'ലണ്ടനിലെ കറുത്ത ടാക്‌സി'; ആര്‍ച്ചറിനെതിരെ വംശീയാധിക്ഷേപമെന്ന് ആരോപണം, ഹര്‍ഭജന്‍ സിങ് വിവാദത്തില്‍

ഹർഭജൻ സിങ്, ജോഫ്ര ആർച്ചർ | ചിത്രങ്ങൾ: അസോസിയേറ്റഡ് പ്രസ്
ഹർഭജൻ സിങ്, ജോഫ്ര ആർച്ചർ | ചിത്രങ്ങൾ: അസോസിയേറ്റഡ് പ്രസ്

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ ഗുരുതരമായ വംശീയാധിക്ഷേപ ആരോപണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തിന്റെ കമന്ററിക്കിടെ ഹര്‍ഭജന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഹര്‍ഭജന്‍ സിങ് മാപ്പ് പറയണമെന്നും ഹര്‍ഭജനെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നുമുള്‍പ്പെടെ ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. 

കഴിഞ്ഞ ദിവസം നടന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. 'ലണ്ടനിലെ കറുത്ത ടാക്‌സി' എന്ന പരാമര്‍ശമാണ് വിവാദമായത്. 

'ലണ്ടനിലെ കറുത്ത ടാക്‌സികളുടെ മീറ്റര്‍ പോലെ ആര്‍ച്ചറിന്റെ മീറ്ററും ഉയര്‍ന്നിരിക്കുകയാണ്' എന്നായിരുന്നു ഹര്‍ഭജന്‍ സിങ് കമന്ററിക്കിടെ പറഞ്ഞത്. പരാമര്‍ശം വിവാദമാകുകയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയും ചെയ്‌തെങ്കിലും ഹര്‍ഭജന്‍ സിങ് ഇതുവരെ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. 

മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് തകര്‍ത്തിരുന്നു. 287 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20-ഓവറില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ ആയുള്ളൂ. 

മത്സരത്തില്‍ മോശം പ്രകടനമായിരുന്നു ജോഫ്ര ആര്‍ച്ചര്‍ കാഴ്ചവെച്ചത്. നാലോവറില്‍ ഒരു വിക്കറ്റ് പോലുമെടുക്കാതെ 76 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. ഇതോടെ ഐപിഎല്ലില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി ആര്‍ച്ചര്‍ മാറി. ആദ്യ ഓവറില്‍ തന്നെ താരം 23 റണ്‍സ് വഴങ്ങി. ഓവറില്‍ ട്രാവിസ് ഹെഡ് നാല് ഫോറും ഒരു സിക്സറുമടിച്ചു. രണ്ടാം ഓവറില്‍ 12 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ ആര്‍ച്ചറിനെ ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തു.

ഐപിഎല്ലില്‍ ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത് മോഹിത് ശര്‍മയായിരുന്നു. 2024-ല്‍ ഡല്‍ഹിക്കെതിരേ ഗുജറാത്ത് താരമായിരുന്ന മോഹിത് 73 റണ്‍സ് വഴങ്ങി. ഹൈദരാബാദിന്റെ വെടിക്കെട്ടില്‍ ഈ നാണക്കേടിന്റെ റെക്കോഡ് ആര്‍ച്ചറിന്റെ പേരിലായി.

Content Highlights: IPL 2025: Harbhajan Singh Triggers Big Controversy With 'Racist' Remark On Jofra Archer