ഇഞ്ചുറി ടൈം ഗോളില്‍ ഫൈനല്‍ ടിക്കറ്റെടുത്ത് ബഗാന്‍; ജംഷേദ്പുരിന് നിരാശ

മോഹന്‍ ബഗാന്‍ താരങ്ങളുടെ വിജയാഹ്ലാദം | X.com/@mohunbagansg
മോഹന്‍ ബഗാന്‍ താരങ്ങളുടെ വിജയാഹ്ലാദം | X.com/@mohunbagansg

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ ഫൈനലില്‍. രണ്ടാംപാദസെമിയില്‍ ജംഷേദ്പുരിനെ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ബഗാന്റെ ജയം. ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റ് സ്‌കോറില്‍ മുന്നിലെത്തിയതോടെയാണ് (3-2) ബഗാന്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഏപ്രില്‍ 12 ന് നടക്കുന്ന ഫൈനലില്‍ ബെംഗളൂരു എംഫ്‌സിയാണ് ബഗാന്റെ എതിരാളികള്‍. 

സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രണ്ടാം പകുതിയില്‍ നേടിയ രണ്ടുഗോളുകളാണ് ബഗാന് രക്ഷയായത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജേസണ്‍ കമ്മിങ്‌സ് ബഗാന്റെ ആദ്യ ഗോള്‍ നേടി. അതോടെ അഗ്രിഗേറ്റ് സ്‌കോര്‍ തുല്യമായി(2-2). ആദ്യ പാദത്തില്‍ 2-1 നാണ് ജംഷേദ്പുര്‍ വിജയിച്ചത്. 

അഗ്രിഗേറ്റ് സ്‌കോര്‍ സമനിലയില്‍ തുടരുന്നതിനിടെയാണ് ഇഞ്ചുറി ടൈമില്‍ ബഗാന്റെ രണ്ടാം ഗോളെത്തിയത്. ലാല്‍ഡന്‍മാവിയ റാള്‍ട്ടെയാണ് വലകുലുക്കിയത്. അതോടെ അഗ്രിഗേറ്റ് സ്‌കോറില്‍ മുന്നിലെത്തിയ ബഗാന്‍ ഫൈനലിലെത്തി. ഫൈനലില്‍ ബെംഗളൂരു എംഫ്‌സിയാണ് ബഗാന്റെ എതിരാളികള്‍. 

Content Highlights: mohun bagan reached isl final