ഇഞ്ചുറി ടൈമിൽ ഗോളടിച്ച് ഛേത്രി; ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ

Photo | x.com/bridge_football
Photo | x.com/bridge_football

മഡ്​ഗാവ്: ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയില്‍ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്‌കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെം​ഗളൂരു ജയിച്ചത്. 

സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു. 

ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. എഡ്ഗാൻ മെൻഡസാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ആദ്യപകുതിയിൽ സന്ദേശ് ജിംഗാന്റെ സെൽഫ് ഗോളും ടീമിന് ലഭിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെം​ഗളൂരുവിന്റെ ഫൈനൽ പ്രവേശം. 

Content Highlights: bengaluru fc qualifies to isl final