ആശ്വാസം അര്‍മാന്‍ഡോ; ഇന്‍ജുറി ടൈമിലെ ഗോളില്‍ ഗോവ, മുഹമ്മദന്‍സിന് സമനില

Photo | x.com/FCGoaOfficial
Photo | x.com/FCGoaOfficial

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും എഫ്.സി. ഗോവയും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 സമനിലയില്‍. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ടാംപകുതിയിലാണ് ഗോള്‍ നേടിയത്. ജയത്തിലേക്ക് നീങ്ങിയ മുഹമ്മദന്‍സിനെ ഞെട്ടിച്ച് ഇന്‍ജുറി ടൈമിലാണ് ഗോവയുടെ മടക്കഗോള്‍ വന്നത്. ഐ.എസ്.എലില്‍ മുഹമ്മദന്‍സിന്റെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം.  

രണ്ടാംപകുതിയിലാണ് മുഹമ്മദന്‍സ് ലീഡ് നേടിയത്. 66-ാം മിനിറ്റില്‍ മുഹമ്മദന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ അലക്‌സിസ് ഗോമസ് ഒരു പിഴവും വരുത്താതെ ഗോവന്‍ വലയിലേക്ക് അടിച്ചകറ്റി. ഇതോടെ അലക്‌സിസ് ഗോമസ് വഴി മുഹമ്മദന്‍സിന്റെ ഐ.എസ്.എലിലെ ആദ്യ ഗോള്‍ പിറന്നു, പെനാല്‍റ്റിയിലൂടെ (1-0). 

പിറകിലായതില്‍പ്പിന്നെ ഉണര്‍ന്നുകളിച്ച ഗോവ, മികച്ച മുന്നേറ്റം നടത്തിയെങ്കിലും മുഹമ്മദന്‍ പ്രതിരോധത്തെ മറികടക്കാനായില്ല. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോവയുടെ അര്‍മാന്‍ഡോ സാദികു മുഹമ്മദന്‍സിന്റെ ജയം തടഞ്ഞു.
 

Content Highlights: isl 2024-25 mohammedan sc vs fc goa