ബാറ്റിങ്ങിനിറങ്ങാന്‍ ഒരുങ്ങുംമുന്‍പ് ബ്ലാങ്കറ്റ് പുതച്ച് സുഖമായുറങ്ങി ആര്‍ച്ചര്‍; ദൃശ്യം വൈറല്‍

ന്യൂഡൽഹി: ഐപിഎല്‍ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും നിറംകെട്ട പ്രകടനമായിരുന്നു ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറിന്‍റേത്. ഒരുവിക്കറ്റുപോലും നേടാനാവാതെ 109 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ വലിയ വിമര്‍ശനത്തിന് പാത്രമായി. പക്ഷേ, സഞ്ജു സാംസണ്‍ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആര്‍ച്ചര്‍ എതിര്‍ത്തുപറഞ്ഞവരെയെല്ലാം കൈയടിപ്പിച്ചു. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടി താരം രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി.
മത്സരത്തിനിടെയുള്ള കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാനാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയിരുന്നത്. 14-ാം ഓവറിനിടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രസ്സിങ് റൂമില്‍ ബ്ലാങ്കറ്റ് പുതച്ച് ജോഫ്ര ആര്‍ച്ചര്‍ ഉറങ്ങുന്നത് ക്യാമറ ഒപ്പിയെടുത്തു. പിന്നീട് ആര്‍ച്ചര്‍ ബാറ്റിങ്ങിനിറങ്ങുന്നതിനുവേണ്ടി ഹെല്‍മറ്റും ഗ്ലൗസും ധരിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റേ വീണിരുന്നുള്ളൂ എന്നതിനാല്‍ ആര്‍ച്ചറിന് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നില്ല.
മത്സരത്തില്‍ 50 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ്, ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സേ നേടിയുള്ളൂ. 45 പന്തില്‍ 67 റണ്‍സ് നേടി യശസ്വി ജയ്‌സ്വാള്‍ ആണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരംകൂടിയായിരുന്നു ഇത്. ഒന്നാംവിക്കറ്റില്‍ സഞ്ജുവും ജയ്‌സ്വാളും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.