ബട്‌ലര്‍ കുടുംബാംഗമായിരുന്നു, ടീമിലില്ല എന്നതിനോട് പൊരുത്തപ്പെടാനായില്ല - സഞ്ജു

സഞ്ജുവും ജോസ് ബട്‌ലറും | AFP
സഞ്ജുവും ജോസ് ബട്‌ലറും | AFP

ന്യൂഡല്‍ഹി: ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ ടീമില്‍ നിലനിര്‍ത്താതിരുന്ന തീരുമാനം വെല്ലുവിളിനിറഞ്ഞതായിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ജോസ് ബട്‌ലര്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഏഴ് വര്‍ഷം ഒരുമിച്ച് കളിച്ചതാണ്‌, കുറേക്കാലം ഇതുമായി പൊരുത്തപ്പെടാനായിട്ടില്ലെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ ഒഴിവാക്കിയതോടെയാണ്‌ താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ബട്‌ലറെ സ്വന്തമാക്കിയത്.

ഒരു ടീമിനെ നയിക്കാനും മികച്ച രീതിയില്‍ കളിക്കാനും ഐപിഎല്ലാണ് അവസരം നല്‍കിയത്. അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും. ജോസ് ബട്‌ലര്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഏഴ് വര്‍ഷം കളിച്ചു. ഈ കാലത്ത് ഞങ്ങളുടെ ബാറ്റിങ് കൂട്ടുകെട്ടും നീണ്ടതായിരുന്നു. അതിനാല്‍ പരസ്പരം അടുത്തറിയാനായി. ബട്‌ലര്‍ മൂത്ത സഹോദരനെപ്പോലെയായിരുന്നു. എന്തെങ്കിലും സംശയം തോന്നുമ്പോഴെല്ലാം അവനോട് സംസാരിക്കും. ഞാന്‍ നായകനായിരുന്നപ്പോള്‍ ബട്‌ലര്‍ ഉപനായകനായിരുന്നു. ഒരു നല്ല നായകനാവാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. - സഞ്ജു സാംസണ്‍ പറഞ്ഞു. 

ബട്‌ലറെ ടീം വിട്ട് പോകാന്‍ അനുവദിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കിടയില്‍ ഇതുമായി പൊരുത്തപ്പെടാനായിട്ടില്ലെന്ന് ബട്‌ലറോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിലെ ഒരു കാര്യം എനിക്ക് മാറ്റാന്‍ സാധിക്കുമെങ്കില്‍ മൂന്ന് വര്‍ഷം നിശ്ചിത താരങ്ങളെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കുന്ന നിയമം മാറ്റും. അതിന് അതിന്റേതായ പോസിറ്റീവ് വശമുണ്ടെങ്കിലും വ്യക്തിപരമായി വര്‍ഷങ്ങളോളമുള്ള ബന്ധമാണ് നഷ്ടപ്പെടുന്നത്. അദ്ദേഹം കുടുംബാംഗമായിരുന്നു. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് പറയേണ്ടത്? - സഞ്ജു പറഞ്ഞു.

2018 മുതല്‍ 2024 വരെയാണ് ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചത്. ഈ കാലത്ത് ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമായിരുന്നു ബട്‌ലര്‍. 83 മത്സരങ്ങളില്‍ നിന്നായി 41.84 ശരാശരിയില്‍ 3055 റണ്‍സെടുത്തു. 2025 സീസണിന് മുമ്പായി രാജസ്ഥാന്‍ നിലനിര്‍ത്തിയ ആറ് താരങ്ങളില്‍ ബട്‌ലറുണ്ടായിരുന്നില്ല. പിന്നീട് നടന്ന താരലേലത്തില്‍ ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു.
 

Content Highlights: Letting Buttler go one of the most challenging decisions says sanju samson