വിൽ ജാക്സ് മികവിൽ മുംബൈ; സൺറൈസേഴ്സിനെതിരേ നാലുവിക്കറ്റ് ജയം

Photo | AFP
Photo | AFP

മുംബൈ: വാംഖഡെയിലെ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിന്റെ ഓള്‍റൗണ്ടിങ് മികവാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്തുകൾ ശേഷിക്കേ ലക്ഷ്യം മറികടന്നു. സ്കോർ: 166/ 6

മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും 26 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 36 റണ്‍സും നേടിയ വില്‍ ജാക്‌സാണ് വാംഖഡെയിലെ വ്യാഴാഴ്ചത്തെ താരം. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണ്‍ (23 പന്തില്‍ 31), രോഹിത് ശര്‍മ (16 പന്തില്‍ 26), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26), തിലക് വര്‍മ (21), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (എട്ടുപന്തിൽ 21) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് 26 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടി. 

ജയിക്കാൻ രണ്ടുറൺസ് ബാക്കിനിൽക്കേ 18-ാം ഓവറിൽ മുംബൈ രണ്ട് വിക്കറ്റുകൾ കളഞ്ഞു. സിക്സടിച്ച് ടീമിനെ ജയിപ്പിക്കാൻ ശ്രമിച്ച ഹാർദിക്, ബൗണ്ടറി ലൈനിനരികേ ഇഷാൻ കിഷന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെയെത്തിയ നമൻ ധിർ, രണ്ടു പന്തുകൾ നേരിട്ട് റണ്ണെടുക്കാനാവാതെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇഷാൻ മലിംഗയ്ക്കാണ് വിക്കറ്റുകൾ രണ്ടും. ഒടുക്കം 19-ാം ഓവറിലെ ആദ്യ പന്തിൽ തിലക് വർമ ബൗണ്ടറിയടിച്ച് ടീമിനെ ജയിപ്പിച്ചു. 

ഈർപ്പമുള്ള ഗ്രൗണ്ടില്‍ ആദ്യഘട്ടത്തിൽ റൺസ് നേടാൻ ഹൈദരാബാദ് നന്നായി വിയർത്തു. എങ്കിലും അഭിഷേക് ശര്‍മ സ്വതസിദ്ധമായ ശൈലിതന്നെ സ്വീകരിച്ചു. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസനും അങ്കിത് വര്‍മയും മികച്ച പ്രകടനം നടത്തി.28 പന്തില്‍ ഏഴ് ഫോറുമായി 40 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്റിച്ച് ക്ലാസൻറെയും (28 പന്തിൽ 37 റൺസ്) ഇന്നിങ്സുകൾ വേറിട്ടുനിന്നു. 

ഓപ്പണിങ് വിക്കറ്റില്‍ ട്രാവിസ് ഹെഡും അഭിഷേകും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടാം ഓവറില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. അഭിഷേകാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ട്രാവിസ് ഹെഡിനെ (29 പന്തില്‍ 28) വില്‍ ജാക്‌സ് സാന്റ്‌നറുടെ കൈകളിലേക്കെത്തിച്ചു.

ആദ്യ മത്സരത്തിലെ സെഞ്ചുറി ഒഴിച്ചാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും നിറംമങ്ങിയ ഇഷാന്‍ കിഷനെയും (2) വില്‍ ജാക്‌സ് തന്നെ മടക്കി. നിതീഷ് കുമാര്‍ റെഡ്ഢി (19), അങ്കിത് വര്‍മ (എട്ട് പന്തിൽ 18), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (8) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. മുംബൈക്കായി ജാക്‌സ് രണ്ടും ഹാര്‍ദിക്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
 

Content Highlights: ipl sunrisers hyderabad vs mumbai indians match