍ട്ടര്‍:അതെ..ഇവിടെ നടക്കുന്ന സംഘനൃത്തം,കോല്‍ക്കളി,പിച്ചിക്കുടി...അല്ല കുച്ചുപ്പിടി എന്നിവ കാണാനും കേരളത്തിന്റെ കലാപാരമ്പര്യം എത്രത്തോളം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ കൗമാരകലാകാരന്മാര്‍ക്ക് കഴിഞ്ഞുവെന്ന് വിലയിരുത്താനും പ്രോത്സാഹനം നല്കാനുമാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്നാണ്....
നീട്ടിയ മൈക്കില്‍നോക്കി മറ്റുള്ളവര്‍ അന്തംവിട്ടുനില്കുമ്പോള്‍ പെട്ടെന്ന്
കൃഷ്ണന്‍:അനിയാ...നിര്‍ത്ത്..നിര്‍ത്ത്..കൊരവള്ളിപൊട്ടിപ്പോകും..
കേശു:മിണ്ടാതിരി..ഇവരുടെ വാക്കിന്റെ വില നിനക്ക് അറിയാമോ..
വേണു:ഇല്ല..ഒത്തിരിയാകുമോ ചേട്ടാ..
ബെന്നി(വേണുവിന്റെ കാതില്‍):അതല്ല..അവര്‍ നമ്മളെ തിരിച്ചറിഞ്ഞാല്‍ പ്രശ്നമാ...
വേണു:ഓ..അങ്ങനെ..
നാലുപേരും വാനിഷ്ഡ്..
CUT TO
സീന്‍ മൂന്ന്
വിമന്‍സ് കോളേജ്
അവിടേക്ക് പൊട്ടിവീഴുന്ന നാല്‍വര്‍സംഘം. അവരെക്കണ്ട് ആണ്‍കുട്ടികളുടെ ഒരുസംഘം അടുത്തേക്ക് വരുന്നു.
ആണ്‍കുട്ടി1:ഹേയ് ബ്രോസ്...എന്തെല്ലാ...
ബെന്നിയും കൃഷ്ണനും തോളുകൂച്ചി ഒന്നുമില്ല എന്ന് കാണിക്കുന്നു.
ആണ്‍കുട്ടി2::എവിട്ന്നാ...
കൃഷ്ണന്‍:ഊളമ്പാറ..
വേണു:അല്ല കുതിരവട്ടം..
ബെന്നി:ശ്ശെ..നമ്മളിപ്പോ കാക്കനാട്ടല്ലേ..
കേശു:കുട്ടികളെ കണ്‍ഫ്യൂസ് ചെയ്യിക്കാതെ..നമ്മളിപ്പോ വിഴിഞ്ഞത്താ...
മറ്റ് മൂന്നുപേരും ചേര്‍ന്ന്:ങ്ഹാ..അങ്ങനെ പറ..
ആണ്‍കുട്ടി3:അവിടെന്താ പരിപാടി
കേശു:നിങ്ങക്കറിയില്ലേ...വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്..ഞാനവിടെ സെക്യൂരിറ്റീലാ..(ബെന്നിയെച്ചൂണ്ടി)ഇവന്‍...
പെട്ടെന്ന് ബെന്നി:ഞാന്‍ പെയ്ന്റിങ്ങിലാ..മദര്‍ഷിപ്പ് പെയ്ന്റിങ്..
കൃഷ്ണന്‍:ഞാന്‍ മെക്കാനിക്ക്..
കേശു:അതേ..മറൈന്‍ മെക്കാനിക്ക്..
കൃഷ്ണന്‍:യെസ്..ഒരു മറയുമില്ലാതെയുള്ള മെക്കാനിക്ക് പണി..
വേണുവിനെച്ചൂണ്ടി
ആണ്‍കുട്ടി1: അപ്പോ ഈ ബ്രോ..
വേണു:ഞാന്‍ ഗായകനല്ലേ..
ബെന്നി:സാഗരഗായകന്‍.
കൃഷ്ണന്‍:അതെ..ഇവന്‍ പാടുമ്പോ കടലിലെ കപ്പലുകള്‍ ഒഴുകി കരയില്‍ വരും...
അവരെ സംശയത്തോടെ നോക്കുന്ന പോലീസുകാര്‍. അത് കണ്ട് നാലുപേരും പരുങ്ങുന്നു. പോലീസുകാരിലൊരാള്‍ അവരുടെ നേര്‍ക്ക് വരുന്നു. ആണ്‍കുട്ടികള്‍ പതിയെ വലിയുന്നു.
കൃഷ്ണന്‍:നമ്മളെ ഇപ്പോ ഇടിമുറിയിലേക്ക് കൊണ്ടുപോകും..
ബെന്നി:ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ആരും ഇല്ലേ..
വേണു:അയ്യോ..അത് വേണ്ട.ഇടിമുറിയാ ഭേദം..
കേശു:അടങ്ങിനെടാ പിള്ളാരേ..ഇതുഞാന്‍ കൈകാര്യം ചെയ്തോളാം..
പോലീസുകാരന്‍:ഇവിടെ നില്കരുത്..അകത്തേക്ക് പോയാ പൂരക്കളി കാണാം...ഇവിടെ നിക്കാനാണ് ഭാവമെങ്കില്‍ ഞങ്ങള് കോല്‍ക്കളി കാണിക്കാം..
