ലേലത്തില്‍ പഞ്ചാബിന് സംഭവിച്ചത് വമ്പന്‍ അബദ്ധം; ആളുമാറി ടീമിലെടുത്തത് മറ്റൊരു താരത്തെ

ദുബായ്: ഡിസംബര്‍ 19-ന് നടന്ന ഐപിഎല്‍ മിനി ലേലത്തില്‍ ആളുമാറി മറ്റൊരു താരത്തെ ടീമിലെടുത്ത് പഞ്ചാബ് കിങ്‌സ്. സംഭവിച്ച അബദ്ധം മനസിലാക്കി ഈ ലേലം പിന്‍വലിക്കണമെന്ന് ടീം ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗര്‍ അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ അബദ്ധത്തില്‍ വിളിച്ചെടുത്ത താരത്തെ പഞ്ചാബിന് ടീം പട്ടികയില്‍ ചേര്‍ക്കേണ്ടിവന്നു.
ഛത്തീസ്ഗഡ് താരം ശശാങ്ക് സിങ്ങാണ് ഇത്തരത്തില്‍ അബദ്ധത്തില്‍ പഞ്ചാബ് ടീമിലെത്തിയത്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരന്‍. ഓള്‍റൗണ്ടര്‍ ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായിരുന്നു പഞ്ചാബ് ടീം ഉടമകളുടെ പദ്ധതി. എന്നാല്‍ ലേല ഹാളില്‍ ശശാങ്ക് സിങ് എന്ന പേരുകേട്ടതോടെ പഞ്ചാബ് ഉടമ പ്രീതി സിന്റ മറ്റൊന്നും ആലോചിക്കാതെ ലേലം വിളിക്കുകയായിരുന്നു. മറ്റ് ടീമുകളൊന്നും വിളിക്കാതിരുന്നതോടെ ശശാങ്ക് അടിസ്ഥാനവിലയായ 20 ലക്ഷത്തിന് പഞ്ചാബിന്റെ ഭാഗമായി. പിന്നീടാണ് 32-കാരനായ ഛത്തീസ്ഗഡ് താരം ശശാങ്കിനെയാണ് തങ്ങള്‍ വിളിച്ചെടുത്തതെന്ന് ടീം ഉടമകളായ നെസ് വാഡിയയും പ്രീതി സിന്റയും തിരിച്ചറിയുന്നത്.
ഇതോടെ സംഭവിച്ച അബദ്ധം ഇവര്‍ മല്ലിക സാഗറിനെ അറിയിച്ചു. എന്നാല്‍ ലേല നടപടികള്‍ പൂര്‍ത്തിയായെന്നും മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു മല്ലികയുടെ മറുപടി. ഇതോടെ താരത്തെ പഞ്ചാബിന് ടീം പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. അതേസമയം പഞ്ചാബ് വാങ്ങിയ ശശാങ്ക് സിങ് നേരത്തേ ഹൈദരാബാദ്, മുംബൈ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു.
പിന്നാലെ തന്നെ ടീമിലെടുത്തതില്‍ നന്ദിയറിയിച്ചുകൊണ്ടുള്ള ശശാങ്കിന്റെ വീഡിയോയും പഞ്ചാബ് പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ കഴിവില്‍ വിശ്വസിച്ച പഞ്ചാബ് മാനേജ്മെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ശശാങ്ക് വീഡിയോയില്‍ പറയുന്നുണ്ട്.
Content Highlights: IPL 2024 Auction Punjab Kings Bought Wrong Player