മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍; കിങ്‌സിന്റെ വിജയം അഞ്ച് വിക്കറ്റിന്

അഹമ്മദാബാദ്: ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഫൈനലില്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവർ ശേഷിക്കെ പഞ്ചാബ് മറികടന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് പഞ്ചാബ് നേടിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ. ഇരുടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്തതിനാൽ ഇത്തവണ പുതിയൊരു ചാമ്പ്യന്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക.
മഴ വില്ലനായെത്തിയതിനാൽ രണ്ടരമണിക്കൂര്‍ വൈകിയാണ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. വെടിക്കെട്ടോടെ ബാറ്റിങ് ആരംഭിച്ച മുംബൈക്ക് മൂന്നാം ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടമായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും തിലക് വര്‍മയും തകര്‍ത്തടിച്ചതോടെ മുംബൈ സ്‌കോര്‍ കുതിച്ചു. ടീം അഞ്ചോവറില്‍ അമ്പതിലെത്തി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 65-1 എന്ന നിലയിലായിരുന്നു മുംബൈ. ബെയര്‍സ്‌റ്റോ ആയിരുന്നു കൂടുതല്‍ അപകടകാരി.
എന്നാല്‍ ടീം സ്‌കോര്‍ 70-ല്‍ നില്‍ക്കേ ബെയര്‍സ്‌റ്റോ പുറത്തായി. 24 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മയും സൂര്യകുമാര്‍ യാദവും വെടിക്കെട്ടൊരുക്കിയതോടെ മുംബൈ പത്തോവറില്‍ നൂറുകടന്നു. 13 ഓവര്‍ അവസാനിക്കുമ്പോള്‍ 131-2 എന്ന നിലയിലായിരുന്നു ടീം. എന്നാല്‍ യൂര്യകുമാറിനെ പുറത്താക്കി ചാഹല്‍ പഞ്ചാബിന് പ്രതീക്ഷ നല്‍കി. 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സൂര്യകുമാര്‍ കൂടാരം കയറിയത്. പിന്നാലെ തിലകും പുറത്തായതോടെ മുംബൈ 142-4 എന്ന നിലയിലായി. 29 പന്തില്‍ നിന്ന് 44 റണ്‍സാണ് തിലകിന്റെ സമ്പാദ്യം.ഹാര്‍ദിക് പാണ്ഡ്യ(15), നമാന്‍ ധിര്‍(37) എന്നിവരുടെ ഇന്നിങ്‌സുകള്‍ മുംബൈയെ 200-നടുത്തെത്തിച്ചു. ഒടുക്കം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 203 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ 87 റണ്‍സെടുത്തു. ശ്രേയസ്സിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന്റെ വിജയത്തിന് നെടുംതൂണായത്. നെഹല്‍ വധേര (48), ജോഷ് ഇന്‍ഗ്ലിസ് (38) എന്നിവരും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlights: Punjab Kings enters IPL final beating Mumbai Indians in qualifier