ധോനി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകയറി; വിലക്കിയോ? കോലിയേയോ? ചിലര്‍ക്ക് പ്രത്യേക ആനുകൂല്യമെന്ന് സെവാഗ്

Photo: twitter.com
Photo: twitter.com

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചില താരങ്ങള്‍ക്ക് പ്രത്യേക ആനൂകൂല്യം ലഭിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. പെരുമാറ്റച്ചട്ട ലംഘനത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാത്തിയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടി ചൂണ്ടിക്കാട്ടിയാണ് സെവാഗിന്റെ വിമര്‍ശനം.

ഇത്തവണത്തെ ഐപിഎല്‍ സീസണിലെ 61-ാം മത്സരത്തിനിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിനു പിന്നാലെയാണ് ദിഗ്‌വേഷിനെ ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. സീസണില്‍ മൂന്നാം തവണയും പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായതോടെയായിരുന്നു വിലക്കാനുള്ള തീരുമാനം.

എന്നാല്‍ ഈ തീരുമാനം സെവാഗിന് അത്ര പിടിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എസ് ധോനിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയും ഉള്‍പ്പെട്ട മുന്‍കാല സംഭവങ്ങള്‍ പരാമര്‍ശിച്ച സെവാഗ്, യുവതാരം ദിഗ്‌വേഷിനെ നടപടിയില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ദിഗ്‌വേഷിനെതിരായ നടപടി അല്‍പം കടന്നുപോയെന്നാണ് സെവാഗിന്റെ അഭിപ്രായം.

''വിലക്ക് അല്‍പം കഠിനമായിരുന്നുവെന്നാണ് എന്റെ പക്ഷം. ആ പയ്യന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. എം.എസ് ധോനി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി, അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നില്ല. വിരാട് കോലി അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതും എത്ര തവണയെന്ന് ആര്‍ക്കറിയാം. എന്നിട്ടും അദ്ദേഹത്തെയും വിലക്കിയിട്ടില്ല. അതിനാല്‍ തന്നെ ദിഗ്‌വേഷ് രാത്തിയേയും ഒഴിവാക്കാമായിരുന്നു. കാരണം അയാള്‍ യുവതാരമാണ്. ഇപ്പോള്‍ മാത്രം ഇതിലേക്ക് വന്നതിനാല്‍ അദ്ദേഹത്തെ വെറുതെ വിടാമായിരുന്നു.'' - ക്രിക്ബസിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ സെവാഗ് പറഞ്ഞു.

2019-ലെ ഐപിഎല്‍ സീസണിനിടെയായിരുന്നു ധോനി ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തി അമ്പയറോട് കയര്‍ത്ത്. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോനി നിലമറന്ന് പെരുമാറിയത്. അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച ധോനി ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തി അമ്പയറോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഒരു നോബോളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ധോനി ഇത്തരത്തില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയത്. അന്ന് പെരുമാറ്റച്ചട്ട ലംഘനത്തിന് ധോനിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴവിധിക്കുകയായിരുന്നു. കോലിയാകട്ടെ പല അവസരങ്ങളിലും അമ്പയര്‍മാരുമായി നേരിട്ട് വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയതിനാണ് ദിഗ്‌വേഷിനെ വിലക്കിയത്. വിവാദമായ നോട്ട്ബുക്ക് സെലബ്രേഷന്റെ പേരില്‍ സീസണില്‍ നേരത്തേ രണ്ടു തവണ ദിഗ്‌വേഷിന് പിഴശിക്ഷ വിധിച്ചിരുന്നു. മൂന്നാമതും കുറ്റം ആവര്‍ത്തിച്ചതോടെയാണ് വിലക്കിയത്.

Content Highlights: Former cricketer Virender Sehwag criticizes BCCI`s decision to ban Digvesh Rathi