വീടിന് അഴകേറ്റാന്‍ ഇന്‍ഡോര്‍ പ്ലാന്‍റ്സ്; തിരഞ്ഞെടുപ്പില്‍ ശ്രദ്ധ വേണം

ചെടികള്‍ വെച്ചുപിടിപ്പിക്കുമ്പോഴാണ് വീടിന്റെ ഐഡന്റിറ്റി പൂര്‍ണമാവുക. ഏതെങ്കിലും നഴ്‌സറിയിലോ അല്ലെങ്കില്‍ വഴിയോരത്തെ കച്ചവടക്കാരന്റെ അടുക്കലോ ഇരിക്കുന്ന ഭംഗിയുള്ള ചെടി കണ്ട് ഇത് നമ്മുടെ ലിവിങ് റൂമില്‍ വെച്ചാല്‍ തകര്‍ക്കും എന്ന് കരുതി ഒന്നും നോക്കാതെ ചെടിയും വാങ്ങി വീട്ടിലേക്കോടുന്നവരാണ് കൂടുതലും. എന്നാല്‍ ഈ ചെടികള്‍ വീട്ടില്‍ കൊണ്ടുവന്നതിനുശേഷം ആരും നോക്കാതെ പതിയെ നശിച്ചുപോകാറാണ് പതിവ്.
ചെടിയുടെ ഭംഗിയും രൂപവും മാത്രം കണ്ട് ചെടികള്‍ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചെടി സ്ഥാപിച്ച സ്ഥലം അതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായിരുന്നോ, ആ ചെടിയെ പരിപാലിക്കാനുള്ള വിഭവങ്ങള്‍ നമുക്കുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയുള്ള പ്രവൃത്തിയാണ് ചെടിയുടെ നാശത്തിന് കാരണമാകുന്നത്.
വീട്ടിലേക്ക് ചെടി വാങ്ങുന്നതിനുമുമ്പ് ചെടികളുമായി നമുക്ക് എത്രത്തോളം പരിചയമുണ്ടെന്നും ദിവസവും എത്ര സമയം ഈ ചെടിക്കായി ചെലവഴിക്കാന്‍ നമുക്കുണ്ടെന്നും നാം ചിന്തിക്കണം. ഒരുപാട് സമയം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കേണ്ട ആളാണോ നിങ്ങള്‍, യാത്രകള്‍ കൂടുതല്‍ ആവശ്യമായുള്ള ജോലിയാണോ നിങ്ങളുടേത് മുതലായ കാര്യങ്ങള്‍ പരിഗണനാവിഷയമാണ്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് അധികം പരിപാലനം ആവശ്യമില്ലാത്ത ലോ മെയിന്റനന്‍സ് പ്ലാന്റുകളാവാം.
ഏതായാലും ഇന്‍ഡോര്‍ പ്ലാന്റുകള്‍ തെരഞ്ഞടുക്കുമ്പോള്‍ മനസ്സില്‍ വെയ്‌ക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്:
1) മുറിയ്ക്കുള്ളിലെ ലൈറ്റിങ് എങ്ങനെയാണെന്ന് കണ്ടെത്തി ആ ലൈറ്റില്‍ വളരാന്‍ കഴിയുന്ന ചെടികള്‍ മാത്രം തിരഞ്ഞെടുക്കുക. ചില സസ്യങ്ങള്‍ക്ക് നേരിട്ട് സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ. അത്തരം ചെടികള്‍ ഇങ്ങനെയുള്ള ലോ ലൈറ്റില്‍ വെച്ചാല്‍ മുരടിച്ചുപോകാനാണ് സാധ്യത. ഒപ്പം ചെടികള്‍ കൂടുതലും ജനാലയ്ക്കരികില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കുക.
2) തിരഞ്ഞെടുക്കുന്ന സസ്യത്തിന് എത്രത്തോളം പരിപാലനം ആവശ്യമാണ് എന്ന് മനസ്സിലാക്കലാണ് അടുത്തത്. ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കിടയില്‍ത്തന്നെ സ്ഥിരമായി വെള്ളമൊഴിക്കേണ്ടവയും പ്രൂണിങ് നടത്തേണ്ടവയും അല്ലാത്തവയുമുണ്ട്. ഈ ചെടികളുടെ പരിപാലനാവശ്യങ്ങളും നിങ്ങളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട് പോകുമെങ്കില്‍ മാത്രമേ അത് തിരഞ്ഞെടുക്കാവൂ.
