ഇരട്ട ഗോളോടെ ഫാറൂഖ് ചൗധരി; ഒഡിഷയ്‌ക്കെതിരേ ചെന്നൈക്ക് ജയം

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയുടെ ജയം. ഫാറൂഖ് ചൗധരിയുടെ ഇരട്ടഗോളുകളാണ് ചെന്നൈക്ക് രക്ഷയായത്. ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം തോല്‍വി വഴങ്ങുകയായിരുന്നു.
എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒഡിഷയാണ് ആദ്യം ലീഡ് ചെയ്തത്. തുടക്കത്തിലെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഒഡിഷയ്ക്കുവേണ്ടി ഡീഗോ മൗറിഷ്യോ പെനാല്‍റ്റി കിക്കെടുത്തു. പന്തുമായി മുന്നേറിയ ഹ്യൂഗോ ബൗമസിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്ക് ഒരു പിഴവും കൂടാതെ മൗറിഷ്യോ വലയ്ക്കകത്തെത്തിച്ചു (1-0).
എന്നാല്‍, പകുതിയുടെ തുടക്കത്തില്‍തന്നെ ചെന്നൈ തിരിച്ചടിച്ചു. കോനര്‍ ഷീല്‍ഡ്‌സ് നല്‍കിയ പാസ് ഫാറൂഖ് ചൗധരി വലംകാല്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. 47-ാം മിനിറ്റിലായിരുന്നു ഗോള്‍ (1-1). മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫാറൂഖ് ചൗധരി ഒരുതവണകൂടി ഒഡിഷ ബോക്‌സ് കുലുക്കി. ബോക്‌സിന്റെ മധ്യത്തില്‍നിന്നുതിര്‍ത്ത ഇടംകാല്‍ ഷൂട്ട്, ബോക്‌സിന്റെ ഇടതുമൂലയില്‍ച്ചെന്ന് പതിച്ചു (2-1). 68-ാം മിനിറ്റില്‍ ഡാനിയല്‍ ചിമയിലൂടെ ചെന്നൈ വീണ്ടും മുന്നേറ്റം നടത്തി (3-1). തുടര്‍ന്ന് ഒഡിഷ തിരിച്ചുവരവിനായി നിരന്തരശ്രമം നടത്തിയതിന്റെ ഫലമായി ഇന്‍ജുറി ടൈമിന്റെ നാലാംമിനിറ്റില്‍ ഒരുഗോള്‍കൂടി നേടി. ഹ്യൂഗോ ബൗമസിന്റെ അസിസ്റ്റില്‍നിന്ന് റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. ഇതോടെ 2-3 എന്ന നിലയില്‍ മത്സരം അവസാനിച്ചു.
Content Highlights: isl chennaiyin fc vs odisha fc