രണ്ടു തവണ പിന്നില്‍, 3 മിനിറ്റ് ശേഷിക്കേ വിജയഗോള്‍; ആവേശപ്പോരില്‍ മോഹന്‍ ബഗാന് ജയം

Photo: x.com/mohunbagansg
Photo: x.com/mohunbagansg

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി മോഹന്‍ ബഗാന്‍. സ്വന്തം മൈതാനത്ത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒടുവില്‍ കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേ വിജയഗോളും ഒപ്പം ജയവും ബഗാന്‍ സ്വന്തമാക്കുകയായിരുന്നു.

ദീപേന്ദു ബിശ്വാസ്, സുഭാശിഷ് ബോസ്, ജേസണ്‍ കമ്മിങ്‌സ് എന്നിവര്‍ ബഗാനായി സ്‌കോര്‍ ചെയ്തപ്പോള്‍ മുഹമ്മദ് അലി ബെമാമ്മെറും അലാദിന്‍ അജാരെയുമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയന്റുള്ള ബഗാന്‍ നിലവില്‍ നാലാം സ്ഥാനത്തെത്തി.

കളിതുടങ്ങി നാലാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ച് മൊറോക്കന്‍ താരം മുഹമ്മദ് അലി ബെമാമ്മെര്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. അജാരെ നല്‍കിയ പന്ത് ബെമാമ്മെര്‍ വലയിലെത്തിക്കുകയായിരുന്നു. 

എന്നാല്‍ 10-ാം മിനിറ്റില്‍ ദീപേന്ദു ബിശ്വാസിലൂടെ ബഗാന്‍ തിരിച്ചടിച്ചു. പെട്രാറ്റോസ് എടുത്ത ഫ്രീ കിക്ക് ഒരു ഹെഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 24-ാം മിനിറ്റില്‍ അജാരെയിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ലീഡെടുത്തു. മലയാളി താരം ജിതിനുമായി നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു അജാരെയുടെ ഗോള്‍.

61-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുഭാശിഷ് ബോസ് ബഗാനെ വീണ്ടും ഒപ്പമെത്തിച്ചു. ഒടുവില്‍ കളിതീരാന്‍ വെറും മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജേസണ്‍ കമ്മിങ്‌സ് ബഗാന്റെ വിജയഗോള്‍ കുറിച്ചു.

Content Highlights: Mohun Bagan secured a thrilling 3-2 victory over NorthEast United in the Indian Super League