3) ചെടി സ്ഥാപിക്കാന്‍ എത്രത്തോളം സ്ഥലം മുറിയില്‍ ലഭ്യമാണ് എന്ന് മനസ്സിലാക്കുക. വളരെ ചെറിയ സൈസുള്ള ടേബിള്‍ടോപ് പ്ലാന്റുകള്‍ മുതല്‍ വലിയ ഉയരത്തില്‍ വളരുന്ന ഫ്‌ളോര്‍ പ്ലാന്റുകള്‍ വരെ ഇന്‍ഡോര്‍ സസ്യങ്ങളുടെ ഗണത്തില്‍പ്പെടും. അതിനാല്‍ നമ്മുടെ റൂമിന്റെ വലിപ്പത്തിനും ആകൃതിയ്ക്കും അനുസരിച്ചുള്ള ചെടി വേണം തിരഞ്ഞെടുക്കാന്‍. ചെടിയുടെ പ്ലേസ്‌മെന്റും ഫര്‍ണിച്ചറിന്റെ പ്ലേസ്‌മെന്റും ഫ്‌ളോര്‍ സ്‌പേസുമെല്ലാം കണക്കുകൂട്ടിവേണം ഇന്‍ഡോര്‍ പ്ലാന്റ് സ്ഥാപിക്കാന്‍.
4) ഓരോരുത്തരും ഓരോ ഉദ്ദേശത്തോടെയാവും ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെച്ചുപിടിപ്പിക്കുന്നത്. വീടിനുള്ളിലെ വായുവിന്റെ നിലവാരം വര്‍ധിപ്പിക്കുക, വീടിന്റെ ഭംഗി കൂട്ടുക, വീടിനുള്ളില്‍ പ്രത്യേക ആംബിയന്‍സ് സൃഷ്ടിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളായിരിക്കും പലര്‍ക്കുമുള്ളത്. ഇതിലേതാണ് നിങ്ങളുടെ ലക്ഷ്യമെന്നു കണ്ടെത്തി അതിനിണങ്ങുന്ന ചെടികള്‍ വേണം തിരഞ്ഞെടുക്കാന്‍.
5) അടുത്തതാണ് ഏറ്റവും രസകരമായ പരിപാടി. ഇന്‍ഡോര്‍ പ്ലാന്റുകളുടെ വൈവിധ്യമാര്‍ന്ന ഇനങ്ങളും അവയുടെ സവിശേഷതകളും റിസര്‍ച്ച് ചെയ്യുന്ന ഘട്ടമാണിത്. സക്കുലന്റുകള്‍, ഫോളിയേജ് പ്ലാന്റുകള്‍, ഫ്‌ളവറിങ് പ്ലാന്റുകള്‍, സ്‌നേക്ക് പ്ലാന്റ്, ജേഡ് പ്ലാന്റ് എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്തതുപോലെ ഇന്‍ഡോര്‍ സസ്യങ്ങളുണ്ട്. ഇവയുടെയെല്ലാം പരിപാലനരീതിയും ഗുണഗണങ്ങളും അന്വേഷിച്ച് കണ്ടെത്തിയ ശേഷം മാത്രമേ നമുക്കനുയോജ്യമായതിനെ തിരഞ്ഞെടുക്കാവൂ. വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യമായ വെള്ളം, വളം എന്നിവയുടെ അളവിനെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടാകണം.
6) ഇനി വീട്ടില്‍ കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഒക്കെയുള്ളവര്‍ക്കുവേണ്ടിയുള്ളതാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സസ്യം ഏതെങ്കിലും തരത്തില്‍ ഉള്ളില്‍ച്ചെന്നാല്‍ ടോക്‌സിക് ആണോ എന്നുള്ളതുകൂടി അന്വേഷിച്ച് സുരക്ഷ ഉറപ്പുവരുത്തിയശേഷം മാത്രം സസ്യങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരിക.
7) വീട്ടിലെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് പോളന്‍ അലര്‍ജിയുണ്ടെങ്കില്‍ ഈ അലര്‍ജിയെ ട്രിഗര്‍ ചെയ്യാത്ത തരത്തിലുള്ള പ്ലാന്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
8) ആദ്യമായി ചെടികള്‍ നട്ടുവളര്‍ത്തുന്നവരാണെങ്കില്‍ ലോ മെയിന്റനന്‍സ് സസ്യങ്ങളില്‍ തുടങ്ങുന്നതാണ് അഭികാമ്യം. ഇവയ്ക്ക് വളരെ കുറച്ചു പരിപാലനം മാത്രമേ ആവശ്യമുള്ളൂ എന്ന് മാത്രമല്ല, ഇടയ്‌ക്കൊക്കെ ചെറിയ വീഴ്ചകള്‍ വരുത്തിയാലും വളര്‍ച്ചയില്‍ വലിയ വ്യത്യാസം കാണിക്കില്ല. പിന്നീട് പരിചയമായശേഷം കൂടുതല്‍ പരിചരണം ആവശ്യമുള്ള സസ്യങ്ങള്‍ വാങ്ങിക്കൊണ്ടുവരാവുന്നതാണ്.
ചുരുക്കത്തില്‍ ഒരു പെര്‍ഫക്ട് ഇന്‍ഡോര്‍ പ്ലാന്റ് തിരഞ്ഞെടുക്കുമ്പോള്‍ സ്ഥലപരിമിതി, ജീവിതശൈലി, ലൈറ്റിങ്, സുരക്ഷാഘടകങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്കും നമ്മുടെ വീടിനും ആനന്ദവും പച്ചപ്പും കൈവരൂ.
Content Highlights: Home And Indoor Plants