ആ കണക്ക് തീര്‍ന്നു; അഭിനന്ദിക്കാനെത്തി സഞ്ജീവ് ഗോയങ്ക, കൈ കൊടുത്തെന്ന് വരുത്തി രാഹുല്‍ | Video

Photo: x.com/mufaddal_vohra/
Photo: x.com/mufaddal_vohra/

ലഖ്‌നൗ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹിയുടെ ഈ വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് കെ.എല്‍ രാഹുലും അദ്ദേഹത്തിന്റെ മുന്‍ ടീം ഉടമയായ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള കണ്ടുമുട്ടലാണ്. മത്സരത്തില്‍ 42 പന്തില്‍ നിന്ന് 57 റണ്‍സുമായി ഡല്‍ഹിയെ വിജയത്തിലെത്തിച്ചത് രാഹുലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഈ വിജയം ഒരു മധുര പ്രതികാരം കൂടിയായിരുന്നു.

2022 മുതല്‍ 2024 വരെ, സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. 2024 സീസണിനു പിന്നാലെ രാഹുല്‍ ടീം വിട്ടിരുന്നു. ടീം ഉടമയായ ഗോയങ്കയുമായി അത്ര നല്ല ബന്ധമായിരുന്നില്ല രാഹുലിന് ഉണ്ടായിരുന്നത്. 2024-ല്‍ ലഖ്‌നൗ വിട്ടതിനു പിന്നാലെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും വിശ്രമകരമായ ഒരു ഡ്രസ്സിങ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം ഔദ്യോഗികമായി നല്‍കിയ വിശദീകരണം. എന്നാല്‍ രാഹുല്‍ മോശം പ്രകടനം നടത്തുന്ന താരമാണെന്നും വ്യക്തിഗത നേട്ടം നോക്കുന്ന ആളാണെന്നുമായിരുന്നു സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം. ഇത്തവണ തന്റെ മുന്‍ ടീമിനെതിരേ തന്നെ മത്സരം ജയിപ്പിച്ച ഇന്നിങ്‌സോടെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍.

മത്സരം ശേഷം തന്നെ അഭിനന്ദിക്കാനെത്തിയ സഞ്ജീവ് ഗോയങ്കയെ പൂര്‍ണമായും അവഗണിക്കുന്ന രാഹുലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് നേരേ ഹസ്തദാനത്തിന് കൈ നീട്ടിയ സഞ്ജീവ് ഗോയങ്കയ്ക്ക് കൈ കൊടുത്തെന്നു വരുത്തി രാഹുല്‍ നടന്നകലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹസ്തദാനത്തിനു ശേഷം സഞ്ജീവ് എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് രാഹുല്‍ നടന്നകന്നത്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷം രാഹുലിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സഞ്ജീവ് ഗോയങ്കയുടെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്‌നൗ ഡഗ്ഔട്ടിനടുത്തുവെച്ച് രാഹുലിനോട് ദേഷ്യപ്പെടുന്ന സഞ്ജീവിന്റെ ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നതും കാണാം. ഇതിനു പിന്നാലെ സഞ്ജീവിനെതിരേ വലിയ തോതില്‍ ആരാധക രോഷമുണ്ടായിരുന്നു.

Content Highlights: KL Rahul`s impressive performance against Lucknow, owned by Sanjeev Goenka, ends in a frosty encount