വിഘ്‌നേഷ് പുത്തൂരില്ലാതെ മുംബൈ ഇന്ത്യന്‍സ്; ഇംപാക്ട് പ്ലെയേഴ്‌സ് ലിസ്റ്റിലുമില്ല, കാരണമിതാണ്

അഹമ്മദാബാദ്: ഐപിഎല്‍ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരത്തില്‍ ഇംപാക്ട് പ്ലെയറായെത്തി മികവു കാണിച്ച താരമാണ് മലപ്പുറം പെരിന്തല്‍മണ്ണക്കാരന്‍ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായെത്തി മൂന്നു വിക്കറ്റുകളാണ് നേടിയത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി.
പക്ഷേ, ശനിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ വിഘ്‌നേഷിന് ടീമില്‍ ഇടം ലഭിച്ചില്ല. ആദ്യ ഇലവനില്‍നിന്ന് മാത്രമല്ല, ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റിലും വിഘ്‌നേഷില്ല. റിസര്‍വ് താരം മാത്രമാണ് വിഘ്‌നേഷ് ഇന്ന്. കഴിഞ്ഞവര്‍ഷത്തെ വിലക്കു പ്രകാരം ഒരു മത്സരം വിട്ടുനില്‍ക്കേണ്ടിവന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹാര്‍ദിക് എത്തിയതോടെ ടീമിന്റെ സ്ട്രാറ്റജി മൊത്തം മാറ്റേണ്ടിവന്നു. പ്രത്യേകിച്ച് ബൗളിങ് നിരയിലും ഇംപാക്ട് പ്ലേയേഴ്‌സിന്റെ പട്ടികയിലുമാണ് ഈ മാറ്റം പ്രതിഫലിച്ചത്. ബൗളിങ്, ബാറ്റിങ് നിര സന്തുലിതാവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ടീമിനെ സംബന്ധിച്ച് പ്രധാനം. അതിനാല്‍ പുത്തൂരിന് പുറത്തിരിക്കേണ്ടിവന്നു. അഫ്ഗാന്‍ ബൗളര്‍ മുജീബുര്‍റഹ്‌മാനെ പകരം കൊണ്ടുവരികയും ചെയ്തു.
വളര്‍ന്നുവരുന്ന യുവതാരങ്ങളെ പ്രാധാന്യത്തോടെയാണ് മുംബൈ കൈകാര്യം ചെയ്യുന്നത്. വിഘ്‌നേഷിനെ എല്ലാ മത്സരങ്ങളിലും ശ്രദ്ധാകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യമല്ല മുംബൈക്കുള്ളത്. മറിച്ച് താരത്തിന്റെ ക്രമേണയുള്ള വികസനാണ് ടീം ലക്ഷ്യമിടുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ കളിയുടെ ഉയര്‍ച്ചതാഴ്ചകള്‍ ഉള്‍ക്കൊള്ളാന്‍ താരത്തിന് കഴിയേണ്ടതുണ്ടെന്നാണ് ടീം നിലപാട്.
Content Highlights: vignesh puthur ipl mumbai indians vs gujarat titans