പന്തെറിഞ്ഞത് രണ്ടുകൈകള്‍ കൊണ്ടും, ഒരോവറില്‍ 4-1; കമിന്ദുവിന് പിന്നീട് പന്ത് കൊടുക്കാതെ കമ്മിന്‍സ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ 80 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്ക് വീണു. പരാജയപ്പെട്ടെങ്കിലും ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച ശ്രീലങ്കന്‍ താരം കമിന്ദു മെന്‍ഡിസ് ആരാധകരെ ഞെട്ടിച്ചു. രണ്ടുകൈകള്‍ കൊണ്ടും പന്തെറിഞ്ഞാണ് താരം അരങ്ങേറ്റത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയത്.
കെകെആര്‍ ഇന്നിങ്‌സിലെ 13-ാം ഓവറിലാണ് സംഭവം. അംഗ്ക്രിഷ് രഘുവംശിയാണ് ആ സമയത്ത് ക്രീസിലുണ്ടായിരുന്നത്. രഘുവംശിക്കെതിരേ ഇടംകൈ ഉപയോഗിച്ചാണ് സ്പിന്‍ ബൗളര്‍ പന്തെറിഞ്ഞത്. ആദ്യ പന്തില്‍ സിംഗിളെടുത്ത താരം അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ അടുത്ത പന്തില്‍ മെന്‍ഡിസ് വെങ്കിടേഷ് അയ്യര്‍ക്കെതിരേ വലം കൈകൊണ്ടാണ് പന്തെറിഞ്ഞത്. ഇത് കളി കാണുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തി. നാലാം പന്തില്‍ രഘുവംശിയുടെ വിക്കറ്റ് പിഴുതാണ് താരം മടങ്ങിയത്.
13-ാം ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത കമിന്ദു ഒരു വിക്കറ്റ് നേടി. എന്നാല്‍ പിന്നീട് താരം പന്തെറിഞ്ഞില്ല. മത്സരത്തില്‍ രണ്ടാമതൊരു ഓവര്‍ കൂടി താരത്തിന് നല്‍കാമായിരുന്നു എന്നാണ് ആരാധകപക്ഷം. പിന്നീട് പന്തെറിയാന്‍ അവസരം നല്‍കാത്ത ഹൈദരാബാദ് നായകന്‍ കമ്മിന്‍സിന്റെ തീരുമാനം തെറ്റായിപ്പോയെന്നും ചിലര്‍ വാദിക്കുന്നു.
മെന്‍ഡിസിന്റെ ഓവര്‍ കഴിയുമ്പോള്‍ 13-ഓവറില്‍ 108-4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. പിന്നീടുള്ള ഏഴോവറില്‍ 92 റണ്‍സ് അടിച്ചെടുത്ത കൊല്‍ക്കത്ത സ്‌കോര്‍ 200-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 120 റണ്‍സിന് ഓള്‍ഔട്ടായി.
Content Highlights: kamindu mendis debut srh vs kkr ipl 2025