IPL സ്‌റ്റേഡിയങ്ങള്‍ക്കുനേരെ പരക്കെ ബോംബ് ഭീഷണി; പോലീസ് അന്വേഷണം തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിനുനേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) ഇ-മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിനുനേരെയും വ്യാജ ബോംബ് ഭീഷണിസന്ദേശം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ഡിഡിസിഎ യുടെ ഇ-മെയിലില്‍ വന്ന ഭീഷണിസന്ദേശം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിക്കുകയും ബോംബ് സ്‌ക്വാഡടക്കം സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഒന്നും കണ്ടെത്താനായില്ലെന്ന് ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ പിടിഐയോട് പ്രതികരിച്ചു.
ഐപിഎല്‍ വേദിയായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിനുനേരെ വ്യാഴാഴ്ചയാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഇ-മെയിലിലും ബോംബ്ഭീഷണി സന്ദേശമെത്തിയിരുന്നു.
ഐപിഎല്‍ വേദി കൂടിയാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം. ഐപിഎല്ലില്‍ മേയ് 11-ന് ഡല്‍ഹി-ഗുജറാത്ത് മത്സരം ഇവിടെയാണ് നടക്കേണ്ടിയിരുന്നത്. അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കാൻ ബിസിസിഐ തീരുമാനമെടുത്തിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങളുടെ പുതിയ സമയക്രമങ്ങളും വേദികളും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. താരങ്ങളുടെ സുരക്ഷയെ കരുതിയാണ് തീരുമാനം.
Content Highlights: Arun Jaitley Stadium Receives Bomb Threat ipl 2025