'താങ്കള്‍ എന്തുകൊണ്ടാണ് മായന്തിയുടെ ട്രൗസര്‍ ധരിച്ചിരിക്കുന്നത്?'; ചർച്ചയായി ഗാവസ്കറുടെ ചോദ്യം

അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. താരങ്ങളുടെ പ്രകടനങ്ങളെ വിലയിരുത്തുകയും മോശമായാല്‍ നിശിതമായി വിമര്‍ശിക്കാനും ഗാവസ്‌കര്‍ മടി കാണിക്കാറില്ല. ഇപ്പോഴിതാ സുനില്‍ ഗാവസ്‌കര്‍ നടത്തിയ ഒരു അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കളിക്കാരുടെ പ്രകടനം സംബന്ധിച്ചല്ല, മറിച്ച് അവതാരകരുടെ വസ്ത്രം സംബന്ധിച്ചായിരുന്നു ഗാവസ്‌കറിന്റെ തമാശരൂപേണയുള്ള പ്രതികരണം.
ഐപിഎല്ലുമായി ബന്ധപ്പെട്ടുള്ള പരിപാടിക്കിടെയാണ് സംഭവം. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും സ്‌പോര്‍ട്‌സ് അവതാരക മായന്തി ലാംഗറും ചര്‍ച്ചനടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗാവസ്‌കറിന്റെ ചോദ്യമെത്തി. 'എനിക്ക് റോബിനോടാണ് ചോദിക്കാനുള്ളത്, എന്തുകൊണ്ടാണ് നിങ്ങള്‍ മായന്തിയുടെ ട്രൗസര്‍ ധരിച്ചിരിക്കുന്നത്? '- ഗാവസ്‌കര്‍ ചോദിച്ചു.
മായാന്തിയുടെയും റോബിന്‍ ഉത്തപ്പയുടെയും വസ്ത്രം താരതമ്യപ്പെടുത്തിയായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ ചോദ്യം. ഇതുകേട്ടയുടനെ ഇരുവരും ചിരിച്ചുകൊണ്ട് ഗാവസ്‌കറിന് മറുപടി നല്‍കി. 'നിങ്ങളില്‍ നിന്നുള്ള ശ്രദ്ധ മാറ്റണമെന്ന് എനിക്കുണ്ടായിരുന്നു.'- ഉത്തപ്പ പറഞ്ഞു. താനാണ് ഇന്ന് ട്രൗസര്‍ ധരിക്കേണ്ടിയിരുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞയുടനെ മായന്തിയും മറുപടി നല്‍കി. 'ഇന്ന് ഞങ്ങളുടെ സ്റ്റൈലിസ്റ്റ് സംസാരിച്ചിരുന്നു. നിങ്ങളുടെയും എന്റേയുമല്ല ഇത് ഊത്തപ്പയുടെ തന്നെയാണെന്ന മറുപടിയാണ് മായന്തി നല്‍കിയത് . ഇത് സ്‌ക്രീന്‍ഷോട്ടാക്കി മീം ആക്കൂ. മികച്ച നിരീക്ഷണമാണിത്.' - മായന്തി ഗാവസ്‌കറിനോട് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Robin Uthappa Wearing Mayanti Langers Trousers asked gavaskar