തോൽക്കാതിരുന്നാൽ മുംബൈ പ്ലേഓഫിൽ, അല്ലെങ്കിൽ ഒഡിഷ; ഐഎസ്എല്ലിൽ പോരാട്ടം കടുക്കുന്നു

കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ പതിനൊന്നാം സീസണിന്റെ ലീഗ് റൗണ്ട് പോരാട്ടങ്ങൾക്ക് ഫൈനൽവിസിലാകുന്നു. ഇനി അവശേഷിക്കുന്നത് രണ്ടു മത്സരം മാത്രം. ചൊവ്വാഴ്ച നടക്കുന്ന ബെംഗളൂരു എഫ്.സി.-മുംബൈ സിറ്റി മത്സരത്തോടെ പ്ലേ ഓഫിൽ കളിക്കുന്ന ടീമുകളുടെ പട്ടികയാകും. കേരള ബ്ലാസ്‌റ്റേഴ്‌സും-ഹൈദരാബാദ് എഫ്.സി.യും തമ്മിൽ ബുധനാഴ്ചനടക്കുന്ന മത്സരമാണ് ലീഗ് റൗണ്ടിലെ അവസാനത്തേത്.
പ്ലേ ഓൺ
24 കളിയിൽ 56 പോയിന്റുമായി ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ മോഹൻ ബഗാനാണ് പ്ലേ ഓഫ് ഉറപ്പാക്കിയ ആദ്യ ടീം. തൊട്ടുപിന്നാലെ എഫ്.സി ഗോവയും (48 പോയിന്റ്). പോയിന്റ് നിലയിൽ ആദ്യരണ്ടു സ്ഥാനങ്ങളിലെത്തിയതോടെ ഇരുടീമുകളും സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യതനേടി. ബാക്കി നാലുടീമുകൾ സെമിഫൈനലിനായി പ്ലേ ഓഫ് കളിക്കും.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (38), ബെംഗളൂരു എഫ്.സി. (38), ജംഷേദ്പുർ എഫ്.സി. (38) ടീമുകളാണ് നിലവിൽ പ്ലേ ഓഫിലെത്തിയത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഒഡിഷ എഫ്.സി. (33), മുംബൈ സിറ്റി (33) എന്നീ ടീമുകൾ മത്സരത്തിലാണ്. അവസാനകളിയിൽ തോൽക്കാതിരുന്നാൽ മുംബൈക്ക് കയറാം. മുംബൈ തോറ്റാൽ മികച്ച ഗോൾശരാശരിയിൽ ഒഡിഷ പ്ലേ ഓഫിലെത്തും. മാർച്ച് 29 മുതലാണ് പ്ലേ ഓഫ് മത്സരങ്ങൾ. ഏപ്രിൽ 13-നാണ് ഫൈനൽ.
ബ്ലാസ്റ്റാകാതെ ബ്ലാസ്റ്റേഴ്‌സ്
ഒരു കളി ബാക്കിനിൽക്കെ 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. തുടർച്ചയായ മൂന്നുതവണ പ്ലേ ഓഫിൽ കളിച്ച ടീമിന് ഇത്തവണ മികച്ച ടീമുണ്ടായിട്ടും കാര്യങ്ങൾ അനുകൂലമായില്ല. സീസണിന്റെ പകുതിയിൽ പരിശീലകൻ മിക്കേൽ സ്റ്റാറെയെ പുറത്താക്കേണ്ടിയും വന്നു. ടീം മാനേജ്‌മെന്റുമായി തെറ്റിയ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ എതിർപ്പും തിരിച്ചടിയായി. അവസാന ഹോം മത്സരത്തിന് 3567 കാണികൾമാത്രമാണ് കൊച്ചിയിലെത്തിയത്.
വൻവീഴ്ച
ട്രാൻസ്ഫർ വിപണിയിൽ വമ്പൻ തുക ഇറക്കിയ കൊൽക്കത്ത ക്ലബ് ഈസ്റ്റ് ബംഗാളിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. ഒൻപതാം സ്ഥാനത്താണ് ടീം. പഞ്ചാബ് എഫ്.സി., ചെന്നൈയിൻ എഫ്.സി. ഹൈദരാബാദ് എഫ്.സി, മുഹമ്മദൻ സ്‌പോർട്ടിങ് ടീമുകളും നിരാശപ്പെടുത്തി.
വടക്കുകിഴക്കൻ കുതിപ്പ്
സീസണിൽ അപ്രതീക്ഷിത പ്രകടനം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്നായിരുന്നു. ഗോളടിമാന്ത്രികൻ അലാഡിൻ അജാറൈയുടെ മികവിൽ ടീം മൂന്നാംസ്ഥാനത്താണ്. 10 ജയവും എട്ട് സമനിലയും ടീമിനുണ്ട്. ആറ് കളിയിൽ മാത്രമാണ് തോറ്റത്.
Content Highlights: indian super league football play off