കേശു:അകത്തേക്ക് തന്നെ പൊയ്ക്കോളാം..
എന്നിട്ട് പുറത്തേക്ക് നടക്കുന്നു. തൊട്ടുപിന്നാലെ മൂന്നുപേരും..
CUT TO
സീന്‍ നാല്
ടാഗോര്‍ ഹാള്‍
അകത്തേക്ക് വരുന്നതിനിടെ
കേശു:പ്രസംഗം മത്സരം ഇവിടാണെങ്കില്‍ എനിക്കൊന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാമായിരുന്നു.
കൃഷ്ണന്‍:ഇത് പഴയകാലമല്ല..തുണിയുരിഞ്ഞാ ജാമ്യം കിട്ടില്ലെന്നാ ഭാരതീയ ന്യായ സംഹീതേല്..
പെട്ടെന്ന് വേണുപാടുന്നു:
ഘനശ്യാമ സന്ധ്യാ....
ബെന്നിയും കൃഷ്ണനും ചേര്‍ന്ന് അവന്റെ വാ പൊത്തുന്നു.
കേശു:ഇവിടെ വൈബ് പോരാ...നമുക്ക് അടുത്ത സ്ഥലം നോക്കാം..
ബെന്നി:ശരിയാ,ഒരു ഗും ഇല്ല..
കൃഷ്ണന്‍:സെയ്ന്റ് ജോസഫ്സ് സ്‌കൂളിലേക്ക് പോകാം,അവിടെ മിമിക്രിയാ..
വേണു:അത് പൊളിക്കും..വാ..പോവാം..
ബാഡ്ജ് ധരിച്ച നാലുപേര്‍ അവര്‍ക്കടുത്തേക്ക് വരുന്നു. പരിചിതരെപ്പോലെ ചിരിച്ചുകൊണ്ട്
ഒന്നാമന്‍:നിങ്ങളിവിടെ നില്കുകയാണോ?ഞങ്ങള്‍ എവിടെല്ലാം തിരക്കി.
കേശു:മനസ്സിലായില്ല..
രണ്ടാമത്തെയാള്‍:ഞങ്ങളിതിന്റെ ആളുകളാ..ഇനിയും ഒരുപാട് വേദികളുണ്ട്. നിങ്ങളെ അതെല്ലാം കണിക്കാനാ വന്നത്..
ബെന്നി:മിമിക്രി കാണണം..
രണ്ടാമന്‍:കാണിക്കാം..
കൃഷ്ണന്‍:നിങ്ങള്‍ മിമിക്രി കാണിക്കണ്ട,കുട്ടികള്‍ കാണിച്ചാല്‍ മതി..
കേശു:അതെ നിങ്ങള്‍ക്കൊക്കെ വയസ്സായില്ലേ..
ഒന്നാമന്‍:യുവാവേ..ഇതുകണ്ടോ..നിങ്ങള്‍ക്ക് വേദിയില്‍ നിന്ന് വേദിയിലേക്ക് പോകാന്‍ വാന്‍ കൊണ്ടുവന്നിട്ടുണ്ട്.
(അടുത്തുകിടക്കുന്ന വാഹനം കാണിച്ചുകൊടുക്കുന്നു)
വേണു:ഓ...അപ്പോ ഇതാണല്ലേ സഞ്ചരിക്കുന്ന വേദി..
മൂന്നാമന്‍:ഭക്ഷണവും റെഡിയാക്കിയിട്ടുണ്ട്.
കേശു(വാനിലേക്ക് ചൂണ്ടി):ഇതിനകത്തോ...
നാലാമന്‍:അത് പുത്തരിക്കണ്ടത്താ..പഴയിടത്തിന്റെ പുതിയ സ്‌റ്റൈല്‍ സദ്യ..
ബെന്നി:മിമിക്രി മതി..
വാഹനത്തിന്റ വാതില്‍തുറന്നുകൊണ്ട്
രണ്ടാമന്‍:കേറിക്കോ..
കേശു:ങ്ഹാ..കേറിക്കോ..
കൃഷ്ണന്‍:അടുത്തടുത്തിരിക്കണം..
നാലുപേരും കയറുന്നു. ഒരാള്‍ വാഹനത്തിന്റെ വാതില്‍ അടയ്ക്കുന്നു.
വേണു:നിങ്ങള്‍ വരുന്നില്ലേ..
നാലാമന്‍:ഞങ്ങള്‍ പിറകേവരും...
കേശു:വണ്ടി പോട്ടെ...
വാഹനം നീങ്ങുന്നു.അവര്‍ പുറത്തുനിന്നവര്‍ക്ക് ടാറ്റാ പറയുന്നു.
ബെന്നി:നല്ല ആള്‍ക്കാരാ പാവം....
വാഹനം ദൂരേക്ക് പോകുമ്പോള്‍ പിറകില്‍ എഴുതിയിരിക്കുന്നത് കാണാം. 'മാനസികാരോഗ്യ കേന്ദ്രം,പേരൂര്‍ക്കട'
THE END
Content Highlights: If those four people from movie mookkilla rajyath reach the kerala school festival