പഞ്ചാബിന്റെ വിജയത്തിന് മലയാളത്തിളക്കം; ഒഡിഷയെ തകര്‍ത്തു, രണ്ടുഗോളുകളും മലയാളികള്‍ വക

ഒഡിഷ എഫ്.സി.ക്കെതിരെയുള്ള ഗോള്‍നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് എഫ്.സി.യുടെ മലയാളി താരം നിഹാല്‍ സുധീഷ | x.com/devhoodadk21
ഒഡിഷ എഫ്.സി.ക്കെതിരെയുള്ള ഗോള്‍നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് എഫ്.സി.യുടെ മലയാളി താരം നിഹാല്‍ സുധീഷ | x.com/devhoodadk21

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒഡിഷയെ തകര്‍ത്ത് പഞ്ചാബ് എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബിന്റെ രണ്ട് ഗോളുകളും മലയാളികളുടെ വകയാണ്. ഇന്‍ജുറി ടൈമില്‍ പഞ്ചാബ് താരം രവികുമാര്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഒഡിഷയ്ക്ക് ഒരുഗോള്‍ ലഭിച്ചു. 

മത്സരത്തിന്റെ ഇരുപകുതികളിലുമായി ഓരോ ഗോളാണ് പഞ്ചാബ് നേടിയത്. 28-ാം മിനിറ്റില്‍ നിഹാല്‍ സുധീഷും 89-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും സ്‌കോര്‍ ചെയ്തു. പഞ്ചാബ് മുന്നേറ്റതാരം ലൂക്ക മജ്‌സെന്റെ ജഴ്‌സി ഉയര്‍ത്തിയാണ് നിഹാല്‍ ഗോളാഘോഷം നടത്തിയത്. ആദ്യമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ജയിച്ച പഞ്ചാബിന് ലൂക്കാ മജ്‌സെന്റെ പരിക്കേറ്റുള്ള പുറത്താവല്‍ തിരിച്ചടിയായിരുന്നു. ഉയര്‍ന്നുവന്ന പന്തെടുക്കാനുള്ള ശ്രമത്തിനിടെ രാഹുല്‍ കെ.പി.യുമായി കൂട്ടിയിടിച്ചാണ് മജ്‌സെന് പരിക്കേറ്റത്. തുടര്‍ന്ന്‌ ശസ്ത്രക്രിയ ആവശ്യമായി വരികയും രണ്ടുമാസത്തെ വിശ്രമം വേണ്ടിവരികയും ചെയ്തു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ നിഹാല്‍ ഒരുവര്‍ഷത്തെ ലോണിലാണ് പഞ്ചാബിനുവേണ്ടി കളിക്കുന്നത്. ഫിലിപ് മിര്‍യാക്കിന്റെ അസിസ്റ്റാണ് നിഹാലിന്റെ ഗോളിലേക്ക് വഴിവെച്ചത്. 

89-ാം മിനിറ്റില്‍ റിക്കി ഷബോങ്ങ് നല്‍കിയ പാസ് ലിയോണ്‍ അഗസ്റ്റിന്‍ വലയിലേക്ക് തിരിച്ച് ടീമിന്റെ ഗോള്‍ നേട്ടം രണ്ടാക്കി. രണ്ടു മത്സരങ്ങളും ജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ ബെംഗളൂരുവിന് താഴെ രണ്ടാംസ്ഥാനത്താണ്.
 

Content Highlights: odisha fc vs punjab fc isl 2024-25