വെള്ളപ്പൊക്ക കാലത്ത് വീട്ടിലെത്തി വാക്സിൻ നൽകിയവർ; കോവിഡിനെ സൂചിയാൽ തോൽപ്പിച്ചവർ...

കോട്ടയം: കോവിഡ് വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാൻ പതിനെട്ടടവും പയറ്റിയ ഒരു മാലാഖക്കൂട്ടമുണ്ട് കോട്ടയം ജനറൽ ആശുപത്രിയിൽ. ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സുമാർ. മാവേലിയുടെ വേഷം കെട്ടിയും വെള്ളപ്പൊക്ക മേഖലയിൽ നീന്തിയുമൊക്കെ അവർ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാൻ ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു. ഇതിനോടകം ഇവർ നൽകിയ വാക്സിൻ ഡോസിന്റെ എണ്ണം ഒന്നരലക്ഷത്തിലേക്ക് എത്തുന്നു. അതിൽ 60,000 േഡാസ് എടുത്തതിനുള്ള വ്യക്തിഗത അംഗീകാരം നേടിയത് ഇവർക്കൊപ്പമുള്ള ഇ.ആർ.സ്മിതയാണ്.
അത് കൊണ്ട് തന്നെ ലോക നേഴ്സസ് ദിനം എത്തുമ്പോൾ ഈ നേഴ്സുമാർക്ക് അഭിമാനിക്കാം.
ജില്ലയിൽ ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ നേട്ടം ഈ സംഘത്തിന് സ്വന്തം. ‘അക്കാര്യത്തിൽ അവർ ഓരോത്തരും മുന്നിൽ നിന്ന് പ്രവർത്തിച്ചതാണ് നേട്ടമായത്.
ഓണക്കാലത്ത് അവരിലൊരാൾ മാവേലി വേഷക്കാരനെ കടമെടുത്ത് ഊര് ചുറ്റി വാക്സിനേഷൻ നടത്തി.
എന്നിട്ട് വീടുകൾ കയറിയിറങ്ങി വാക്സിൻ എടുത്തു.’ ഇവർക്ക് നേതൃത്വം നൽകുന്ന പി.പി.യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. ലിന്റോ ലാസർ പറയുന്നു.
പുറപ്പെടാശാന്തിക്ക് വീട്ടിൽ പോയി വാക്സിൻ എടുത്തു. അത്രയും താത്‌പര്യത്തോടെ ജോലിയിൽ മികവ് കാണിക്കുന്ന സംഘത്തിന് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനുള്ള അവസരം തുറന്ന് നൽകുകയായിരുന്നു മേധാവികൾ.
കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ എടുക്കണമെന്ന നിയമം എത്തും മുമ്പേ അക്കാര്യത്തിലും ഇവർ തുടക്കമിട്ടു. ‘വെള്ളപ്പൊക്കം വന്നപ്പോൾ നഗരത്തിലെ സ്കൂളിൽ ദിനംപ്രതി 1000 പേർക്ക് വാക്സിൻ എടുക്കുന്നുണ്ട്.
വെള്ളം പൊങ്ങിയ സ്ഥലത്ത് ആൾക്കാർക്ക് അടുത്തൊരു കേന്ദ്രത്തിൽ പോലും പോകാൻ പറ്റുന്ന സാഹചര്യമില്ല.
അപ്പോൾ ഞങ്ങൾ കിറ്റുമായി അങ്ങോട്ട് പോയി വാക്സിൻ എടുത്തു’ സംഘാംഗങ്ങൾ പറയുന്നു.
പബ്ളിക് ഹെൽത്ത് നേഴ്സ് കെ.ജി.മോളമ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസ്, ഇ.ആർ.സ്മിത, അർബൻ പി.എച്ച്.സി.യിലെ എസ്.സീമാ ദേവി, എസ്.സജിത, എ.ബി.മിനി, ബി.ആർ.ഗിരിജമ്മ, വി.പി. ശ്രീജമ്മ, ഷൈനി അലക്സാണ്ടർ, പി.ജ്യോതിലക്ഷ്മി, രാഷ്്ട്രീയ ബാൽ സ്വസ്ത് കാര്യകർമ് വിഭാഗത്തിലുള്ള വൈഷ്ണവി ബാബു, രാജലക്ഷ്മി, ആർ.അജിത, വി.എസ്.ദിലിമോൾ, മിഡ് ലെവൽ സർവീസ് െപ്രാവൈഡേഴ്സുമാരായ സുമി സുധൻ, കവിത വി.സോമൻ, അംഷജ രാജൻ, ഡാറ്റാ എൻട്രി ഓപ്പറേറ്ററായ അനുമോൾ എന്നിവർ അടങ്ങുന്ന സംഘമാണ് ഈ വാക്സിൻ മഹോത്സത്തിന് ചുക്കാൻ പിടിച്ചത്.
ഈ സംഘത്തിന്റെ മുൻകരുതൽ വാക്സിനേഷൻ ഡോസ് ഒന്നുപോലും പാഴാക്കാതെയിരിക്കാനും സഹായകമായി. മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തി. കുത്തിവെയ്പെടുക്കാൻ വരാനുള്ളവരെ തലേന്ന് വിളിച്ച് വരുന്നുവോ എന്ന് ഉറപ്പാക്കും. വാക്സിൻ എടുക്കാൻ ഭയക്കുന്നവർക്ക് സ്നേഹമായും താങ്ങായും അവർ നിന്നു.
‘നിങ്ങൾ കുത്തിവെപ്പ് എടുക്കമ്പോൾ പേടി തോന്നിയില്ല’-ചിലർ പറഞ്ഞ വാക്കുകൾ. അത് അവർക്ക് കിട്ടിയ അഭിനന്ദനമാണ്.
Content Highlights: junior public health nurses of kottayam general hospital, covid vaccine, international nurses day